പ്രണയ, ദാമ്പത്യങ്ങളുടെ നഷ്ട ‘സോഫ്റ്റ്‌ വെയർ’; ലോകത്തെ ഞെട്ടിച്ച് ഗേറ്റ്സ് വേർപിരിയൽ

Bill Gates and Melinda
ബിൽ ഗേറ്റ്സും മെലിൻഡയും (Photo by Ludovic MARIN / AFP)
SHARE

സിയാറ്റിൽ‌ ∙ 3 പതിറ്റാണ്ടു മുൻപ്, അത്താഴവിരുന്നിൽ ഒരുമിച്ചിരുന്നും കടങ്കഥ പറഞ്ഞും ഗണിതക്കളി കളിച്ചും തുടങ്ങിയ അനുരാഗത്തെ വിവാഹത്തിലെത്തിക്കാൻ ബിൽ ഗേറ്റ്സിനും മെലിൻഡയ്ക്കും വർഷങ്ങളുടെ ആലോചന വേണ്ടിവന്നു. ഇപ്പോൾ ആ ബന്ധം വേർപിരിയുന്നതും ചെറുതല്ലാത്ത കാലത്തെ ആലോചനയ്ക്കു ശേഷം. 

ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് ആത്മകഥയിലും അഭിമുഖങ്ങളിലും മെലിൻഡ സൂചിപ്പിച്ചിരുന്നത്, മൈക്രോസോഫ്റ്റ് കമ്പനി നടത്തിപ്പിന്റെ തിരക്കുകളുള്ള ഭർത്താവിനെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളായി മാത്രം അവശേഷിക്കുകയായിരുന്നു ഇതുവരെ. ദിവസം 16 മണിക്കൂർ നിർത്താതെ ജോലി ചെയ്യുന്ന ബില്ലിനൊപ്പം വിവാഹബന്ധം ദുഷ്കരമായിരുന്നെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

ദ്വീപിലൊരു വിവാഹം 

1200-bill-gates-melinda

1975 ൽ പോൾ അലനൊപ്പമാണു ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 1994 ൽ മെലിൻഡയെ വിവാഹം കഴിക്കുമ്പോൾത്തന്നെ അദ്ദേഹം കോടീശ്വരനായി മാറിക്കഴിഞ്ഞിരുന്നു. ഹവായിയിലെ ലനായ് എന്ന മനോഹര ദ്വീപിൽ വിവാഹച്ചടങ്ങിന് ആൾക്കൂട്ടം വേണ്ടെന്ന് ഇരുവരും ആഗ്രഹിച്ചു. ക്ഷണിക്കാതെ തന്നെ ആളുകൾ ഇടിച്ചുകയറി വന്നാലോയെന്നു പേടിച്ച് പ്രദേശത്തു ലഭ്യമായിരുന്ന എല്ലാ ഹെലികോപ്റ്ററുകളും ഗേറ്റ്സ് വാടയ്ക്കെടുത്തു മാറ്റി വച്ചെന്നാണു കഥ. 

വനിത, കുടുംബ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു പിവറ്റൽ വെൻചഴ്സ് എന്ന ഇൻവെസ്റ്റ്മെന്റ് കമ്പനി സ്ഥാപിച്ച മെലിൻഡ ലോകപ്രശസ്തനായ ഭർത്താവിന്റെ നിഴലിൽനിന്നു പുറത്തുവന്ന് ആക്ടിവിസ്റ്റ് എന്ന നിലയിലും സ്വന്തം മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ജെനിഫർ  (25), റോറി (21) ഫീബി (18) എന്നിവരാണു മക്കൾ. അവകാശികളെന്ന നിലയിൽ ഇവർക്കു ലഭിക്കാവുന്ന കുടുംബസ്വത്തിൽ ഗേറ്റ്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

