കോവിഡ് ബാധിതർക്ക് സാന്ത്വനമേകി മാർപാപ്പ

HIGHLIGHTS
  • ക്രിസ്തുവിന്റെ കുരിശ് ദൈവത്തിന്റെ സിംഹാസനമെന്നു ഫ്രാൻസിസ് മാർപാപ്പ
pope francis
ദുഃഖവെള്ളിയാഴ്ച നാളിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപം കോവിഡ് പ്രതിരോധ കുത്തിവയ്പെടുക്കാനെത്തിയവർക്ക് അരികിലെത്തിയ ഫ്രാൻസിസ് മാർ‌പാപ്പ. ചിത്രം: റോയിട്ടേഴ്സ്
SHARE

വത്തിക്കാൻ ∙ ദുഃഖവെള്ളിയാഴ്ച നാളിൽ, കോവിഡ് പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നതിനെത്തിയ പാവപ്പെട്ടവർക്ക് സാന്ത്വനമായി ഫ്രാൻസിസ് മാർപാപ്പ. രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപം പാവപ്പെട്ടവർക്കും ഭവനരഹിതർക്കും സൗജന്യമായി കുത്തിവയ്പ് നൽകുന്ന വേദിയിൽ അപ്രതീക്ഷിതമായാണ് പാപ്പ എത്തിയത്. കുത്തിവയ്പ് നൽകുന്നതിനെത്തിയ ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

ക്രിസ്തുവിന്റെ കുരിശ് സ്നേഹത്തിന്റെയും സേവനത്തിന്റെയും സമ്പൂർണ സമർപ്പണത്തിന്റെയും ആവിഷ്ക്കാരമാണെന്ന് മാർപാപ്പ ട്വീറ്റ് ചെയ്തു. ക്രിസ്തുവിന്റെ കുരിശ് ദൈവത്തിന്റെ സിംഹാസനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

pope
ദുഃഖവെള്ളി ശുശ്രൂഷകൾക്കിടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താരയ്ക്കു മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്ന ഫ്രാൻസിസ് മാർ‌പാപ്പ. ചിത്രം: എഎഫ്പി

പെസഹാ വ്യാഴാഴ്ച നാളിൽ, മാർപാപ്പ കുർബാന അർപ്പിച്ചത് കഴിഞ്ഞ വർഷം സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കർദിനാൾ ആഞ്ജലോ ബെച്ചുവിനോടൊത്താണ്. വത്തിക്കാനിൽ മാർപാപ്പ കഴിഞ്ഞാൽ രണ്ടാം സ്ഥാനക്കാരനായ കർദിനാൾ ബെച്ചു, പണം ദുർവിനിയോഗം ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് പുറത്താക്കപ്പെട്ടത്. എന്നാൽ, ഇതുവരെ ഇതു തെളിയിക്കപ്പെടുകയോ വത്തിക്കാനു പണം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നതിനാലാണ് മാർപാപ്പ കർദിനാൾ ബെച്ചുവിനെ തിരുക്കർമങ്ങളിൽ സഹകരിപ്പിച്ചതെന്നു കരുതുന്നു. വൈകിട്ടത്തെ തിരുവത്താഴ ശുശ്രൂഷകൾക്ക് കാർഡിനൽസ് കോളജ് ഡീൻ ആയ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റയും നേതൃത്വം നൽകി.

കോവിഡ് പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും മാർപാപ്പ കാൽകഴുകൽ ശുശ്രൂഷകൾ ഒഴിവാക്കി. മുൻവർഷങ്ങളിൽ ജയിലുകളിലും അഭയാർഥി കേന്ദ്രങ്ങളിലും പോയി പാപ്പ കാൽകഴുകൽ ശുശ്രൂഷകൾ നടത്തിയിരുന്നു.

കോവിഡ് ഭീതി കുറഞ്ഞുതുടങ്ങിയതോടെ, കഴിഞ്ഞ വർഷം അടഞ്ഞുകിടന്നിരുന്ന തീർഥാടനകേന്ദ്രങ്ങൾ ചെറിയ തോതിൽ തുറന്നു തുടങ്ങി. കഴിഞ്ഞ വിശുദ്ധ വാരക്കാലത്ത് ജറുസലം ലോക്ഡൗണിലായിരുന്നു. വത്തിക്കാനിലെ വിശുദ്ധ വാരാചരണത്തിൽ ചെറുസംഘങ്ങൾ പങ്കെടുക്കുന്നു. ഇത്തവണ, ഹോളി സെപ്പൾക്കർ പള്ളി ചെറിയ തീർഥാടകസംഘങ്ങൾക്കായി തുറന്നിട്ടുണ്ട്. ഇസ്രയേലിൽ ഹോട്ടലുകളും പ്രവർത്തിച്ചു തുടങ്ങി. എന്നാൽ വിമാന സർവീസ് പരിമിതമായതിനാൽ വിദേശ തീർഥാടകരില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA