മൈക്കൽ കോളിൻസ്: അപ്പോളോ–11 ദൗത്യത്തിന്റെ കാവൽക്കാരൻ

615299030
ചന്ദ്രനിൽ നിന്നു തിരിച്ചെത്തിയ ശേഷം പ്രത്യേക പേടകത്തിൽ ക്വാറന്റീനിലായ നീൽ ആംസ്ട്രോങ്, മൈക്കൽ കോളിൻസ് , എഡ്വിൻ ആൽഡ്രിൻ എന്നിവരെ അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൺ സന്ദർശിച്ചപ്പോൾ (ഫയൽചിത്രം).
SHARE

ന്യൂയോർക്ക് ∙ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ചയാളെന്നാണ് മൈക്കൽ കോളിൻസ് എക്കാലവും വിശേഷിപ്പിക്കപ്പെട്ടത് . മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച 1969 ലെ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ അദ്ദേഹത്തിനു സാധിച്ചില്ല.

നീൽ ആംസ്ട്രോങ്ങിനെയും എഡ്വിൻ ആൽഡ്രിനെയും വഹിച്ച് ഈഗിൾ അഥവാ ലൂണാർ മൊഡ്യൂൾ താഴേക്കു പുറപ്പെട്ടപ്പോൾ, കമാൻഡ് മൊഡ്യൂളായ കൊളംബിയയെ നിയന്ത്രിച്ച് ചന്ദ്രനെ ഭ്രമണം ചെയ്യാനായിരുന്നു അന്നു 39 വയസ്സുള്ള കോളിൻസിന്റെ നിയോഗം.

ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിൽ ചെലവിട്ട 22 മണിക്കൂർ സമയം, പ്രപഞ്ചത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനായി അദ്ദേഹം മാറി. ഇതിനിടയിൽ ചന്ദ്രന്റെ വിദൂരവശത്തേക്കു കമാൻഡ് മൊഡ്യൂൾ പോകുമ്പോൾ ഹൂസ്റ്റണിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും അദ്ദേഹത്തിനു നഷ്ടമായി...അന്നേ വരെ ഒരു മനുഷ്യനും അനുഭവിക്കാത്ത പരിപൂർണമായ ഏകാന്തത.

തന്റെ സഹയാത്രികർ ചന്ദ്രനിലിറങ്ങി സാംപിളുകൾ ശേഖരിച്ച സമയം, കോളിൻസ് ചന്ദ്രോപരിതലത്തിലേക്കും ഭൂമിയിലേക്കും മാറിമാറി നോക്കുകയായിരുന്നു. ചന്ദ്രനെക്കാൾ താൻ ഓർക്കുന്നതു ഭ്രമണപഥത്തിലിരിക്കെ താൻ കണ്ട ഭൂമിയുടെ ദൃശ്യമാണെന്ന് പിന്നീടൊരിക്കൽ അദ്ദേഹം പറഞ്ഞു. അതിമനോഹരം എന്നാണ് ആ ദൃശ്യത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.ചന്ദ്രനു സമീപം പോയെങ്കിലും ചന്ദ്രനെക്കാൾ ചൊവ്വയാണ് കോളിൻസിനെ ആകർഷിച്ചത്.

അപ്പോളോ 11 ന്റെ ഏറ്റവും നിർണായകമായ ദൗത്യം നിർവഹിച്ചത് കോളിൻസാണ്. ആംസ്ട്രോങ്ങും ആൽഡ്രിനും പുറപ്പെട്ട ലൂണാർ മൊഡ്യൂളിന് എന്തെങ്കിലും അപകടം പറ്റിയാൽ അവരെ രക്ഷിക്കേണ്ട കടമ അദ്ദേഹത്തിനായിരുന്നു. മൂന്നു യാത്രക്കാരിൽ ഏറ്റവും മിടുക്കനും കോളിൻസായിരുന്നു. ഒറ്റയ്ക്ക് പേടകം പറപ്പിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ.

യുഎസ് വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന കോളിൻസ് 1963 ലാണു നാസയിൽ ചേർന്നത്. ആദ്യദൗത്യം ജെമിനി 10 ആയിരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശനടത്തം നടത്തിയ നാലാമത്തെ മനുഷ്യനാകാൻ കോളിൻസിനു സാധിച്ചു. അദ്ദേഹത്തിന്റെ അവസാനദൗത്യമായിരുന്നു അപ്പോളോ 11. പിന്നീട് 1970ൽ നാസയിൽ നിന്നു വിരമിച്ച കോളിൻസ് പിൽക്കാലത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ പ്രവർത്തിച്ചു. തുടർന്ന് സ്മിത്ത്സോണിയൻ നാഷനൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായി.

ഇതിനു ശേഷമുള്ള ജീവിതത്തിലും പല പ്രവർത്തനങ്ങളുമായി സജീവമായിരുന്നു കോളിൻസ്. നീൽ ആംസ്ട്രോങ് 2012ൽ അന്തരിച്ചു. മനുഷ്യരാശിയുടെ അത്യുന്നതങ്ങളിലെ കാൽവയ്പിനു കാരണമായവരിൽ ഇനി എഡ്വിൻ ആൽഡ്രിൻ മാത്രം ബാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA