ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുളള ‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു ‘സൂപ്പർ സാറ്റർഡേ’ പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം പാസാക്കി. ഇന്നലെ രാത്രി 11നു മുൻപു കരാറിൽ തീരുമാനമായില്ലെങ്കിൽ 3 മാസം കൂടി കാലാവധി നീട്ടിത്തരാൻ അഭ്യർഥിച്ച് യൂറോപ്യൻ യൂണിയനു (ഇയു) കത്തെഴുതണമെന്ന ബെൻ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് എംപിമാരുടെ നടപടി. 

പ്രധാനമന്ത്രി ബോറിസ് ജോൺസൻ കത്തയയ്ക്കാമെന്നു സമ്മതിച്ചതായി ഇയു നേതാക്കൾ വെളിപ്പെടുത്തിയെങ്കിലും ആ സമയമത്രയും ബ്രിട്ടിഷ് സർക്കാർ പ്രതികരിക്കാതെ മൗനം പാലിച്ചു. ആവശ്യപ്പെട്ടാൽ കാലാവധി നീട്ടിത്തരാമെന്നു നേരത്തേ തന്നെ പറഞ്ഞ ഇയു, ചർച്ചകൾക്കുശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതികരണം അറിയിക്കാമെന്നാണു സൂചിപ്പിച്ചിരിക്കുന്നത്. 

നിയമപ്രകാരമുള്ള കത്തെഴുതില്ലെന്നും 31നുതന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നുമായിരുന്നു പാർലമെന്റിലെ തിരിച്ചടിക്കു ശേഷവും ജോൺസൻ ആദ്യം ആവർത്തിച്ചത്. 

ഇന്നലത്തെ സമ്മേളനത്തിൽ ബ്രെക്സിറ്റ് കരാർ വോട്ടെടുപ്പിനു പകരമാണു നേരത്തെ പാർലമെന്റ് അംഗീകരിച്ച ബെൻ ആക്ട് അനുസരിച്ചു ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസ്സാക്കിയത്. കൺസർവേറ്റിവ് എംപി ഒലിവർ ലെറ്റ്‍വിൻ കൊണ്ടുവന്ന പ്രമേയം 306 നെതിരെ 322 വോട്ടിന് പാസാക്കി. കാലാവധി നീട്ടാൻ ആവശ്യപ്പെട്ട ശേഷം മാത്രം പുതിയ കരാർ പരിഗണിച്ചാൽ മതിയെന്ന ലെറ്റ്‍വിന്റെ നിലപാട് ജോൺസന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com