ADVERTISEMENT

കാബൂൾ ∙ അഫ്ഗാൻ പൗരന്മാർക്ക് അഭയം നൽകാൻ എല്ലാ രാജ്യങ്ങളും തയാറാകണമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) അഭ്യർഥിച്ചു. അഫ്ഗാൻ പൗരന്മാരിൽ ഏറെപ്പേർക്കും വിമാനമാർഗം രാജ്യം വിടാനാവാത്ത സ്ഥിതിയാണ്. അയൽരാജ്യങ്ങൾ അതിർത്തികൾ തുറക്കണമെന്നും അവർക്ക് അഭയം നൽകാൻ തയാറാകണമെന്നും യുഎൻ മനുഷ്യാവകാശ വിഭാഗമായ യുഎൻ ഹൈക്കമ്മിഷണർ ഫോർ റഫ്യൂജീസ് (യുഎൻഎച്ച്സിആർ) വക്താവ് ഷബിയ മൻതോ ജനീവയിൽ പറഞ്ഞു.

കഴിഞ്ഞ 2 ദശകം പാശ്ചാത്യസേനയുമായോ പദ്ധതികളിലോ സഹകരിച്ച അഫ്ഗാൻ പൗരന്മാരെ താലിബാൻ വേട്ടയായിത്തുടങ്ങിയ സാഹചര്യത്തിൽ അടിയന്തരവും വിശാലവുമായ രാജ്യാന്തര സഹായം ആവശ്യമാണെന്ന് മൻതോ പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 14 നു ശേഷം യുഎസ് കാബൂളിൽ നിന്ന് 9000 പേരെ ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനായി കാബൂളിൽ 5800 യുഎസ് സൈനികരുണ്ട്. 

യുഎസ്–നാറ്റോ സേനയ്ക്കുവേണ്ടി ജോലിയെടുത്ത അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ താലിബാൻ തിരച്ചിൽ ആരംഭിച്ചതായി കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അവർ സ്വയം കീഴടങ്ങിയില്ലെങ്കിൽ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്നാണു ഭീഷണി. രാജ്യം വിടാൻ വിമാനത്താവളത്തിൽ എത്തുന്നവരുടെ കൂട്ടത്തിലും താലിബാൻ തിരച്ചിൽ നടത്തുന്നുണ്ടെന്നാണു വിവരം. 

അഫ്ഗാൻ ഉൾപ്രദേശങ്ങളിൽ കുടുങ്ങിയ പൗരന്മാരെ വിമാനത്താവളത്തിലെത്തിക്കാൻ ജർമനി 2 ഹെലികോപ്റ്ററുകൾ അയച്ചു. ഒരാഴ്ചയ്ക്കിടെ ജർമനി 1600 പേരെ ഒഴിപ്പിച്ചു. അഫ്ഗാനിൽ സേനയുമായി സഹകരിച്ച എല്ലാവർക്കും അഭയം നൽകുമെന്നും വ്യക്തമാക്കി. പാക്കിസ്ഥാൻ കാബൂളിൽനിന്നുള്ള വിമാനസർവീസുകൾ ഇന്നലെ പുനരാരംഭിച്ചു. നിലവിൽ 20 ലക്ഷത്തിലേറെ അഫ്ഗാൻ അഭയാർഥികൾ പാക്കിസ്ഥാനിലുണ്ട്. ഇറാനിൽ 10 ലക്ഷത്തിലേറെയും. 

അഫ്ഗാൻകാർക്ക് അടിയന്തര വീസ അനുവദിക്കുന്ന പദ്ധതിക്ക് ഇന്ത്യയും തുടക്കമിട്ടു. സ്ത്രീകൾ, വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കായിരിക്കും മുൻഗണന. എന്നാൽ, ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനാണു നിലവിൽ മുൻഗണന. 

ഇതേസമയം, താലിബാനുമായുള്ള ധാരണ പ്രകാരം ഉസ്ബെക്കിസ്ഥാൻ 150 അഫ്ഗാൻ പൗരന്മാരെ മടക്കി അയച്ചുവെന്നു റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആരും രാജ്യം വിട്ടുപോകരുതെന്ന് ഇന്നലെ പള്ളികളിൽ ആഹ്വാനം ചെയ്യണമെന്നു താലിബാൻ നിർദേശം നൽകിയിരുന്നു. 

രാജ്യാന്തര പിന്തുണ തേടി താലിബാൻ

കാബൂൾ ∙ രാജ്യാന്തര തലത്തിൽ പിന്തുണ തേടി താലിബാൻ രംഗത്തിറങ്ങി. അഫ്ഗാൻ ജനതയുടെ ഇച്ഛയെ രാജ്യാന്തര സമൂഹം അംഗീകരിക്കണമെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ചൈനീസ് ടിവിക്കു നൽകിയ അഭിമുഖത്തിൽ അഭ്യർഥിച്ചു. വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള വനിതകളുടെ അവകാശം താലിബാൻ സംരക്ഷിക്കുമെന്നും പറഞ്ഞു. പാക്കിസ്ഥാന്റെ പിന്തുണയുള്ള താലിബാൻ ചൈനയുമായും സൗഹൃദം ശക്തമാക്കുകയാണ്. അഫ്ഗാൻ പുനർനിർമാണത്തിൽ ചൈനയ്ക്കു വലിയ പങ്ക് വഹിക്കാനാകുമെന്നും താലിബാൻ വക്താവ് പറഞ്ഞു.

Content Highlight: evacuation from Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com