ADVERTISEMENT

കാബൂൾ ∙ ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൈക്കൽ ഡിആൻഡ്രിയ ആണ് മരിച്ചതെന്ന് റഷ്യൻ ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ വാർത്ത യുഎസ് നിഷേധിച്ചു. വിമാനത്തിൽ സിഐഎയുടെ ആരും ഉണ്ടായിരുന്നില്ല. എന്നാൽ 2 പേരുടെ മൃതദേഹം കിട്ടിയതായും അപകടസ്ഥലത്തെത്തിയ അഫ്ഗാൻ– യുഎസ് സൈനികർക്ക് താലിബാന്റെ ആക്രമണം നേരിടേണ്ടിവന്നില്ലെന്നും യുഎസ് വ്യക്തമാക്കി.

സിഐഎയ്ക്കു വേണ്ടി നിരീക്ഷണം നടത്തിവന്ന യുഎസ് വ്യോമസേനയുടെ വിമാനം കഴിഞ്ഞ തിങ്കളാഴ്ച അഫ്ഗാനിലെ ഗസ്നി പ്രവിശ്യയിൽ തകർന്നുവീണിരുന്നു. തുടർന്ന് തങ്ങൾ വിമാനം വെടിവച്ചിട്ടതാണെന്ന് താലിബാൻ അവകാശപ്പെട്ടിരുന്നു. യന്ത്രത്തകരാർമൂലം വിമാനം നഷ്ടപ്പെട്ടെന്നും 2 യുഎസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നും അമേരിക്ക സ്ഥിരീകരിക്കുകയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ചിത്രം പുറത്തുവരുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ അവകാശവാദം ഉയർന്നത്.

അൽ ഖായിദ നേതാവ് ബിൻലാദനുവേണ്ടിയുള്ള തിരച്ചിലിനു നേതൃത്വം നൽകിയയാളാണ് ആയത്തുല്ല മൈക്ക്, കറുത്ത രാജകുമാരൻ തുടങ്ങിയ വിളിപ്പേരുകളിൽ അറിയപ്പെടുന്ന ആൻഡ്രിയ. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷം ഭീകരരെ ചോദ്യം ചെയ്യുന്ന നടപടികൾക്കും നേതൃത്വം കൊടുത്തു. ഹിസ്ബുല്ല മേധാവി ഇമാദ് മുഖ്നിയേ വധത്തിന്റെയും സൂത്രധാരനാണ്.

സിഐഎയുടെ ഭീകരവിരുദ്ധകേന്ദ്രം മേധാവിയുമായിരുന്നു. ആയിരക്കണക്കിന് ഭീകരരെ നൂറുകണക്കിന് ഡ്രോൺ ആക്രമങ്ങളിലൂടെ കൊലപ്പെടുത്തിയിട്ടുണ്ട്. ഭീകരരെ തിരിച്ചറിഞ്ഞല്ല, പെരുമാറ്റം നിരീക്ഷിച്ചായിരുന്നു കൊലകളെല്ലാം. 2017 ലാണ് സിഐഎയുടെ ഇറാൻ മിഷൻ സെന്റർ മേധാവിയായി നിയോഗിക്കപ്പെട്ടത്. ഇറാനോട് കൂടുതൽ ആക്രമണോത്സുകമായ നിലപാട് യുഎസ് സ്വീകരിച്ചുതുടങ്ങിയത് ആൻഡ്രിയയുടെ ഇടപെടലോടെയാണ്.

ഹെലികോപ്റ്ററുകൾ മുൻപ് വെടിവച്ചിട്ടിട്ടുണ്ടെങ്കിലും വളരെ ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ വീഴ്ത്താനുള്ള ശേഷി താലിബാനുള്ളതായി തെളിവില്ല. അതിനാൽ ഇറാന്റെ സൈനിക സഹായം ഇതിനു പിന്നിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നു. മൊറീഷ്യസിലുള്ള ഗുജറാത്ത് വംശജയായ മുസ്‌ലിം യുവതിയെ വിവാഹം കഴിക്കാനായി ഇസ്‌ലാം മതം സ്വീകരിച്ച ആൻഡ്രിയ, ഭാര്യയുടെ കുടുംബം നടത്തിയിരുന്ന വ്യവസായ ഗ്രൂപ്പിന്റെ മറവിലാണ് സിഐഎയുടെ പ്രവർത്തനം നടത്തിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

English summary: CIA chief behind Soleimani’s assassination killed

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com