ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പങ്കാളിയും 5 മാസം ഗർഭിണിയുമായ കാതി സിമൺസിന് (32)  കോവിഡ് ബാധ ഉള്ളതായി വിവരമില്ലെങ്കിലും അവരും ഐസലേഷനിൽ പ്രവേശിക്കേണ്ടിവരും.  പ്രധാനമന്ത്രിയുടെ വസതിയും ഓഫിസുമായ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ ജീവനക്കാരും മുതിർന്ന മന്ത്രിമാരും കൂടി ഇനി സമ്പർക്ക വിലക്കിലേക്കു പോകേണ്ടി വരും.

കഴിഞ്ഞ ദിവസങ്ങളിൽ എത്രപേർ പ്രധാനമന്ത്രിയുമായി അടുത്തിടപഴകി എന്നു വ്യക്തമല്ല. ബോറിസ് ജോൺസന് 7 ദിവസമാണു സമ്പർക്കവിലക്ക്.  പ്രധാനമന്ത്രി വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടായാൽ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിനാകും ചുമതല. 

ഡൗണിങ് സ്ട്രീറ്റിലെ 11–ാം അപാർട്ട്മെന്റിലാണു ജോൺസൻ ഐസലേഷനിൽ കഴിയുക. ഭക്ഷണം വാതിൽക്കൽ എത്തിക്കും. നമ്പർ 10, നമ്പർ 11 എന്നിവയ്ക്കിടയിലെ വാതിൽ സ്ഥിരമായി അടച്ചിടും. നമ്പർ 11 ലുള്ള ധനമന്ത്രി ഋഷി സുനക് പക്ഷേ, ഓഫിസ് മാറുകയില്ല. അദ്ദേഹം മറ്റൊരു വാതിൽ ഉപയോഗിക്കും. ജോൺസനെ നേരിട്ടു കാണില്ല. 

അതേസമയം, മരണ സംഖ്യ ഉയരുമെന്ന നിഗമനത്തിൽ ബർമിങ്ങാം വിമാനത്താവളത്തിനു സമീപം താൽക്കാലിക മോർച്ചറി തുറന്നു. നിലവിൽ 1500 മൃതദേഹങ്ങൾ ഉൾക്കൊള്ളും. 

ഐസലേഷനിലുള്ള രോഗികൾക്കു ഭക്ഷണമെത്തിക്കാനും ആംബുലൻസുകൾ ഓടിക്കാനും മൃതദേഹങ്ങൾ  കൊണ്ടുപോകാനും ബ്രിട്ടനിൽ അഗ്നിശമന സേനയും രംഗത്തിറങ്ങി. വിരമിച്ച പതിനായിരക്കണക്കിനു ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനവും സർക്കാർ അഭ്യർഥിച്ചു. ഇന്നലെ വീടുകളുടെ ബാൽക്കണികളിൽ നിന്ന് ജനങ്ങൾ കയ്യടിച്ച് ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു.

∙ ഇറ്റലി: വടക്കൻ മേഖലയായ ലൊമ്പാർഡിയിൽ ആകെ രോഗികൾ 2500 കടന്നു. ജർമനിയിലെ ഒഴിവുള്ള ആശുപത്രികളിലേക്ക് ഇറ്റലിയിലെ അൻപതോളം രോഗികളെ മാറ്റാൻ ധാരണ.

∙ സ്പെയിൻ: ലോക്ഡൗൺ ഏപ്രിൽ 12 വരെ നീട്ടി. മരണം 4089. രോഗികൾ 64,056

∙ സ്വിറ്റ്സർലൻഡ്: രോഗികളുടെ എണ്ണം 10,000 കവിഞ്ഞു. ആശുപത്രികളെ സഹായിക്കാൻ ആർമി മെഡിക്കൽ യൂണിറ്റുകളും രംഗത്ത്. 

∙ ബ്രസീൽ: പള്ളിയിലെ ചടങ്ങുകളെ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കി. മതാരാധന അവശ്യസേവനമാണെന്ന് പ്രസിഡന്റ് ബൊൽസൊനാരോ. 

∙ ചൈന: 3 ദിവസത്തിനിടെ ആദ്യമായി ചൈനയിൽ നാട്ടിൽനിന്ന് ഒരു രോഗി കൂടി. വിദേശത്തുനിന്നു മടങ്ങിയവരിൽ 54 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നു വന്ന ആകെ രോഗികൾ 600. 

