ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട ബോറിസ് ജോൺസൻ (55) ഇന്നു പ്രധാനമന്ത്രിയായി അധികാരമേൽക്കും. യൂറോപ്യൻ യൂണിയനിൽ നിന്നു കരാറില്ലെങ്കിലും 3 മാസത്തിനകം വിട്ടുപോരുമെന്ന് വാഗ്ദാനം ചെയ്താണു മുൻ വിദേശകാര്യ മന്ത്രിയും ലണ്ടൻ മുൻ മേയറുമായ ബോറിസ് ജോൺസൻ അധികാരമേൽക്കുന്നത്. 

ബ്രെക്സിറ്റ് വിഷയത്തിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ തെരേസ മേയ്ക്കു കഴിയാതെ വന്നതോടെയാണു പുതിയ നേതാവിനെ കണ്ടെത്താൻ ഭരണകക്ഷി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പു നടത്തിയത്. വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും ബോറിസ് ജോൺസനും തമ്മിലായിരുന്നു പോരാട്ടം. പ്രധാനമന്ത്രി തെരേസ മേ ഇന്നു പാർലമെന്റിൽ വിടവാങ്ങൽ പ്രസംഗം നടത്തും. അതിനു ശേഷമായിരിക്കും രാജിക്കത്തു കൈമാറാൻ ബെക്കിങ്ങാം കൊട്ടാരത്തിലേക്കു പുറപ്പെടുക. രാജി സ്വീകരിച്ചാലുടൻ എലിസബത്ത് രാജ്ഞി പുതിയ കക്ഷിനേതാവിനെ പ്രധാനമന്ത്രിയാകാൻ ക്ഷണിക്കും. വൈകിട്ടോടെ പുതിയ പ്രധാനമന്ത്രിയുടെ ആദ്യപ്രസംഗം ഡോണിങ് സ്ട്രീറ്റ് പടവുകളിൽ നടക്കും. നാളെ രാവിലെയാകും ആദ്യ മന്ത്രിസഭാ യോഗം. യൂറോപ്യൻ യൂണിയൻ വിട്ടുപോരാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. 

159,320 കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ വാദിയായ ബോറിസ് ജോൺസനു ഹണ്ടിനേക്കാൾ ഇരട്ടിയിലേറെ വോട്ടുകൾ (92,153) ലഭിച്ചു. ഹണ്ടിനു 46,650 വോട്ടുകളും. 87.4 % അംഗങ്ങൾ വോട്ട് ചെയ്തു. യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നതു സംബന്ധിച്ച് 2016 ൽ നടത്തിയ ഹിതപരിശോധയിൽ ബ്രെക്സിറ്റ് അനുകൂല പ്രചാരണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ബോറിസ് ജോൺസൻ കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ടിരുന്നു. ഹിതപരിശോധനയിൽ 52% ബ്രെക്സിറ്റിനെ അനുകൂലിച്ചുവെങ്കിലും ജനങ്ങൾക്കിടയിൽ ഭിന്നത തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com