ADVERTISEMENT

ഫ്ലോറൻസ് (ഇറ്റലി)∙ സംഗീത നൃത്തശിൽപമായ ഓപെറകളിലൂടെയും ഷെയ്ക്സ്പിയർ നാടകങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങളിലൂടെയും ലോകപ്രേക്ഷകരുടെ ഹൃദയം കവർന്ന ഇറ്റാലിയൻ ഇതിഹാസം ഫ്രാങ്കോ സെഫിറെല്ലി(96)ക്കു വിട.

എലിസബത്ത് ടെയ്‌ലറും റിച്ചഡ് ബെർടനും ഉൾപ്പെടെ താരനിരയുമായി ദ് ടെയ്മിങ് ഓഫ് ദ് ഷ്രൂ (1967) ആണ് ആദ്യ സിനിമ. തുടർന്നു സംവിധാനം ചെയ്ത റോമിയോ ആൻഡ് ജൂലിയറ്റി (1968) ലെ നായികാകഥാപാത്രമായി അന്നു 15 വയസ്സു മാത്രം പ്രായമുള്ള ഒലിവിയ ഹസി അഭിനയിച്ചത് നഗ്നരംഗമുൾപ്പെട്ടതിനാൽ വിവാദമായിരുന്നു. റോമിയോ ആൻഡ് ജൂലിയറ്റ് നാടകം സംവിധാനം ചെയ്തപ്പോൾ ജൂഡി ഡെഞ്ചാണ് അരങ്ങിലെത്തിയത്. ഹാംലറ്റ് ചലച്ചിത്രാവിഷ്കാരത്തിൽ മെൽ ഗിബ്സൻ വേഷമിട്ടു.

ഒരു മൊസാർട് ഓപെറയിൽനിന്നു പ്രചോദനമുൾക്കൊണ്ട് അമ്മ നൽകിയ സെഫിറെറ്റി (ഇളംകാറ്റ് എന്നർഥം)എന്ന പേര് സ്കൂൾ അധികൃതർ തെറ്റിച്ചെഴുതി സെഫിറെല്ലി എന്നാക്കിയതും ആ കുട്ടി പിൽക്കാലത്ത് ഓപെറ സംവിധായകൻ തന്നെയായി മാറിയതുമുൾപ്പെടെ നാടകീയ വഴിത്തിരിവുകളാണു സെഫിറെല്ലിയുടെ ജീവിതം. 1923 ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ജനനം. ആർക്കിടെക്ട് പഠനത്തിനിടെ രണ്ടാം ലോകയുദ്ധം. സഖ്യസേന ഇറ്റലി കീഴടക്കിയതിനുശേഷം ബ്രിട്ടിഷ് സേനയ്ക്കായി ദ്വിഭാഷിയാകേണ്ടി വന്നു. പിന്നീട് ആർക്കിടെക്ചർ പഠനത്തിലേക്കു തിരിച്ചുപോയെങ്കിലും ലോറൻസ് ഒലിവിയെറുടെ ‘ഹെൻറി അഞ്ചാമൻ’ സിനിമ കണ്ടതോടെ ആർക്കിടെക്ചർ പഠനം വിട്ടു നാടകത്തിലേക്കും സിനിമയിലേക്കും തിരിഞ്ഞു.

മാർപാപ്പയുടെ നിർദേശപ്രകാരം 1970ൽ ബീഥോവന്റെ 200ാം ജന്മശതാബ്ദി വേളയിൽ മിസ്സ സോളെമ്നിസ് എന്ന നൃത്തശിൽപമൊരുക്കിയിരുന്നു. സിൽവിയോ ബെർലുസ്കോണിയുടെ വലതുപക്ഷ ചിന്താഗതിയുള്ള ഫോർസാ ഇറ്റാലിയ പാർട്ടിയുടെ പ്രതിനിധിയായി രണ്ടു തവണ ഇറ്റാലിയൻ സെനറ്റിൽ അംഗവുമായിരുന്നു സെഫിറെല്ലി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com