ADVERTISEMENT

നിസാൻ കമ്പനിയുടെ മുൻ മേധാവി, അഴിമതിക്കേസിൽ പിടിയിലായ കാർലോസ് ഘോൻ സുരക്ഷാ ഏജൻസികളുടെ കണ്ണു വെട്ടിച്ചു ലെബനനിലേക്കു കടന്നുകളഞ്ഞത് ജപ്പാനു നാണക്കേടായി. സിനിമകളെ വെല്ലുന്നതായി ഘോനിന്റെ പലായനം. 

100 ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി പൊലീസ് കാവലിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ കാർലോസ് ഘോൻ, 2 വിമാനങ്ങൾ കയറിയാണ് ലെബനനിൽ എത്തിയത്. ഡിസംബർ 29 നു രാത്രി 11 ന് ഫ്രഞ്ച് പാസ്പോർട്ട് ഉപയോഗിച്ച് സ്വകാര്യ ജെറ്റിൽ ജപ്പാനിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂളിലെത്തിയ അദ്ദേഹം, അവിടെ നിന്നു മറ്റൊരു വിമാനത്തിലാണ് ലെബനനിൽ അഭയം തേടിയത്. ജപ്പാന്റെയും തുർക്കിയുടെയും സുരക്ഷാ കണ്ണുകൾക്ക് ഘോനിന്റെ പൊടി പോലും കാണാൻ കഴിഞ്ഞില്ല. ലെബനനിൽ വൻനിക്ഷേപമുള്ള അദ്ദേഹത്തെ പ്രസിഡന്റ് മൈക്കൽ ഔൻ നേരിട്ടു സ്വീകരിച്ചതായാണു വിവരം. 

നികുതി വെട്ടിപ്പും ധനാപഹരണവും ആരോപിച്ച് 2018 ലാണ് ഘോൻ അറസ്റ്റിലായത്. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും താൻ തെറ്റു ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവർത്തിക്കുന്നു. പെട്ടിയിൽ ഒളിച്ചിരുന്നാണു ഘോൻ ജപ്പാനിൽ നിന്നു കടന്നതെന്നുള്ള റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഭാര്യ കാരൾ പറഞ്ഞു. ലെബനനിലെ വീട്ടിൽ ഭാര്യയുമൊത്ത് അദ്ദേഹം പുതുവർഷം ആഘോഷിക്കുന്നതിന്റെ ചിത്രം പുറത്തു വന്നു. 

എന്തിന്  രക്ഷപ്പെട്ടു?

വിചാരണ അനന്തമായി നീണ്ടു പോകുന്നതു ഘോനിനെ അസ്വസ്ഥനാക്കി. അന്വേഷണത്തോടു സഹകരിച്ചിരുന്ന അദ്ദേഹത്തെ ഭാര്യയെ കാണുന്നതിൽ നിന്നുപോലും വിലക്കി. ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ നിഷേധിച്ചു. യുഎസിൽ കഴിയുന്ന മകളെയും മകനെയും ജപ്പാൻ അധികൃതർ ചോദ്യം ചെയ്തതു ഘോനിനെ ഒളിച്ചോടാൻ പ്രേരിപ്പിച്ചു. 

വിവാദങ്ങളെന്തൊക്കെ?

ജപ്പാൻ, തുർക്കി എന്നീ രാജ്യങ്ങൾ കടന്ന് ലെബനനിലെത്താൻ ഘോനിനു ഒറ്റയ്ക്കു കഴിയില്ല. അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിച്ചിരിക്കുമെന്ന് ഉറപ്പാണ്. 4 പൈലറ്റുമാർ ഉൾപ്പെടെ 7 പേരെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. 

പാസ്പോർട്ടാണു താരം

ഘോനിനു ജപ്പാൻ, ഫ്രാൻസ്, ബ്രസീൽ, ലെബനൻ എന്നീ രാജ്യങ്ങളിൽ പൗരത്വമുണ്ട്. ഇവ ജപ്പാനിൽ പിടിച്ചു വച്ചിരുന്നെങ്കിലും ഫ്രഞ്ച് പാസ്പോർട്ട് പിന്നീട് വിട്ടു നൽകിയിരുന്നു. ഇത് ഉപയോഗിച്ചാവാം നാടുവിട്ടതെന്നു കരുതുന്നു. ഫ്രാൻസിലെത്തിയാൽ ഘോനിനെ ജപ്പാനു കൈമാറില്ലെന്നു ഫ്രഞ്ച് അധികൃതർ പറഞ്ഞു. ഇതിനിടെ ഘോനിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലെബനന് ഇന്റർപോൾ‌ നോട്ടിസ് അയച്ചു. 

ആരാണ്  കാർലോസ് ഘോൻ?

വിജയക്കൊടുമുടി കയറിയ ബിസിനസ് എക്സിക്യൂട്ടീവ്, അതിബുദ്ധിമാൻ, കോടീശ്വരൻ. ഘോനിന്റെ ജീവിത വിജയങ്ങൾ‌ ആരെയും കൊതിപ്പിക്കുന്നതായിരുന്നു. കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ട്രെയിനിങ് ക്ലാസുകളിൽ ഘോനിന്റെ ജീവിതം ഉദാഹരണങ്ങളായി. ടയർ കമ്പനി മിഷലിൻ, ഫ്രഞ്ച് കാർ കമ്പനി റെനോ, ജപ്പാൻ കാർ കമ്പനി നിസാൻ എന്നിവയെ പ്രതിസന്ധികളിൽ കമ്പോളത്തിൽ വിജയിപ്പിച്ചത് ഘോനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com