ADVERTISEMENT

മോസ്കോ ∙ ഇന്ത്യയുടെ സുഹൃത്തും കമ്യൂണിസ്റ്റ് ‘ഇരുമ്പുമറ’ ഇല്ലാതാക്കിയ സോവിയറ്റ് ഭരണാധികാരിയുമായ നികിത ക്രൂഷ്ചേവ് അന്തരിച്ചിട്ട് 50 വർഷം. സോവിയറ്റ് യൂണിയനെ 11 വർഷം നയിച്ച ക്രൂഷ്ചേവ് അധികാരഭ്രഷ്ടനായ ശേഷം 7 വർഷം കഴിഞ്ഞ് 1971 സെപ്റ്റംബർ 10ന് ആണ് രോഗബാധിതനായി മരിച്ചത്. ആണവ യുദ്ധത്തിന്റെ വക്കിൽ നിന്ന് ലോകത്തെ വഴിതിരിച്ചുവിട്ട രാഷ്ട്രീയ നയതന്ത്രജ്ഞനും സമാധാനത്തിന്റെ യോദ്ധാവുമായിരുന്നു ക്രൂഷ്ചേവ്. 

ജോസഫ് സ്റ്റാലിനു ശേഷം 1953 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഎസ്​യു) ജനറൽ സെക്രട്ടറിയായ ക്രൂഷ്ചേവ് സ്റ്റാലിന്റെ ഏകാധിപത്യത്തെ വിമർശിക്കുകയും ക്രൂരതകൾ ലോകത്തോട് വിളിച്ചുപറയുകയും ചെയ്തു. രാഷ്ട്രീയ പ്രതിയോഗികളെയും പാർട്ടിയിലെ ‘വ്യതിചലനം’ സംഭവിച്ചവരെയും ജനങ്ങളുടെ ശത്രുക്കൾ എന്നു മുദ്രകുത്തി ഉന്മൂലനം ചെയ്ത സംഭവങ്ങൾ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. രഹസ്യപൊലീസിന്റെ പിന്തുണയോടെ നിലനിന്ന പൈശാചിക സമ്പ്രദായത്തിന് ക്രൂഷ്ചേവ് പൂർണവിരാമമിടുകയും പകരം നിയമവാഴ്ച കൊണ്ടുവരികയും ചെയ്തു. 

ലോക രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയതായിരുന്നു സോവിയറ്റ് പാർട്ടിയുടെ 20–ാം കോൺഗ്രസ്. അക്രമം പരിവർത്തനത്തിന് അനിവാര്യമെന്ന സിദ്ധാന്തം പൊളിച്ചെഴുതി സമാധാനപരമായ പരിവർത്തനം സാധ്യമാണെന്ന് ക്രൂഷ്ചേവ് പ്രഖ്യാപിച്ചു. കമ്യൂണിസത്തിലേക്കുള്ള പരിവർത്തനത്തിന് യുദ്ധം അനിവാര്യമാണെന്ന മാർക്സിയൻ സിദ്ധാന്തം അണുവായുധത്തിന്റെ വരവോടെ അപ്രസക്തകമായതായി അദ്ദേഹം അറിയിച്ചു. സമാധാനപൂർണമായ സഹവർത്തിത്വം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ നിലപാട് സോവിയറ്റ്– അമേരിക്കൻ ശീതസമരത്തിന്റെ മഞ്ഞുരുക്കി. 1959 ൽ അമേരിക്ക സന്ദർശിക്കുകയും പ്രസിഡന്റ് ഐസൻഹോവർക്ക് ഹസ്തദാനം നൽകുകയും ചെയ്തത് ലോകരാഷ്ട്രീയത്തിൽ വഴിത്തിരിവായി. 

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രമുഖ വിദേശ ഭരണത്തലവൻ ക്രൂഷ്ചേവ് ആയിരുന്നു. പ്രധാനമന്ത്രി ബുൾഗാനിനുമൊത്ത് അദ്ദേഹം നടത്തിയ ഇന്ത്യ സന്ദർശനം ചരിത്രമായി. ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിൽ ദീർഘകാലം നിലനിന്ന സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ഇന്ത്യയുമായുള്ള അതിർത്തിയുടെ പേരിൽ സംഘർഷത്തിനു മുതിർന്നതിന് ചൈനീസ് നേതാവ് മാവോ സെ ദുങ്ങിനോട് അദ്ദേഹം ക്ഷോഭിച്ച കഥയും പിൽക്കാലത്ത് പുറത്തുവന്നു.

Content Highlight: Nikita Krushchev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com