ADVERTISEMENT

വാഷിങ്ടൻ ∙ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ യുഎസ് ഉത്തരവിട്ടതോടെ ഇരുരാജ്യങ്ങളും നയതന്ത്ര ഏറ്റുമുട്ടലിലേക്ക്. ഏകപക്ഷീയവും പ്രകോപനപരവുമായ തീരുമാനം പിൻവലിച്ചില്ലെങ്കിൽ എതിർനടപടിയുണ്ടാവുമെന്നു ചൈന പ്രതികരിച്ചു.

ചൈനീസ് ഹാക്കർമാർ കോവിഡ് വാക്സിൻ ഗവേഷണ വിവരങ്ങൾ ചോർത്തുന്നുവെന്ന യുഎസ് ജസ്റ്റിസ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണു നടപടി. യുഎസ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങളും ബൗദ്ധിക സ്വത്തവകാശമുള്ള വിവരങ്ങളും വൻതോതിൽ മോഷ്ടിക്കപ്പെട്ടതായും പറയുന്നു.

വാഷിങ്ടനിലെ എംബസിക്കു പുറമേ യുഎസിലെ 5 ചൈനീസ് കോൺസുലേറ്റുകളിലൊന്നാണു ടെക്സസിലെ ഹൂസ്റ്റണിലുള്ളത്. തിരിച്ചടിയുടെ ഭാഗമായി വൂഹാനിലെയും ഹോങ്കോങ്ങിലെയും യുഎസ് കോൺസുലേറ്റുകൾ പൂട്ടിക്കാനുള്ള ആലോചനയിലാണു ചൈന. രണ്ടിടത്തും ചൈനാവിരുദ്ധ സമരങ്ങളെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.

കോൺസുലേറ്റ് പൂട്ടണമെന്ന ഉത്തരവ് ലഭിച്ചതായി ബെയ്ജിങ് സ്ഥിരീകരിച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി എട്ടോടെ ഹൂസ്റ്റണിലെ കോൺസുലേറ്റ് വളപ്പിൽ തീ ഉയർന്നതായും റിപ്പോർട്ടുണ്ട്. വൻതോതിൽ രേഖകൾ കൂട്ടിയിട്ടു കത്തിച്ചതോടെയാണു തീ ഉയർന്നതെന്ന് ഹൂസ്റ്റൺ അഗ്നിശമനസേനാ അധികൃതർ പറഞ്ഞു. കടലാസുകൾ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ വിഡിയോകളും പ്രചരിക്കുന്നുണ്ട്.

കോവിഡിന്റെ ഉറവിടം സംബന്ധിച്ച ആക്ഷേപങ്ങൾ അടക്കം വിവിധ വിഷയങ്ങളിൽ കുറെ മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഭിന്നത രൂക്ഷമാണ്. അമേരിക്കൻ ബൗദ്ധിക സ്വത്തവകാശങ്ങളും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുകയാണു നടപടിയുടെ ലക്ഷ്യമെന്നു യുഎസ് അധികൃതർ വിശദീകരിച്ചു.

English summary: US orders closure of Chinese consulate in Houston

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com