ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിലെ പട്ടാള ഭരണകൂടത്തെ എതിർക്കുന്ന സായുധ ഗോത്രവർഗ സേന മൊബ്യെ പട്ടണത്തിലെ പൊലീസ് സ്റ്റേഷൻ പിടിച്ചെടുത്ത് 13 പട്ടാളക്കാരെ വധിച്ചു. 4 പേരെ ബന്ദികളാക്കി. പൊലീസ് സ്റ്റേഷനും വാഹനത്തിനും തീയിട്ടു. തലസ്ഥാനമായ നെയ്പീദോയിൽ നിന്ന് 100 കിലോമീറ്റർ കിഴക്കാണ് മൊബ്യെ പട്ടണം. ചൈനീസ് അതിർത്തിയിലെ മ്യൂസിൽ ഗോത്രസേനകൾ പട്ടാളവുമായി ഏറ്റുമുട്ടി.

ജനകീയ സർക്കാരിനെ അട്ടിമറിച്ച് കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചതിനെതിരെ ആരംഭിച്ച സമരം ശക്തമായി തുടരുന്നു. പലയിടത്തും ജനകീയ പ്രതിരോധ സേനകൾ കവണയും കല്ലും നാടൻ ആയുധങ്ങളുമായി പട്ടാളത്തെ നേരിടുന്നു. ആശുപത്രികൾക്കും സ്കൂളുകൾക്കും പുറമേ മിക്ക സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

ഇതേസമയം, പട്ടാള അട്ടിമറിയെ എതിർക്കുകയും ജനകീയസമരങ്ങളിൽ പങ്കെടുക്കുകയും ചെയ്ത 1,25,000 സ്കൂൾ അധ്യാപകരെ സസ്പെൻഡ് ചെയ്തു. രാജ്യത്തെ ആകെ അധ്യാപകരിൽ മൂന്നിലൊന്നു വരും ഇത്. 19,500 യൂണിവേഴ്സിറ്റി ജീവനക്കാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ജനകീയ നേതാവ് ഓങ് സാൻ സൂ ചിയുടെ പാർട്ടി നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) പിരിച്ചുവിടാൻ പട്ടാള ഭരണകൂടം നിയമിച്ച യൂണിയൻ ഇലക്‌ഷൻ കമ്മിഷൻ നടപടി ആരംഭിച്ചു. യൂറോപ്യൻ യൂണിയൻ അടക്കം ഒട്ടേറെ വിദേശരാജ്യങ്ങൾ ഇതിൽ പ്രതിഷേധിച്ചു. സൂചി ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഏതാനും ദിവസത്തിനുള്ളിൽ കോടതിയിൽ നേരിട്ട് ഹാജരാകുമെന്നും പട്ടാള ഭരണ മേധാവി മിൻ ഓങ് ലെയ്ങ് അറിയിച്ചു.

English Summary:Myanmar anti-coup insurgents seize police post, kill security forces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com