ADVERTISEMENT

കാബൂൾ ∙ ഒഴിപ്പിക്കൽ ദൗത്യം നീളവെ, ഈ മാസം 31ന് അകം യുഎസ്– നാറ്റോ സേന അഫ്ഗാനിസ്ഥാൻ വിടണമെന്നു താലിബാൻ അന്ത്യശാസനം നൽകി. 31ന് അകം ഒഴിപ്പിക്കൽ പൂർത്തിയാക്കാനാവുമെന്നാണു പ്രതീക്ഷയെന്നു വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ആവശ്യമെങ്കിൽ തീയതി നീട്ടുമെന്നു ഞായറാഴ്ച സൂചിപ്പിച്ചിരുന്നു. ഇന്നുചേരുന്ന ജി7 രാജ്യങ്ങളുടെ വെർച്വൽ സമ്മേളനത്തിൽ ഇക്കാര്യം അന്തിമമായി തീരുമാനിക്കും.

31നു വിദേശ സേന പോയശേഷവും മതിയായ രേഖകൾ ഉള്ളവർക്കു യാത്രാവിമാനങ്ങളിൽ രാജ്യം വിടാൻ തടസ്സമുണ്ടാവില്ലെന്നു താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. എന്നാൽ വിദേശസൈന്യം തുടർന്നാൽ പ്രത്യാഘാതമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകി.

പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ കാബൂൾ വിമാനത്താവളത്തിൽ ഇന്നലെയും സംഘർഷമുണ്ടായി. യുഎസ് സേനയെ സഹായിക്കുന്ന അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവയ്പിൽ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു. സുരക്ഷാചുമതലയുള്ള യുഎസ്–ജർമൻ സൈനികർ തിരികെ വെടിവച്ചു. അക്രമികൾ ആരെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിമാനത്താവളത്തിനു പുറത്തു ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന താലിബാൻകാർ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് കീഴടങ്ങാതെ തുടരുന്ന പാഞ്ച്ശീർ പർവതമേഖല പിടിച്ചെടുക്കാൻ താലിബാൻ പടനീക്കം ശക്തമാക്കി. വടക്കൻ സഖ്യം കഴിഞ്ഞയാഴ്ച പിടിച്ചെടുത്ത 3 വടക്കൻ ജില്ലകൾ തിരിച്ചുപിടിച്ചതായി താലിബാൻ അവകാശപ്പെട്ടു.

English Summary: Taliban Warn Of "Consequences" If Afghan Pullout Extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com