sections
MORE

യുക്രെയ്ൻ വിമാന അപകടം: കാരണത്തിൽ അവ്യക്തത; തീപിടിച്ച് വീഴുന്നതിന്റെ ദൃശ്യം പുറത്ത്

HIGHLIGHTS
  • യുക്രെയ്ൻ വിമാനം ഇറാനിൽ തകർന്ന് 176 മരണം
plane-crash
ശേഷിപ്പ്.. ടെഹ്റാനു സമീപം പാടത്തു തകർന്നു വീണ യുക്രെയ്ൻ എയർലൈൻസ് യാത്രാ വിമാനത്തിന്റെ അവശിഷ്ടം.
SHARE

ടെഹ്‍റാൻ ∙ യുക്രെയ്ൻ എയർലൈൻസിന്റെ ബോയിങ് 737 യാത്രാ വിമാനം ബുധനാഴ്ച രാവിലെ ഇറാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തകർന്നു വീണ് 176 പേർ കൊല്ലപ്പെട്ടു. 

യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പോവുകയായിരുന്ന വിമാനം, എയർപോർട്ടിൽ നിന്നു 45 കിലോമീറ്റർ ദൂരെ പാടത്താണ് തകർന്നു വീണത്. മരിച്ച 176 പേരിൽ 81 സ്ത്രീകളും 15 കുട്ടികളും 9 ജീവനക്കാരും ഉൾപ്പെടുന്നു. ഇവർ ഇറാൻ, കാനഡ, യുക്രെയ്ൻ, സ്വീഡൻ, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യക്കാർ ആരുമില്ല. 

മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക് ബോക്സും കണ്ടെടുത്തു. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഇതു സ്ഥിരീകരിക്കാൻ ഇറാനിലെ യുക്രെയ്ൻ എംബസി തയാറായില്ല. 2016 ൽ നിർമിച്ച വിമാനത്തിന്റെ സാങ്കേതിക പരിശോധനകൾ 2 ദിവസം മുമ്പ് പൂർത്തിയാക്കിയതാണ്.

ukraine-flight

അപകട കാരണം സാങ്കേതിക തകരാറെന്നു സംശയം, ബ്ലാക് ബോക്സ് കണ്ടെടുത്തു

ടെഹ്റാൻ ∙ ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയ ദിവസം തന്നെ യുക്രെയ്ൻ വിമാനം ടെഹ്‌റാനിൽ തകർന്ന് 176 പേർ കൊല്ലപ്പെട്ടത് ഒട്ടേറെ അഭ്യൂഹങ്ങൾക്കിടയാക്കി. ഖുദ്സ് തലവൻ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനു യുഎസിനും സഖ്യരാഷ്ട്രങ്ങൾക്കുമെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. മുൻസോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയ്ൻ ഇപ്പോൾ യുഎസ് ചേരിയിലാണ്.

സുലൈമാനിയുടെ കൊലപാതകത്തോടെ സംഘർഷഭരിതമായ പശ്ചിമേഷ്യയിൽ, യാത്രാ വിമാനം ഇറാൻ വെടിവച്ചിട്ടതാണെന്ന് സംശയം ഉയർന്നെങ്കിലും സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. തെറ്റിദ്ധാരണ പരത്തരുതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ഇറാനും പ്രതികരിച്ചു.

തീപിടിച്ച വിമാനം വീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇറാൻ ടിവി പുറത്തു വിട്ട ഈ ദൃശ്യങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  ഇതേസമയം, ഇറാൻ, ഇറാഖ് ഉൾപ്പെടെ ഗൾഫ് മേഖലയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നിർത്തി വയ്ക്കുന്നതായി യുഎസ് അറിയിച്ചു. 

തകർന്ന വിമാനം രാവിലെ 6.10നാണ് പറന്നുയർന്നത്. മിനിറ്റുകൾക്കുള്ളിൽ റ‍ഡാറിൽ നിന്നു മറഞ്ഞു. അപകട കാരണം പൈലറ്റിന്റെ പിഴവാകാനുള്ള സാധ്യത വിരളമാണെന്നും യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻ സൂചിപ്പിച്ചു. മരിച്ച യാത്രക്കാരിൽ 82 ഇറാൻകാരും 63 പേർ കാനഡ സ്വദേശികളുമാണ്. ശേഷിക്കുന്നവർ യുക്രെയ്ൻ (11), സ്വീഡൻ (10),  അഫ്ഗാനിസ്ഥാൻ (4), ജർമനി (3), ബ്രിട്ടൻ (3) എന്നീ രാജ്യക്കാരാണ്. ഇവരിൽ മിക്കവരും മറ്റിടങ്ങളിലേക്കു പോകുന്നതിനായി ടെഹ്റാനിൽ എത്തിയവരാണെന്ന് അധികൃതർ വ്യക്തമാക്കി.

ബ്ലാക്ക് ബോക്സുകൾ ബോയിങ്ങിന് കൈമാറില്ല: ഇറാൻ

വിമാനത്തിന്റെ 2 ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തെങ്കിലും അവ പരിശോധിക്കുന്നതിന് യുഎസ് കമ്പനിയായ ബോയിങ്ങിനു കൈമാറില്ലെന്ന് ഇറാൻ പറഞ്ഞു. ഇവ എവിടെ പരിശോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.

English summary: Ukraine plane crashed in Iran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA