ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിലെ ജനാധിപത്യവിരുദ്ധ നടപടികളിൽ പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം ഏഷ്യൻ രാജ്യങ്ങളും പ്രതിഷേധിച്ചുതുടങ്ങിയതോടെ പട്ടാള ഭരണകൂടത്തിനു മേൽ രാജ്യാന്തര സമ്മർദം ശക്തമായി. പ്രക്ഷോഭത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 238 ആയി.

അയൽരാജ്യങ്ങളായ ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവയാണ് പട്ടാള അട്ടിമറിയെയും അടിച്ചമർത്തലിനെയും അപലപിച്ചത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പട്ടാളഭരണകൂടം കാട്ടുന്ന അതിക്രമങ്ങളെ അപലപിച്ചിരുന്നു. ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങിയവ പട്ടാളഭരണകൂടവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിച്ചു.

പട്ടാളത്തിന്റെ കിരാത നടപടികൾ ശമിക്കുന്നില്ലെന്നു വന്നതോടെ ജനങ്ങൾ പുതിയ സമരമുറകളിലേക്കു നീങ്ങി. പൊലീസോ പട്ടാളമോ ഇല്ലാത്തിടത്തു സംഘടിച്ചു പ്രതിഷേധിച്ച ശേഷം അവരെത്തുന്ന മുറയ്ക്കു സ്ഥലംവിടുകയാണ് ഒരു രീതി. ചില സംഘങ്ങൾ രാത്രി മെഴുകുതിരികളും പ്ലക്കാർഡുകളുമേന്തി പ്രകടനം നടത്തിയശേഷം ഫോട്ടോ എടുത്തു സ്ഥലംവിടുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടും വരെ പ്രക്ഷോഭം തുടരുമെന്ന് എഴുതിയ പ്ലക്കാർഡുകൾ മാത്രം തെരുവിൽ നിരത്തി ‘ആളില്ലാ പ്രകടന’മാണ് മറ്റൊരു പ്രതിഷേധരീതി. ലക്ഷ്യം നേടുംവരെ ഏതു തരത്തിലും പ്രതിഷേധം തുടരുമെന്നാണ് സമരക്കാർ പറയുന്നത്.

ഇതിനിടെ, മ്യാൻമറിൽ നിന്ന് വരുന്ന അഭയാർഥികൾക്ക് അഭയം നൽകണമെന്ന് മിസോറം മുഖ്യമന്ത്രി സൊറം തങ്‌ക പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Content Highlights: Myanmar protest: international pressure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com