ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരേ നെൽസൻ മണ്ടേലയ്ക്കൊപ്പം നിന്നു പോരാടി ചരിത്രത്തിൽ ഇടംനേടിയ ആൻഡ്രൂ മൻഗേനി (95) അന്തരിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി 1964 ൽ മണ്ടേലയ്ക്കൊപ്പം ജയിലിൽ അടയ്ക്കപ്പെട്ട 8 പോരാളികളിൽ അവസാനത്തെ കണ്ണിയാണ് മൻഗേനി. 26 വർഷം തടവിലായിരുന്നു.

1951 ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ (എഎൻസി) യുവജനവിഭാഗത്തിൽ ചേർന്നു. വെള്ളക്കാരുടെ വംശീയഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ സായുധ പരിശീലനത്തിനു മണ്ടേല തിരഞ്ഞെടുത്ത ആദ്യ 5 പേരിലൊരാളായിരുന്നു. വിദേശ പരിശീലനം നേടി തിരിച്ചെത്തിയ ശേഷം ദക്ഷിണാഫ്രിക്കയിലെങ്ങും പുരോഹിത വേഷത്തിൽ സഞ്ചരിച്ചാണ് അദ്ദേഹം യുവാക്കളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തത്.

ചരിത്രപ്രസിദ്ധമായ റിവോണിയ വിചാരണയിൽ മണ്ടേലയ്ക്കൊപ്പം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മൻഗേനി, റോബൻ ദ്വീപിലെ ജയിലിലായിരുന്നു തടവിൽ കഴിഞ്ഞത്. 1989 ൽ ജയിൽമോചിതനായ ശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ ജനാധിപത്യ പാർലമെന്റിൽ എംപിയായി. എഎൻസി നേതാക്കൾക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ രൂപം നൽകിയ സമിതിയുടെ അധ്യക്ഷനായിരുന്നു.

കഴിഞ്ഞ ജൂൺ 6നു 95–ാം ജന്മദിനത്തിൽ പ്രസിഡന്റ് സിറിൽ റാമഫോസ, മുൻ പ്രസിഡന്റ് താബോ എംബക്കി തുടങ്ങിയ പ്രമുഖർ ആശംസകൾ നേരാൻ എത്തിയിരുന്നു.

English summary: Andrew Mlangeni passes away 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com