പണം ഇങ്ങനെയും  ചെലവഴിക്കാം 

PEOPLE-BILL GATES/DIVORCE

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ കോവിഡുമായി ബന്ധപ്പെട്ട സേവനപ്രവർത്തനങ്ങൾക്കായി 175 കോടി ഡോളറാണ് കഴിഞ്ഞ വർഷം നീക്കിവച്ചത്. 2019 അവസാനത്തിലെ കണക്കനുസരിച്ച് 4330 കോടി ഡോളറാണ് ഫൗണ്ടേഷന്റെ ആസ്തി. ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനി ബോർഡിൽ ഇപ്പോൾ അംഗമല്ല. 3,580 കോടി മൂല്യമുള്ള കമ്പനി ഓഹരി ഫൗണ്ടേഷനു സംഭാവന നൽകുകയും ചെയ്തിരുന്നു. 

ആഗോളതലത്തിലെ ആരോഗ്യ, ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 5000 കോടിയിലേറെ ഡോളർ ഈ ഫൗണ്ടേഷൻ ചെലവഴിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായത്തിൽ യുഎസ് കഴിഞ്ഞാൽ ഏറ്റവും വലിയ തുക സംഭാവന നൽകുന്നത് ഫൗണ്ടേഷനാണ്. 

ശതകോടീശ്വരൻ വാറൻ ബഫറ്റുമൊത്തു ബില്ലും മെലിൻഡയും സ്ഥാപിച്ച ‘ഗിവിങ് പ്ലെജ്’ പദ്ധതിയിൽ പങ്കാളികളായി പകുതിയോളം സ്വത്ത് ജീവകാരുണ്യപ്രവർത്തനങ്ങളിൽ ചെലവിടാൻ മാർക്ക് സക്കർബർഗും മൈക്ക് ബ്ലൂംബർഗും ഉൾപ്പെടെ മറ്റു ശതകോടീശ്വരന്മാരുമുണ്ട്. 

ജെഫ് ബെസോസ് വിവാഹമോചനം 

Jeff-Bezos-and-MacKenzie
ജെഫ് ബെസോസും മകെൻസി സ്കോട്ടും

ശതകോടീശ്വരനായ ആമസോൺ മേധാവി ജെഫ് ബെസോസും ഭാര്യ മകെൻസി സ്കോട്ടും വിവാഹമോചനം നേടിയത് സമീപകാലത്തു വാർത്താപ്രാധാന്യം നേടിയിരുന്നു. വിവാഹമോചന കരാർ പ്രകാരം ലഭിച്ച തുകയുമായി മകെൻസി 3,800 കോടി ഡോളറിന്റെ ആസ്തി കൈവരിച്ച് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ കോടീശ്വരിയായി മാറി. 

∙  നന്നായി ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനം. ദമ്പതികളെന്ന നിലയിൽ ഇനി മുന്നോട്ടില്ല. കഴിഞ്ഞ 27 വർഷത്തിനിടെ ഞങ്ങൾ 3 മക്കളെ വളർത്തി. എല്ലാവരും ആരോഗ്യത്തോടെ ജീവിതം നയിക്കണമെന്ന ലക്ഷ്യത്തോടെ ലോകത്തെമ്പാടും സേവനം ചെയ്യുന്ന ഒരു ഫൗണ്ടേഷൻ കെട്ടിപ്പടുത്തു. ആ ദൗത്യം ഞങ്ങൾ തുടരും. ഫൗണ്ടേഷനിൽ ഒരുമിച്ചുണ്ടാകും. പക്ഷേ, ഭാര്യാഭർത്താക്കന്മാർ എന്ന ബന്ധം ഇനി വളരാനാകുമെന്ന വിശ്വാസം ഞങ്ങൾക്കു നഷ്ടപ്പെട്ടിരിക്കുന്നു. പുതു ജീവിതങ്ങളിലേക്കു പ്രവേശിക്കുന്ന ഈ വേളയിൽ സ്വകാര്യത ആഗ്രഹിക്കുന്നു.

-ബിൽ ഗേറ്റ്സും (65) മെലിൻഡ ഗേറ്റ്സും (56) ട്വിറ്ററിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA