ADVERTISEMENT

യുറോപ്പിൽ കേസുകൾ കുത്തനെ കൂടിയതോടെ കഴിഞ്ഞ ദിവസം ലോകത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന. 33.8 ലക്ഷം കേസുകളാണ് ലോകത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്തത്.രോഗ വ്യാപനം നിയന്തണാതീതമായ സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല നഗരങ്ങളും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 

∙ ജർമനിയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ധാരണയായതായി ചാൻസലർ അംഗല മെർക്കൽ പറഞ്ഞു. മാസ്ക് ധരിക്കലും അകലം പാലിക്കലും കർശനമാക്കി. 

∙ യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. യുകെയിലെ പല ഭാഗത്തും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മരണനിരക്ക് 7 ശതമാനമായി. ലോകത്തിലെ കോവിഡ് കേസുകളിലെ 16 ശതമാനവും യൂറോപ്പിലാണ്. 22% മരണവും യുറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്.

∙നേപ്പാളിൽ കോവിഡ് കേസുകൾ വർധിച്ചു. രണ്ടായിരത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ ആകെ കേസുകൾ ഒരു ലക്ഷം കടന്നു.

∙ ഇറാനിൽ അത്യാവശ്യമുള്ള രോഗികൾക്കു മാത്രം കിടത്തി ചികിത്സ മതിയെന്നു തീരുമാനം. കോവിഡ് മരണവും രോഗ വ്യാപനവും കൂടിയതിനാലാണിത്. മരണം 28000 കവിഞ്ഞു.

∙ യുക്രെയ്നിൽ കൂടുതൽ ആശുപത്രികൾ തുറക്കാൻ തീരുമാനം. 70 ശതമാനത്തിലധികം കിടക്കകളും നിറഞ്ഞു.

∙ യുഎസിൽ കഴിഞ്ഞ ദിവസം 56000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വീണ്ടും പഴയ നിയന്ത്രണങ്ങളിലേക്കു മടങ്ങിപ്പോകാൻ ആരോഗ്യ വുകുപ്പ് ജനങ്ങളോടു നിർദേശിച്ചു. അടുത്ത മാസത്തോടെ ഇനിയും കേസുകൾ കൂടുമെന്നാണു നിഗമനം.

∙ ബ്രസീലിൽ 50 ലക്ഷം കേസുകൾ പിന്നിട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും ബ്രസീലിലാണ്. 

ഉറവിടം ചൈനയല്ലെന്ന്   ചൈന

കോവിഡ് ലോകത്തിന്റെ പലഭാഗത്തായി ഉദ്ഭവിച്ചതാണെന്നും തങ്ങൾ ആദ്യം കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടേയുള്ളൂവെന്നും ചൈനയുടെ വാദം. ആദ്യം പ്രതിവിധി ചെയ്തെന്നും ചൈന അവകാശപ്പെട്ടു.

വാക്സീൻ: ഒരുങ്ങി യുകെ

വാക്സീൻ ലഭ്യമായാലുടൻ വിതരണം ഉറപ്പാക്കാൻ ഇന്ത്യയിലേതിനു സമാനമായ നടപടികളുമായി യുകെയും. വാക്സീൻ പരമാവധി ആളുകളിലെത്തിക്കാൻ 5 മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളും തുറക്കും. അടുത്ത മാസം ആദ്യം മുതൽ നടപടികൾ ആരംഭിക്കുമെന്നാണു റിപ്പോർട്ട്. 

ഡിസംബറിനു മുമ്പ് വാക്സീൻ ലഭ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിർത്തുകയാണ് യുകെ. അടുത്ത വർഷം ജൂലൈയോടെ വാക്സീൻ ലഭ്യമായാൽ വിതരണത്തിനു ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം അടക്കം നടപടികളിലേക്കു കടക്കുകയാണെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നടക്കുന്ന ഓക്സ്ഫഡ് സർവകലാശാല - അസ്ട്രാസെനക മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലം ഒരു മാസത്തിനുള്ളിൽ തന്നെ ലഭിക്കും. ഇതു മുന്നിൽക്കണ്ടാണ് ഒരുക്കങ്ങൾ തുടരുന്നത്.

ഇന്ത്യയിൽ വ്യാപനം കുറയുന്നു:  ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലത്തെ കണക്കു പ്രകാരം നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8.93 ലക്ഷമാണ്. ഒരു മാസത്തിനു ശേഷമാണ് ഇത് 9 ലക്ഷത്തിൽ താഴെയെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ഭേദമായവരിൽ 75% കേരളമടക്കം 10 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണു കേരളം. 

അതേസമയം, ഉത്തരേന്ത്യയിൽ ശൈത്യവും ഉത്സവകാലവും ആരംഭിക്കാനിരിക്കെ, കോവിഡ് വീണ്ടും പിടിമുറുക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് ആകെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 69,04,008 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,496 പേർക്കു ബാധിച്ചു. ആകെ മരണം– 1,06,528. കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള മരണം– 964. 

English summary: Covid surge in Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com