ബ്രെക്സിറ്റ് വ്യാപാരക്കരാറായി; ആശ്വാസദിനമെന്ന് ഇയു
![brexit brexit](https://img-mm.manoramaonline.com/content/dam/mm/mo/opinion/k-obeidulla/images/2019/2/25/brexit.jpg?w=1120&h=583)
Mail This Article
ലണ്ടൻ, ബ്രസൽസ് ∙ നെടുനീളൻ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ‘ബ്രെക്സിറ്റ്’ വ്യാപാരക്കരാറായി. കഴിഞ്ഞ ജനുവരി അവസാനം ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ (ഇയു) വിട്ടതിനു ശേഷമുള്ള പരിവർത്തന കാലഘട്ടം അവസാനിക്കുന്നതിന് 7 ദിവസം ബാക്കി നിൽക്കെയാണ് ഇരു പക്ഷത്തിനും സ്വീകാര്യമായ കരാറിലെത്തിയത്. ഇരു പക്ഷവും കരാറിന് ഒരാഴ്ചയ്ക്കുള്ളിൽ പാർലമെന്റിന്റെ അംഗീകാരം നേടണം. ഡിസംബർ 30നു ബ്രിട്ടിഷ് പാർലമെന്റിൽ വോട്ടെടുപ്പു നടക്കും.
ശ്രമകരവും ദുർഘടവുമായ വഴികൾ താണ്ടിയുള്ള ചർച്ചകൾക്കു ശേഷം കരാറായതിൽ ആശ്വാസവും സംതൃപ്തിയുമുണ്ടെന്നു ഇന്നലെ വൈകിട്ടു ബ്രസൽസിൽ നടത്തിയ മാധ്യമസമ്മേളനത്തിൽ യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വൊൺ ദെർ ലെയൻ പറഞ്ഞു. എല്ലാം അടിമുടി മാറുമെന്നും ഒറ്റവിപണിയിലെ ഇയു അംഗരാഷ്ട്രമെന്ന നിലയിൽ ബ്രിട്ടന് ഉണ്ടായിരുന്ന സവിശേഷ ആനുകൂല്യങ്ങളെല്ലാം നഷ്ടപ്പെടുകയാണെന്നും ഇയു ഭാഗത്തു ചർച്ചകൾക്കു നേതൃത്വം നൽകിയ മിഷേൽ ബാർനിയെ സൂചിപ്പിച്ചു.
സാധ്യമായതിൽ മികച്ച കരാറാണെന്ന് ലണ്ടനിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു. ബ്രിട്ടൻ ഇനി മുതൽ യൂറോപ്യൻ നീതിന്യായക്കോടതിയുടെ കീഴിൽ വരില്ല. യുകെയിൽ നിന്നുള്ള വിദ്യാർഥികൾക്ക് യൂറോപ്യൻ സർവകലാശാലാപഠനത്തിനു പിന്തുണ നൽകിയിരുന്ന ഇറാസ്മസ് പദ്ധതി നിർത്തലാക്കി പുതിയ ആഗോള പദ്ധതി രൂപീകരിക്കും. തൊഴിൽ സംബന്ധിച്ചും മത്സ്യബന്ധന അവകാശങ്ങളുടെ കാര്യത്തിലും ബ്രിട്ടൻ അതിന്റെ പരമാധികാരം തിരിച്ചുപിടിച്ചെന്നും ജോൺസൻ പറഞ്ഞു. 2016 ൽ നടത്തിയ ഹിതപരിശോധനയിലാണു യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്.
English Summary: Brexit trade deal