ADVERTISEMENT

ടെഹ്റാൻ ∙ സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിൽ നിന്ന് 100 കിലോമീറ്റർ അകലെ ചെങ്കടലിൽ ഇറാൻ എണ്ണക്കപ്പലിനു നേരെയുണ്ടായ മിസൈൽ ആക്രമണം മേഖലയിൽ വീണ്ടും പരിഭ്രാന്തി പരത്തി. 2 മിസൈലുകളേറ്റ് ടാങ്ക് തകർന്നതിനെത്തുടർന്ന് കടലിലേക്ക് എണ്ണ ചോർന്നു. കപ്പൽ സുരക്ഷിതമാണെന്നും ചോർച്ച പരിഹരിച്ചു വരികയാണെന്നും ഇറാൻ വ്യക്തമാക്കിയെങ്കിലും ആഗോള വിപണിയിൽ എണ്ണവില 2 % ഉയർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇറാനിലെ ലാറക് തുറമുഖത്തേക്കു വരുമ്പോഴാണ് നാഷനൽ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘സാബിത്തി’ ആക്രമിക്കപ്പെട്ടത്. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പിന്നീട് ഇറാന്റെ ഔദ്യോഗിക മാധ്യമം വെളിപ്പെടുത്തി. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്. കപ്പലിനു തീ പിടിച്ചിട്ടില്ലെന്ന് ടാങ്കർ കമ്പനി (എ‍ൻഐടിസി) പ്രതികരിച്ചതും ആക്രമിക്കപ്പെട്ട കപ്പൽ ഏതെന്നു സ്ഥിരീകരണം ലഭിക്കാഞ്ഞതും തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടാക്കി.

സൗദിയിലെ അരാംകോ എണ്ണശാലയ്ക്കുനേരെ ആക്രമണമുണ്ടായി ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ ഉണ്ടായ പുതിയ സംഭവം മേഖലയിൽ പൊതുവേ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മുൻ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഇപ്പോഴത്തെ ആക്രമണത്തെപ്പറ്റി സൗദിയോ ഈ മേഖലയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽവ്യൂഹമോ പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ മഹാസമുദ്രത്തെ സൂയസ് കനാൽ വഴി മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്നതാണ് ചെങ്കടൽ. കടുത്ത ശത്രുക്കളായ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം വർധിച്ചിട്ടും മേഖലയിൽ ചരക്കുനീക്കത്തിന് ഇതുവരെ കാര്യമായ തടസ്സമില്ലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com