ADVERTISEMENT

ഏറെ നാളായി പരീക്ഷിച്ച പുതുമകളെല്ലാം ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു. ഐഒഎസ് (ഐഫോൺ) പതിപ്പിൽ കോൾ വെയ്റ്റിങ്ങും ബ്രെയ്‍ലി കീബോർഡും അവതരിപ്പിച്ച ശേഷം വാട്സാപ് ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പൊതുവായി അവതരിപ്പിക്കുന്ന മാറ്റങ്ങളാണിവ. 

ഡാർക് മോഡ്

ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും. 

ഡിലീറ്റ് മെസേജ്

ചില മെസേജുകൾ അയച്ച ശേഷം ‘അതങ്ങു വേഗം ഡിലീറ്റ് ചെയ്തേക്കണം’ എന്നു പറയുന്ന സംവിധാനം തന്നെയാണിത്. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോൾ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോൾ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂർ, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈർഘ്യം ക്രമീകരിക്കാം. ‘ആയുസ്സെത്തു’മ്പോൾ അങ്ങനൊരു മെസേജ് അവിടുണ്ടായിരുന്നു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കാതെ മാഞ്ഞുപോകും. സ്നാപ്ചാറ്റിലും ടെലിഗ്രാമിലുമൊക്കെയുള്ള സ്വയം ഡിലീറ്റ് ആവുന്ന മെസേജ് തന്നെയാണിത്.

മൾട്ടി ഡിവൈസ് സപ്പോർട്ട്

ഒരേ ഫെയ്സ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒരേ വാട്സാപ് അക്കൗണ്ട് പല ഉപകരണങ്ങളിൽ ഉപയോഗിക്കാം. ഒരു നമ്പറിൽ ഒറ്റ വാട്സാപ് എന്ന പ്രശ്നത്തിനു പരിഹാരം.

മ്യൂട് ചെയ്ത സ്റ്റേറ്റസുകൾക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റേറ്റസ് ടാബും ക്യുആർ കോഡ് സ്കാൻ ചെയ്ത് കോൺടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉൾപ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകളുണ്ട്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കു നിലവിൽ ലഭ്യമായ ഈ സംവിധാനങ്ങൾ വാട്സാപ് അപ്ഡേറ്റ് വഴി വരും ദിവസങ്ങളിൽ എല്ലാവർക്കും ലഭിക്കും.

English Summary: New whatsapp version in next update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com