ADVERTISEMENT

തുടർച്ചയായ നാലാം ദിവസവും പതിനായിരത്തിലേറെ പേർക്കു രോഗം സ്ഥിരീകരിച്ചതോടെ, റഷ്യ രോഗഭീതിയിൽ വിറയ്ക്കുന്നു. ആകെ രോഗികൾ 1.66 ലക്ഷമായി. മരണം 1,500 കവിഞ്ഞു. ബ്രസീലിലും ബ്രിട്ടനിലും രോഗവ്യാപനം ഇനിയും നിയന്ത്രിക്കാനായിട്ടില്ല. സ്പെയിനിലാകട്ടെ, 3 ദിവസത്തെ ഇടവേളയ്ക്കുശേഷം രോഗികൾ വീണ്ടും കൂടി. എന്നാൽ, തയ്‌വാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ ഏതാനും രാജ്യങ്ങളിൽ സ്ഥിതി ശാന്തമായി.

രാജ്യങ്ങളിലെ സ്ഥിതി

സ്പെയിൻ ∙ ഒറ്റദിവസം 244 മരണം. 3 ദിവസത്തിനു ശേഷമാണ് പ്രതിദിന മരണം 200 കവിയുന്നത്. ആകെ മരണം 25,600 കടന്നു. ഒരു ദിവസം 3,100 കേസ് റിപ്പോർട്ട് ചെയ്തതോടെ രോഗികൾ 2.53 ലക്ഷം കവിഞ്ഞു.

ജർമനി ∙ 947 പുതിയ രോഗികൾ. കടകളും സ്കൂളുകളും മേയിൽ തുറക്കാൻ തീരുമാനം.

ഫിലിപ്പീൻസ് ∙ ഒറ്റദിവസം 320 പേർക്കു രോഗം. ആകെ രോഗികൾ 10,000 കടന്നു

ബ്രിട്ടൻ ∙  ഒറ്റദിവസം 4,400 പുതിയ കേസ്. ആകെ. രോഗികൾ 1.95 ലക്ഷം കവിഞ്ഞു.

ഇന്തൊനീഷ്യ ∙ ആകെ രോഗികൾ 12,000 കടന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ സിംഗപ്പൂരിനു ശേഷം കൂടുതൽ രോഗികൾ ഇവിടെ. രോഗം നിയന്ത്രിക്കാൻ ഏതറ്റം വരെയും പോകാമെന്ന് മന്ത്രിമാരോട് പ്രസിഡന്റ്.

ഇക്വഡോർ ∙ കൊറോണ വൈറസ് തങ്ങളുടെ വംശംതന്നെ നശിപ്പിക്കുമെന്ന ഭീതിയിൽ ഒരു വിഭാഗം ഗോത്രവർഗക്കാർ ആമസോൺ വനത്തിലേക്കു പലായനം ചെയ്തു.

ഹോങ്കോങ് ∙ ചൈന, മക്കാവു, തയ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 1.73 ലക്ഷം പേരെ നിർബന്ധിത ക്വാറന്റീനിൽ പ്രവേശിപ്പിച്ചതായി ഹോങ്കോങ്

പാക്കിസ്ഥാൻ ∙ യുഎഇയിൽ നിന്നു മടങ്ങുന്ന തൊഴിലാളികളിൽ രോഗം സ്ഥിരീകരിച്ചതിൽ ആശങ്ക.

ഇളവുകൾ, അയവുകൾ

തയ്‌വാൻ ∙ രോഗവ്യാപനം മന്ദഗതിയിലായതിനെത്തുടർന്ന് പൊതുസമ്മേളനങ്ങൾക്കും പൊതു ഇടങ്ങളിലെ കലാ, കായിക പരിപാടികൾക്കുമുള്ള നിയന്ത്രണം നീക്കി. ബേസ്ബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ സ്റ്റേഡിയത്തിൽ പ്രവേശനം 1000 പേർക്കു മാത്രമെന്നു നിയന്ത്രിച്ചിട്ടുണ്ട്.

ചൈന ∙ വുഹാനിൽ 2 മാസത്തിലേറെയായി അടച്ചിട്ടിരുന്ന സ്കൂളുകൾ തുറന്നു. അതിർത്തിയിലെ നിയന്ത്രണം നീക്കി. ഷാങ്ഹായ് ഡിസ്നി ലാൻഡ് 11നു തുറക്കും.

ദക്ഷിണ കൊറിയ ∙ ബേസ് ബോൾ സീസൺ പുനരാരംഭിച്ചു. തൽക്കാലം കാണികൾക്ക് പ്രവേശനമില്ല.

ഇനി യുദ്ധത്തിന്റെ രണ്ടാം ഘട്ടമെന്ന് ട്രംപ്

വാഷിങ്ടൻ ∙ കോവിഡ് ഒറ്റദിവസം 2,333 പേരുടെ ജീവൻ അപഹരിക്കുമ്പോഴും രോഗവ്യാപനം മന്ദഗതിയിലായെന്നും കാര്യങ്ങൾ നിയന്ത്രണത്തിലെന്നുമുള്ള അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറസിനെതിരായ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലാണു രാജ്യമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിപണി തുറക്കാനുമുള്ള നടപടികളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണത്തിനായി രൂപവൽക്കരിച്ച ദൗത്യസേന പിരിച്ചുവിടാൻ ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.

Content Keywords: Covid19, Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com