ADVERTISEMENT

കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ചൈനയെ മറികടക്കുന്ന സ്ഥിതിയിലേക്ക് ഇറ്റലിയും യുഎസും. 75,000 പേർക്ക് ഇറ്റലിയിലും എഴുപതിനായിരത്തോളം പേർക്ക് യുഎസിലും രോഗം സ്ഥിരീകരിച്ചു. ചൈനയിൽ രോഗം ബാധിച്ചവരുടെ എണ്ണം 81,245 ആണ്. യുഎസിൽ മരണം 1000 കടന്നു.

യുഎസിൽ രോഗികൾക്കായി കിടക്ക കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് അധികൃതർ. പല ആശുപത്രികളും വാർഡുകളിൽ നിന്നു മറ്റു രോഗികളെ മാറ്റി കോവിഡ് രോഗികൾക്ക് സ്ഥലമൊരുക്കുകയാണ്. ലൂസിയാനയിൽ 3 വിനോദ പാർക്കുകൾ ഐസലേഷൻ യൂണിറ്റുകളാക്കി മാറ്റി.

വാഷിങ്ടൻ ഡിസിയിൽ അവശ്യ സ്വഭാവമില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചു. ആൾക്കൂട്ടം നിരോധിച്ചു. എന്നാൽ ജനങ്ങൾ സാമൂഹിക അകലം പാലിച്ചതു മൂലം ന്യൂയോർക്കിൽ, രോഗികളുടെ എണ്ണം കുറയുകയാണെന്ന് അധികൃതർ പറഞ്ഞു. 

അതിനിടെ, ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേർന്നിരിക്കുകയാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം വിവാദമായി. കൊറോണ വൈറസ് മരണം വിതച്ച ഇറ്റലിയിലെ ലൊമ്പാർഡിയിൽ ഏതാനും ദിവസങ്ങൾക്കു ശേഷം രോഗബാധിതരുടെ എണ്ണം വീണ്ടും കൂടി. 2,500 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ചൈന ∙ ന്യൂയോർക്കിൽ ചൈനയുടെ അധ്യക്ഷതയിൽ ചേരാനിരുന്ന യുഎൻ രക്ഷാസമിതി യോഗം കോവിഡ് പശ്ചാത്തലത്തിൽ മാറ്റി.

ജർമനി ∙ ഒട്ടേറെ പേർക്കു രോഗം ബാധിച്ചെങ്കിലും മരണനിരക്ക് കുറയ്ക്കാൻ സാധിച്ച ജർമനിയുടെ നേട്ടം ചർച്ചയാകുന്നു. രാജ്യത്ത് ഒരാഴ്ച നടത്തുന്നത് 5 ലക്ഷം പരിശോധന.

സ്പെയിൻ ∙ മരണം 4,000 കടന്നു. ഉപപ്രധാനമന്ത്രി കാർമൻ കാൽവോയ്ക്ക് രോഗം സ്ഥിരീകരിച്ചു.‌

ഇറാൻ ∙ നഗരങ്ങൾക്കിടയിൽ ഗതാഗതം നിരോധിച്ചു.

റഷ്യ ∙ അവശ്യ വിഭാഗത്തിൽ പെടാത്ത സ്ഥാപനങ്ങൾ ഇന്നു മുതൽ മോസ്കോയിൽ അടയ്ക്കും. രാജ്യാന്തര വിമാനങ്ങൾ നിർത്തി.

പാക്കിസ്ഥാൻ ∙ കോവിഡ് പ്രതിരോധ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകാൻ പാക്ക് ക്രിക്കറ്റ് ടീം തീരുമാനിച്ചു.

സിംഗപ്പുർ ∙ 5 മിനിറ്റിൽ കോവിഡ് സഥിരീകരിക്കാനുള്ള പരിശോധനാസംവിധാനം വികസിപ്പിക്കാൻ ശ്രമം. ഇന്ത്യൻ വേരുകളുള്ള 3 വയസ്സുകാരിക്ക് രോഗം.

ഓസ്ട്രേലിയ ∙ ക്ഷയരോഗത്തിനുള്ള പ്രതിരോധ മരുന്നായ ബിസിജി കൊറോണ വൈറസിനെതിരെ ഫലപ്രദമാണോ എന്നറിയാൻ ശ്രമം. പരീക്ഷണത്തിൽ 4,000 സന്നദ്ധപ്രവർത്തകർ.

English summary: COVID 19 cases in Italy and USA

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com