ADVERTISEMENT

കേപ് കനാവറൽ (ഫ്ലോറി‍ഡ, യുഎസ്) ∙ ശതകോടീശ്വരൻ ഇലോൺ മസ്കിന്റ സ്പെയ്സ് എക്സ് കമ്പനി വികസിപ്പിച്ച അതിനൂതന ‘ക്രൂ ഡ്രാഗൺ’ കാപ്സ്യൂളിലേറി നാസയുടെ ബോബ് ഡെങ്കനും ഡഗ് ഹർലിയും സുരക്ഷിതരായി രാജ്യാന്തര ബഹിരാകാശ നിലയമണഞ്ഞു. പ്രാദേശിക സമയം ഇന്നലെ രാവിലെ 10.16നായിരുന്നു (ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 7.46ന് ) ലോകം ഉറ്റുനോക്കിയ ‘ഡോക്കിങ്’ ഘട്ടം അരങ്ങേറിയത്.

അമേരിക്കൻ മണ്ണിൽനിന്ന്, യുഎസ് പേടകത്തിൽ 2 യുഎസ് ഗഗനചാരികളുടെ 19 മണിക്കൂർ യാത്ര ഉദ്വേഗഭരിതം. ശനിയാഴ്ച ഉച്ചകഴിഞ്ഞു 3.22നു ഫാൽകൺ 9 റോക്കറ്റ് വിക്ഷേപിച്ചു മിനിറ്റുകൾക്കകം ആദ്യഘട്ട ബൂസ്റ്റർ റോക്കറ്റ് വേർപെട്ടു ഭൂമിയിലേക്കു തിരികെയെത്തി മുൻനിശ്ചയിച്ചതുപോലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ലാൻഡിങ് തട്ടിൽ വന്നുനിന്നു.

9 വർഷത്തിനുശേഷമാണു യുഎസിൽനിന്നു പേടകവിക്ഷേപണം. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ഒരു സ്വകാര്യബഹിരാകാശകമ്പനിയുടെ പേടകം ഉപയോഗിക്കുന്നതും ആദ്യം. ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലെത്താൻ റഷ്യയുടെ സോയുസ് പേടകമാണ് അമേരിക്കയുൾപ്പെടെ രാജ്യങ്ങൾ ആശ്രയിക്കുന്നത്. 

സ്വകാര്യകമ്പനിയുടെ പേടകം വിജയകരമായി നിലയത്തിലെത്തിയതോടെ ഇത്തരം യാത്രകൾക്ക് ഇനി മുതൽ അമേരിക്കയ്ക്കു റഷ്യയുടെ സഹായം തേടേണ്ടിവരില്ല. ഇന്നലെ ഡ്രാഗൺ സ്പെയ്സ് എക്സ് പേടകം എത്തുമ്പോൾ, വടക്കൻ ചൈനയ്ക്കും മംഗോളിയയ്ക്കും ഇടയ്ക്കുള്ള അതിർത്തിക്കു മുകളിലായി 422 കിലോമീറ്റർ ഉയരത്തിലായിരുന്നു ഐഎസ്എസിന്റെ സ്ഥാനം.

English summary: Dragon SpaceX arrives at Space station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com