ADVERTISEMENT

ഹോങ്കോങ് ∙ ചൈനീസ് അധീശത്വത്തിന്റെ ചങ്ങലകൾ ഭേദിച്ച്, കഴിഞ്ഞ 26 വർഷം ജനാധിപത്യത്തിന്റെ നാവായിരുന്ന ആപ്പിൾ ഡെയ്‌ലി പത്രം ഹോങ്കോങ്ങിലെ വിവാദ ദേശസുരക്ഷാനിയമത്തിന് ഇരയായി അച്ചടി നിർത്തി. ഇന്നലെ പുറത്തിറങ്ങിയ അവസാനത്തെ അച്ചടി എഡിഷന്റെ 10 ലക്ഷം കോപ്പികൾ (സാധാരണ 80,000 കോപ്പികളാണ് അച്ചടിക്കാറുള്ളത്) രാവിലെ 8.30 ആയപ്പോൾ വിറ്റു തീർന്നു. പലയിടത്തും പത്രക്കെട്ട് എത്തുന്നതിനു മുൻപു തന്നെ വാങ്ങാനായി ജനങ്ങൾ വരി നിന്നു. പത്രത്തിന്റെ ഡിജിറ്റൽ എഡിഷനും ഇനി പ്രവർത്തിക്കില്ല. 

HONG KONG-CHINA-POLITICS-MEDIA
അവസാനദിവസത്തെ പത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ ജീവനക്കാർ വിതുമ്പുന്നു. ചിത്രം:എഎഫ്പി

പത്രം നിർത്തിയത് ഹോങ്കോങ്ങിലെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള കനത്ത പ്രഹരമാണെന്ന് ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് ഉൾപ്പെടെ ലോകം പ്രതികരിച്ചു.  

ചൈനയുടെ കളിപ്പാവകളായ ഹോങ്കോങ് അധികൃതർ നിയോഗിച്ച അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച പത്ര ഓഫിസിൽ നടത്തിയ റെയ്ഡിൽ ചീഫ് എഡിറ്ററെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുകയും 23 ലക്ഷം യുഎസ് ഡോളർ മൂല്യമുള്ള കമ്പനി ആസ്തികൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. 

ഇതോടെ പത്രം മുന്നോട്ടു കൊണ്ടുപോകാൻ പണമില്ലാതായി. ജനാധിപത്യറാലിയിൽ പങ്കെടുത്തതിന് സ്ഥാപകനായ ജിമ്മി ലായ് നേരത്തേതന്നെ ജയിലിലാണ്.

English Summary: Apple daily shut down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com