ADVERTISEMENT

വാഷിങ്ടൻ ∙ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ജോൺ ട്രംപിനെതിരെ കുറ്റവിചാരണയ്ക്കു ചുമത്തിയിട്ടുള്ള വകുപ്പുകളെക്കുറിച്ചാണ് ഇനി വായിക്കാൻ പോകുന്നത്... യുഎസ് ജനപ്രതിനിധി സഭാംഗം ആഡം ഷിഫ് 8 പേജുകൾ നീണ്ട ‘കുറ്റപത്രം’ വായിച്ചപ്പോൾ സെനറ്റിൽ ഒരു മൊട്ടുസൂചി നിലത്തുവീണാൽ പോലും ശബ്ദം കേൾക്കാവുന്നത്ര നിശബ്ദത. പിന്നീട്, യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ഔദ്യോഗിക വേഷത്തിൽ കോടതിയിൽനിന്നിറങ്ങി, നിരത്തിനു കുറുകെ നടന്നു സെനറ്റ് മന്ദിരത്തിലെത്തി കുറ്റവിചാരണ നടപടികളുടെ അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ചരിത്രം രണ്ടു ദശകം പിന്നിലേക്കു പാഞ്ഞു. 1999 ൽ അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റനെതിരെ സെനറ്റിലെ ഇംപീച്ച്മെന്റ് നടപടിക്ക് ആധ്യക്ഷ്യം വഹിക്കാൻ ചീഫ് ജസ്റ്റിസ് വില്യം റെൻക്വിസ്റ്റ് എത്തിയ സമാനനിമിഷം. (പല മാധ്യമങ്ങളും ആ പഴയ വിഡിയോ വീണ്ടും നൽകി). 

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ചപ്പോൾ എതിരാളിയായ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിരോധ ധനസഹായം തടഞ്ഞുവച്ചതും ജനപ്രതിനിധി സഭയിൽ കുറ്റവിചാരണയ്ക്കു നീക്കം തുടങ്ങിയപ്പോൾ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതുമാണു ട്രംപിനെ ഇംപീച്ച് ചെയ്യാൻ കാരണമായ കുറ്റങ്ങൾ. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില വിചാരണയ്ക്കൊടുവിൽ ട്രംപിനു തലയൂരാനായേക്കുമെങ്കിലും കിട്ടിയ അവസരം കളയാതെ പ്രസിഡന്റിനെ നിർത്തിപ്പൊരിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണു ഡെമോക്രാറ്റുകൾ. 

ചൊവ്വാഴ്ച നല്ല ദിവസം

വാരാന്ത്യ അവധിക്കു ശേഷം ചൊവ്വാഴ്ചയാണു സെനറ്റ് നടപടികൾ യഥാർഥത്തിൽ തുടങ്ങുക. പ്രാദേശിക സമയം  ഉച്ചയ്ക്ക് ഒന്നിന് നടപടിക്രമങ്ങൾക്കു തുടക്കമിടാനാണു സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച്ച് മകനൽ ഉദ്ദേശിക്കുന്നത്. കുറ്റാരോപണങ്ങൾക്കുള്ള ഔദ്യോഗിക മറുപടി അറിയിക്കാൻ ശനിയാഴ്ച വൈകിട്ട് 6 വരെ ട്രംപിന് സമയം അനുവദിക്കും. തുടർന്ന്, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ വിചാരണ. സാക്ഷികളെ വിളിക്കാനോ പുതിയ തെളിവുകൾ അവതരിപ്പിക്കാനോ അവസരമില്ലാതെയുള്ള വിചാരണ നടപടികളാണ് റിപ്പബ്ലിക്കൻ സംഘം വിദഗ്ധമായി രൂപകൽപന ചെയ്തിരിക്കുന്നത്. വിചാരണ 2 ആഴ്ച മുതൽ 6 ആഴ്ച വരെ നീണ്ടേക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ക്ലിന്റന്റേത് 5 ആഴ്ചയായിരുന്നു. 

ട്വിറ്ററിൽ കളിക്കേണ്ട

ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലുൾപ്പെടെ കർശന അച്ചടക്ക നിബന്ധനകളാണ് സെനറ്റ് അംഗങ്ങൾക്കു മേലുള്ളത്. തൽസമയ ട്വീറ്റുകൾക്കും വിലക്ക്.  കുറ്റവിചാരണയുമായി ബന്ധപ്പെട്ടതല്ലാതെ ഒരു കടലാസുപോലും സെനറ്റിനുള്ളിൽ പാടില്ല.

പർനാസിന്റെ പാര

ട്രംപിന്റെ അഭിഭാഷകൻ റൂഡി ജിലിയാനിയുടെ സഹായിയായ ലെവ് പർനാസ് ചാനൽ അഭിമുഖത്തിൽ പ്രസിഡന്റിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടതു പുകിലായി. ട്രംപിന്റെ ഗൂഢനീക്കങ്ങളോടു സഹകരിക്കാൻ വിസമ്മതിച്ച യുക്രെയിനിലെ യുഎസ് അംബാസഡറെ പുറത്താക്കാൻ ഒത്തുകളിച്ചതിന്റെ രേഖകളായിരുന്നു അവ. അംബാസഡർ മാരി യൊവാനൊവിച്ച് അനധികൃത നിരീക്ഷണ വലയത്തിലായിരുന്നോയെന്ന് യുക്രെയ്നിൽ അന്വേഷണം നടക്കുകയാണ്. 

യുഎസ് സെനറ്റ്

ആകെ അംഗങ്ങൾ  - 100

റിപ്പബ്ലിക്കന്മാർ       -  53

ഡെമോക്രാറ്റുകൾ   -  45

സ്വതന്ത്രർ             -   2 (ഇവർ ഡെമോക്രാറ്റുകളെ പിന്തുണയ്ക്കും)

English Summary: Impeachment procedure against donald trump started in US senate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com