ADVERTISEMENT

തിരുവനന്തപുരം ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ ഏർപ്പെടുത്തിയ കുടിയേറ്റ വിലക്കിന്റെ തുടർച്ചയാണു വീസ നിയന്ത്രണം. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കു പകരം അമേരിക്കക്കാർക്കു തൊഴിലവസരം നൽകുകയാണു ലക്ഷ്യം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നറുക്കിട്ട് (ലോട്ടറി സിസ്റ്റം) വീസ നൽകുന്നതിനു പകരം മെറിറ്റ് അടിസ്ഥാനത്തിൽ വീസ നൽകുന്ന രീതിയും യുഎസ് ഏർപ്പെടുത്തും. ഇതനുസരിച്ച് ഉയർന്ന ശമ്പളം വാങ്ങുന്നവർക്കാകും മുൻതൂക്കം. 

ഐടി ജീവനക്കാർ ഏറെ ഉപയോഗിക്കുന്നതാണു എച്ച്1ബി. മാനേജർ / എക്സിക്യൂട്ടീവ് തസ്തികയിലുള്ളവർക്കാണ് എൽ1. ഭക്ഷ്യ–കാർഷിക രംഗത്തെ തൊഴിലാളികൾക്കുള്ളതാണ് എച്ച്2ബി. നിലവിൽ വീസ നടപടികളിലൂടെ കടന്നുപോകുന്നവർക്കും ഉടൻ വീസ ലഭിക്കാനിടയില്ല. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട വീസകൾക്ക് ഇളവുണ്ട്.

വീസ നിയന്ത്രണം തുടർന്നാൽ ഇന്ത്യൻ ഐടി കമ്പനികൾക്കു പോലും യുഎസിൽ നിന്നുതന്നെ ആളുകളെ റിക്രൂട്ട് ചെയ്യേണ്ടി വരും. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നൈപുണ്യമുള്ളവരെ നഷ്ടമാകുമെന്നതിനാൽ ഗൂഗിൾ, ആപ്പിൾ, ആമസോൺ, ടെസ്‍ല ഉൾപ്പെടെയുള്ള പ്രമുഖ യുഎസ് കമ്പനികൾ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

H1B-Visa-in-2019-JPG

യുഎസിലേക്കുള്ള എച്ച്1ബി വീസയുടെ മുക്കാൽ പങ്ക് അപേക്ഷകളും ഇന്ത്യയിൽ നിന്നായതിനാൽ നിയന്ത്രണങ്ങൾ ഏറെ തിരിച്ചടിയാകുക ഇന്ത്യൻ യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങൾക്ക്. ഇത്തരം വീസയ്ക്ക് ഈ വർഷം ലഭിച്ച അപേക്ഷകളിൽ 67.7% ഇന്ത്യയിൽ നിന്നായിരുന്നു; 2019ൽ 74.5 ശതമാനവും (3.13 ലക്ഷം). രണ്ടാം സ്ഥാനത്തുള്ള ചൈനയുടേതു 2019ൽ ആകെയുള്ള അപേക്ഷകളുടെ വെറും 11.8% ആയിരുന്നു. 

ഈ വർഷത്തെ വീസയുടെ ഫയലിങ് ഉൾപ്പെടെ പൂർത്തിയാക്കാനിരിക്കെയാണു തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ യാത്രാവിലക്കുള്ളതിനാലും ഐടി കമ്പനികളുടെ വിദേശ കരാറുകൾ കുറഞ്ഞതിനാലും ഈ തീരുമാനം ഹ്രസ്വകാലത്തേക്കു കാര്യമായി ബാധിക്കാനിടയില്ലെന്നും വാദമുണ്ട്. ഗ്രീൻ കാർഡിനു കൂടി പിടിവീഴുന്നതോടെ ദീർഘകാലത്തേക്കു ദോഷകരമായി ബാധിക്കും. നിലവിലുള്ള എച്ച്1ബി വീസ പുതുക്കാനും കഴിയില്ല. 

തള്ളൽ നിരക്ക് അഞ്ചിരട്ടി!

ട്രംപ് ഭരണത്തിലേറിയ ശേഷം ടിസിഎസ്, ഇൻഫോസിസ്, വിപ്രോ ഉൾപ്പെടെ ഇന്ത്യൻ കമ്പനികളുടെ വീസ അപേക്ഷകൾ തള്ളുന്നതിന്റെ തോതു വർധിച്ചു. ട്രംപിനു മുൻപ് അപേക്ഷ തള്ളുന്നതിന്റെ ശരാശരി നിരക്ക് 6% ആയിരുന്നെങ്കിൽ 2020ൽ ഇത് 30% ആയി. ഇതിനു പുറമേ അപേക്ഷയുടെ ചെലവും വർധിപ്പിച്ചതിനാൽ കേരളം ആസ്ഥാനമായ കമ്പനികൾ പോലും എച്ച്1ബി വീസ കുറച്ച് യുഎസുകാരെ റിക്രൂട്ട് ചെയ്തുതുടങ്ങിയിരുന്നു. 

പ്ലാൻ ബി: ഒപിടി

എഫ്1 സ്റ്റുഡന്റ് വീസയിൽ എത്തി പഠിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് കഴിഞ്ഞ് ഒരു വർഷം കൂടി ജോലി ചെയ്യാൻ കഴിയുന്ന ‘ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയിനിങ്’ (ഒപിടി) കമ്പനികൾ അവസരമാക്കുന്നുണ്ട്. കോഴ്സ് കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ജോലിക്കു കയറി ക്രമേണ ഇത് എച്ച്1ബി വീസയാക്കാം. നിയന്ത്രണങ്ങൾക്കിടയിലും ഒപിടി രീതിക്ക് ഇളവുള്ളതിനാൽ യുഎസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഇതു ഗുണകരമാകും. 

65,000 എച്ച്1ബി വീസയാണ് ഓരോ വർഷവും നൽകുന്നത്. ഇതു കൂടാതെ, യുഎസ് മാസ്റ്റർ ബിരുദമുള്ളവർക്ക് 20,000 വീസകൾ നൽകുന്നുണ്ട്.

English Summary: H1B Visa restriction in USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com