ADVERTISEMENT

ടെഹ്റാൻ ∙ പശ്ചിമേഷ്യയിൽനിന്ന് യുഎസ് സൈന്യത്തെ ‘പറപറപ്പിക്കുന്ന’താണ് ജനറൽ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള ഏറ്റവും വലിയ പ്രതികാരമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി.

‘യുഎസ് ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ, അതിനുള്ള തക്കതായ മറുപടി കിട്ടുമെന്ന് അവർ അറിയണം. അവർക്കു ബോധമുണ്ടെങ്കിൽ ഈ ഘട്ടത്തിൽ അവർ അനങ്ങാതിരിക്കും. ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കൈ നിങ്ങൾ വെട്ടി. അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തിനു സമീപം ആ കൈ കിടക്കുന്നത് വിഡിയോകളിലും ഫോട്ടോകളിലും നമ്മൾ കണ്ടു. കൈ വെട്ടിയെങ്കിൽ പശ്ചിമേഷ്യയിൽ നിന്ന് നിങ്ങളുടെ കാലുകൾ മറിച്ചു മാറ്റും. അതാണ് ഏറ്റവും വലിയ പ്രതികാരം’ – ടിവിയിലൂടെ നടത്തിയ അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു.

ഇറാഖിലെ യുഎസ് താവളങ്ങൾക്കു നേരെ നടത്തിയ ആക്രമണം യുഎസിനെതിരെ നേടിയ വലിയ വിജയമാണെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് കോർ പറഞ്ഞു. ലോകത്തെ ഏറ്റവും ദുഷ്ട ശക്തികളായ അമേരിക്കയുടെ ദുഷ് പ്രവർത്തികൾക്കു വേദനാജനകമായ മറുപടി നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു. 

യുഎസ് ഭീകര സൈന്യത്തിന് താവളങ്ങൾ നൽകുന്ന രാജ്യങ്ങളുടെ അതിർത്തിക്കുള്ളിൽ ആക്രമണം നടത്തേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രസ്താവനയിലുണ്ട്. തങ്ങളുടെ സൈന്യത്തെ പശ്ചിമേഷ്യയിൽനിന്നു തിരിച്ചു വിളിക്കാൻ യുഎസിലെ ജനങ്ങൾ നിർദേശിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

iran-power-plant
ബുഷാഹർ ആണവ നിലയം

ഇറാൻ ആണവ നിലയത്തിനു  സമീപം ഭൂമി കുലുക്കം

ടെഹ്റാൻ ∙ ഇറാനിലെ ബുഷാഹർ ആണവ നിലയത്തിന് 50 കിലോമീറ്റർ അകലെ വീണ്ടും ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തി. 7 പേർക്കു പരുക്കേറ്റിട്ടുണ്ട്. ആണവ കേന്ദ്രത്തിനു തകരാറില്ല. 

രണ്ടാഴ്ച മുൻപ് ഇതേ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. 2013 ലാണ് റഷ്യയുടെ സഹായത്തോടെ ഇറാൻ 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആണവ നിലയം നിർമിച്ചത്. നിലയം സുരക്ഷിതമല്ലെന്ന് മുൻപ് അയൽ രാജ്യങ്ങൾ ആശങ്ക ഉന്നയിച്ചിരുന്നു. 

ഇറാഖ്  സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ 

ദുബായ് / പാരിസ് ∙ ഇറാഖിലെ യുഎസ് സേനാതാവളങ്ങൾ ഇറാൻ ആക്രമിച്ചതിനു പിന്നാലെ രാജ്യാന്തര സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികളുടെ മുൻകരുതൽ. യുഎഇയിലെ എമിറേറ്റ്സ് എയർലൈൻസും ഫ്ലൈദുബായും ബഗ്ദാദിലേക്കുള്ള സർവീസുകൾ ഇന്നലെ നടത്തിയില്ല. ഫ്ലൈദുബായിയുടെ ബസ്രയിലേക്കും നജാഫിലേക്കുമുള്ള സർവീസുകളിൽ മാറ്റം വരുത്തിയില്ല. 

ബഹ്റൈനിലെ ഗൾഫ് എയർ ബഗ്ദാദിലേക്കും നജാഫിലേക്കുമുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്കു റദ്ദാക്കി. നജാഫിലേക്കുള്ള സർവീസ് നിർത്തിവച്ചതായി കുവൈത്ത് എയർവെയ്സും അറിയിച്ചു. ഫ്രാൻസിന്റെ എയർ ഫ്രാൻസും ഇറാഖ്, ഇറാൻ വ്യോമമേഖലയിലൂടെയുളള എല്ലാ സർവീസുകളും നിർത്തിവച്ചു. ഇറാഖിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കാൻ പാക്കിസ്ഥാനും പൗരന്മാർക്കു മുന്നറിയിപ്പു നൽകി.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com