∙ ദക്ഷിണ കൊറിയ: പ്രതിദിനം നൂറിലേറെ പുതിയ രോഗികൾ. വീടിനകത്തിരിക്കാനും പൊതു ചടങ്ങുകൾ ഒഴിവാക്കാനും നിർദേശം. രണ്ടാം ഘട്ടം രോഗവ്യാപനമാണെന്നു മുന്നറിയിപ്പ്.

∙ഓസ്ട്രേലിയ: വിദേശത്തു നിന്ന് എത്തുന്ന എല്ലാവർക്കും നിർബന്ധിത ക്വാറന്റീൻ

∙ ഇറാൻ: ട്രെയിൻ യാത്രകൾ വിലക്കി. ആകെ മരണം 2234. ആകെ രോഗികൾ 30,000. അടുത്ത ഘട്ട രോഗവ്യാപനമെന്ന് മുന്നറിയിപ്പ്.

∙ ദക്ഷിണാഫ്രിക്ക: രോഗികൾ ആയിരത്തോട് അടുക്കുന്നു. വിദേശസഹായത്തിന് അഭ്യർഥന

∙ റഷ്യ: രാജ്യാന്തര വിമാന സർവീസുകൾ നിർത്തി. മോസ്കോയിലെ കടകൾ അടയ്ക്കാൻ ഉത്തരവ്. പള്ളിയിലെ ആരാധന നിർത്തി

∙ പോർച്ചുഗൽ: ലിസ്ബണിൽ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ വാഹനം. രോഗലക്ഷണമുള്ളവർക്ക് 5 മിനിറ്റു നീളുന്ന ലാബ് പരിശോധനയാണു നടത്തുന്നത്. പരിശോധനയ്ക്കു കാറിലിരുന്നാൽ മതി.

∙ ഐക്യരാഷ്ട്ര സംഘടന: ചൈനയുടെ അധ്യക്ഷതയിലുള്ള യുഎൻ രക്ഷാസമിതി കോവിഡ് പ്രശ്നം ചർച്ച ചെയ്യാൻ ഇനിയും യോഗം ചേരാത്തതിനെതിരെ വിമർശനം. മാർച്ച് 31നു ചൈനയുടെ അധ്യക്ഷകാലാവധി അവസാനിക്കാനിരിക്കെ യോഗമൊന്നും തീരുമാനിച്ചിട്ടില്ല.

ബോറിസിന് കോവിഡ്; ഉപദേഷ്ടാവ് ഓടി

ലണ്ടൻ∙തനിക്കു കോവിഡ് ആ ണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വെളിപ്പെടുത്തിയതിനു പിന്നാലെ, അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ഓഫിസിൽനിന്ന് ഇറങ്ങിയോടി. ഡൊമിനിക് കമ്മിങ്സ് തോളിൽ സഞ്ചിയും തൂക്കി ഇറങ്ങിയോടുന്ന കാഴ്ച ടിവിയിൽ കാണിച്ചു.

∙മരണം കാൽ ലക്ഷം രോഗികളിൽ മുന്നിൽ യുഎസ്

∙ലോകത്താകെ രോഗം ബാധിച്ചവർ 5,66,374

∙ആകെ മരണം 25,427

∙ഗുരുതരാവസ്ഥയിലുള്ള രോഗികൾ 21,416

∙നേരിയ തോതിൽ രോഗമുള്ളവർ 3,90,171

വിവിധ രാജ്യങ്ങളിലെ സ്ഥിതി  

(രാജ്യം, രോഗികൾ, ബ്രാക്കറ്റിൽ മരണം എന്ന ക്രമത്തിൽ)

∙ യുഎസ്: 85,740 (1303)

∙ ഇറ്റലി: 80,589 (8215)

∙ സ്പെയിൻ: 57,786 (4365)

∙ ചൈന: 81,340 (3292)

∙ ബ്രിട്ടൻ: 11,658 (578)

∙ ഇറാൻ: 32,332 (2378)

∙ ജർമനി: 47,278 (281)

∙ ഫ്രാൻസ്: 29,155 (1696)

∙ ദക്ഷിണ കൊറിയ: 9332 (139)

∙ കാനഡ: 4043 (39)

∙ ഓസ്ട്രേലിയ: 3166 (13)

∙ ജപ്പാൻ: 1387 (47)

∙ മലേഷ്യ: 2161 (26)

∙ ന്യൂസീലൻഡ്: 368 (0)

∙ഇന്ത്യ: 764 (20)

English summary: British ministers under quarantine 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com