ലോകം നടുങ്ങിയ ഭീകരാക്രമണത്തിന് ഇരുപതാണ്ട്: മാറിമറിഞ്ഞ് മധ്യപൂർവദേശ ഭരണം

World-Trade-Center-attack
SHARE

ന്യൂയോർക്ക് ∙ ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരുപതാണ്ട്. 2001ൽ യുഎസിനു നേർക്ക് ഭീകരസംഘടനയായ അൽഖായിദ നടത്തിയ ആക്രമണത്തിൽ മൂവായിരത്തിലേറെപ്പേരാണു കൊല്ലപ്പെട്ടത്. പിന്നാലെ രാജ്യാന്തര ഭീകരതയ്ക്കെതിരായ പോരാട്ടം ഏറ്റെടുത്ത അമേരിക്ക അഫ്ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, ലിബിയ, സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സൈനിക ഇടപെടലുകൾ നടത്തി. മധ്യപൂർവദേശത്തെ രാഷ്ട്രീയവും ഭരണവും സമാധാനവും ഇതോടെ മാറിമറിഞ്ഞു. 

നിരീക്ഷണ സംവിധാനങ്ങൾക്ക് ഉൾപ്പെടെ, ഭീകരവിരുദ്ധ പോരാട്ടത്തിന് യുഎസിന് 2 പതിറ്റാണ്ടിനിടെ ചെലവായത് 8 ലക്ഷം കോടി ഡോളറാണെന്ന് ബ്രൗൺ സർവകലാശാലയിലെ പഠനം കണക്കാക്കുന്നു. വിവിധ രാജ്യങ്ങളിലായി 9 ലക്ഷം പേർ മരിച്ചതായും റിപ്പോർട്ടിലുണ്ട്. മൂന്നരക്കോടി അഭയാർഥികളെ സൃഷ്ടിച്ചു. 

ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടു നീണ്ട തിരച്ചിലിനു ശേഷമാണ് കണ്ടെത്തി വധിച്ചത്. പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞ ലാദനെ 2011 മേയ് രണ്ടിനാണു യുഎസ് സൈനിക കമാൻഡോകൾ വധിക്കുന്നത്. ഭീകരാക്രമണത്തിനു പിന്നാലെ അറസ്റ്റിലായ ഖാലിദ് ഷെയ്‌ക്ക് മുഹമ്മദ് ഉൾപ്പെടെയുള്ള അൽഖായിദ നേതാക്കളുടെ വിചാരണ പൂർത്തിയായിട്ടില്ല. 

സെപ്റ്റംബർ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകളിൽ ചിലതു പുറത്തുവിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയിട്ടുണ്ട്. ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ദീർഘനാളായി ആവശ്യപ്പെട്ടിരുന്നതാണിത്. ഇന്ന് ഗ്രൗണ്ട് സീറോയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡന്റ് ബൈഡൻ പങ്കെടുക്കും. 

ആക്രമണത്തിന് സൗദി സർക്കാരിലെ ചിലർ ഒത്താശ ചെയ്തുവെന്നാരോപിച്ച് ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഉസാമ ബിൻ ലാദനും ആക്രമണത്തിനുപയോഗിച്ച വിമാനങ്ങൾ റാഞ്ചിയവരിൽ 15 പേരും സൗദി പൗരന്മാരാണ്. അക്രമികൾക്ക് യുഎസിലെത്താൻ സൗദി ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നാണ് ആരോപണം. 

പൂർത്തിയാകാതെ സ്മാരകം

വേൾഡ് ട്രേഡ് സെന്റർ സമുച്ചയം പുനർനിർമിക്കാനുള്ള പദ്ധതി ഇപ്പോഴും പാതിവഴിയിൽ. 2 ടവറുകൾ, ആർട്സ് സെന്റർ, പള്ളി എന്നിവയാണ് പൂർത്തിയാകാൻ ബാക്കിയുള്ളത്. ഗ്രൗണ്ട് സീറോയിൽ 9/11 സ്‌മാരകം ഭീകരാക്രമണത്തിന്റെ 10–ാം വാർഷിക ദിനത്തിൽ തുറന്നുകൊടുത്തിരുന്നു. 1,10,000 ചതുരശ്ര അടി വിസ്‌തീർണമുള്ള മ്യൂസിയം പിറ്റേവർഷം തുറന്നു. 

മൻഹാറ്റനിലെ 16 ഏക്കറിലായിരുന്നു വേൾഡ് ട്രേഡ് സെന്റർ. ഇതിന്റെ പകുതിയോളം ഭാഗത്താണു സ്‌മാരകം. ആക്രമണത്തിൽ നിലംപൊത്തിയ 2 ടവറുകൾ നിലനിന്നിരുന്ന അതേ സ്‌ഥലങ്ങളിലായി 2 ജലാശയങ്ങളാണു സ്‌ഥാപിച്ചിരിക്കുന്നത്. ഓരോന്നും ഒരേക്കർവീതം വ്യാപ്‌തിയുള്ളതാണ്. കൃത്രിമ ജലധാരകളുമുണ്ട്. 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ ജലാശയവക്കിൽ കൊത്തിവച്ചിട്ടുണ്ട്. 

നീണ്ട് നീണ്ട് വിചാരണ

ഭീകരാക്രമണത്തിന് ഉത്തരവാദികളെന്നു യുഎസ് കണ്ടെത്തിയ 5 പേരുടെ വിചാരണ ഇതേവരെ ആരംഭിച്ചിട്ടില്ല. വിചാരണയ്ക്കു മുൻപായി കഴിഞ്ഞയാഴ്ച ഇവരെ ഗൊണ്ടനാമോ ബേയിലെ സൈനിക കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. കോവിഡ് കാരണം 17 മാസങ്ങൾക്കു ശേഷമാണു നടപടി പുനരാരംഭിച്ചത്. ജനുവരിയിൽ നടക്കേണ്ട മിലിറ്ററി ട്രൈബ്യൂണൽ ജൂറി തിരഞ്ഞെടുപ്പും പൂർത്തിയായിട്ടില്ല. കുവൈത്തിൽ വളർന്ന പാക്ക് സ്വദേശി ഖാലിദ് ഷെയ്ഖ് മുഹമ്മദാണ് (56) പ്രതികളിൽ മുഖ്യൻ. ആക്രമണത്തിന്റെ നടത്തിപ്പ് ചുമതല ഇദ്ദേഹത്തിനായിരുന്നു. റംസി ബിൻ അൽ ഷിബ് (49), വിലിദ് ബിൻ അട്ടാ, ഖാലിദ് ഷെയ്ഖിന്റെ ബന്ധു അമ്മർ അൽ ബലൂച്, മുസ്തഫ അൽ ഹവ്സാവി എന്നിവരാണു മറ്റു പ്രതികൾ.

New-World-Trade-Center
വേൾഡ് ട്രേഡ് സെന്റർ ഇപ്പോൾ.

English Summary: 20th anniversary of world trade center attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA