ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിൽ കോവിഡ് 19 (കൊറോണ) രോഗബാധിതരുടെ എണ്ണം കുറയുമ്പോൾ ദക്ഷിണ കൊറിയയിൽ വൈറസ് പടരുന്നു. ഇന്നലെ മാത്രം 231 പേർക്കു കൂടി  രോഗം ബാധിച്ചതോടെ ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായി ദക്ഷിണ കൊറിയ. മരണസംഖ്യ എട്ടും മൊത്തം രോഗബാധിതർ 833 ആയി ഉയർന്നു. രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. വിദ്യാലയങ്ങൾക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ മേഖലയിലെ ഡേഗു നഗരത്തിലെ ഒരു ആരാധനാലയവുമായി ബന്ധപ്പെട്ടാണ് രോഗം പടരുന്നതെന്നാണു കരുതുന്നത് ഇവിടുത്തെ പ്രാർഥനയിൽ പങ്കെടുത്ത 9,500 പേരെ നിരീക്ഷിക്കുന്നു. 

ചൈനയിൽ മൊത്തം മരണം 2592 ആയി. പുതുതായി 150 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ 77,150 ആയി. എന്നാൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കുറഞ്ഞതോടെ പല പ്രവിശ്യകളിലും നിയന്ത്രണത്തിൽ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം, മാർച്ച് 5 മുതൽ നടത്താനിരുന്ന പാർലമെന്റ് വാർഷിക സമ്മേളനം മാറ്റിവച്ചു. ഇങ്ങനെ മാറ്റുന്നത് അത്യപൂർവമാണ്.

രോഗം കൂടുതൽ രാജ്യങ്ങളിലേക്കു പടരുകയാണ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ രോഗബാധിതർ 5 പേർ മരിച്ച ഇറ്റലിയിലാണ്. 200 ൽ ഏറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതർ വീട്ടിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. പലയിടത്തും പൊതുയോഗങ്ങൾ നിരോധിച്ചു. മിലാൻ സ്ഥിതിചെയ്യുന്ന രാജ്യത്തിന്റെ വടക്കുഭാഗത്താണു രോഗബാധ ഏറെയും.

കുവൈത്തിലും ബഹ്റൈനിലും ഒമാനിലും ഇതാദ്യമായി രോഗം സ്ഥിരീകരിച്ചു. കുവൈത്തിൽ 3 പേർക്കും ബഹ്റൈനിൽ ഒരാൾക്കുമാണു രോഗ ബാധ. 4 പേരും ഇറാനിലെ മാഷാദ് നഗരത്തിൽ നിന്നെത്തിയവരാണ്. 

ഇറാനിൽ കുടുങ്ങിക്കിടന്ന 800 ലേറെ പേരെ കഴിഞ്ഞ 2 ദിവസങ്ങളിലായി കുവൈത്തിൽ എത്തിച്ചിരുന്നു. ഇവരിൽ കുവൈത്ത് പൗരനും 61 വയസ്സുള്ള സൗദി പൗരനുമാണു രോഗം സ്ഥിരീകരിച്ചത്. 21 വയസ്സുള്ള മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചെങ്കിലും ഏതു രാജ്യക്കാരനെന്നു വ്യക്തമല്ല. ഇറാനിൽ ഞായ‍റാഴ്ച വരെ 8 പേർ രോഗം ബാധിച്ചു മരിച്ചതോടെ മൊത്തം മരണം 12 ആയി. മധ്യപൂർവദേശത്തെ ആദ്യമരണവും ഇവിടെയാണു റിപ്പോർട്ട് ചെയ്തത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary: Covid spread in South Korea

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com