ലിസ്റ്റിനും മക്മില്ലനും രസതന്ത്ര നൊബേൽ; അദ്ഭുത പ്രതിബിംബങ്ങൾ സൃഷ്ടിച്ച മാന്ത്രികർ

benjamin
ബെഞ്ചമിൻ ലിസ്റ്റ് , ഡേവിഡ് മക്മില്ലൻ
SHARE

സ്റ്റോക്കോം ∙ രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ബെഞ്ചമിൻ ലിസ്റ്റ് (ജർമനി), ഡേവിഡ് ഡബ്ല്യു.സി. മക്മില്ലൻ (സ്കോട്‌ലൻഡ്/യുഎസ്) എന്നിവർക്ക്. അസിമട്രിക് ഓർഗാനോ കറ്റാലിസിസ് എന്ന പ്രക്രിയയിലൂടെയുള്ള തന്മാത്ര നിർമാണരീതി വികസിപ്പിച്ചതിനാണ് അംഗീകാരം. ഒരു കോടി സ്വീഡിഷ് ക്രോണർ (8.46 കോടി രൂപ) ഇവർ തുല്യമായി പങ്കിടും.

അദ്ഭുത പ്രതിബിംബങ്ങൾ സൃഷ്ടിച്ച മാന്ത്രികർ

ഔഷധങ്ങൾ മുതൽ സോളർ പാനലുകൾ വരെ വസ്തുക്കളിൽ ഉപയോഗിക്കുന്ന രാസതന്മാത്രകൾ വികസിപ്പിക്കാനുള്ള അസിമട്രിക് ഓർഗാനോ കറ്റാലിസിസ് രീതി വികസിപ്പിച്ചതാണ് ഡോ.ബെഞ്ചമിൻ ലിസ്റ്റിനും (53) ഡോ.ഡേവിഡ് മക്മില്ലനും (53) രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിക്കൊടുത്തത്. 

കോവിഡ് പശ്ചാത്തലത്തിൽ വലിയ ശ്രദ്ധയാണ് ഇത്തവണ രസതന്ത്ര നൊബേൽ നേടിയിരുന്നത്. വാക്സീൻ നിർമാണത്തിനുള്ള അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പിച്ച ശാസ്ത്രജ്ഞർക്ക് പുരസ്കാരം ലഭിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ, ഇവരെയെല്ലാം പിന്തള്ളിയാണ് ലിസ്റ്റും മക്മില്ലനും ലോകത്തിലെ ഏറ്റവും ഉന്നതമായ ശാസ്ത്ര പുരസ്കാരം സ്വന്തമാക്കിയത്. വൈദ്യശാസ്ത്ര, പരിസ്ഥിതി രംഗങ്ങളെ ഇരുവരുടെയും ഗവേഷണങ്ങൾ സഹായിച്ചെന്ന് പുരസ്കാര സമിതി വിലയിരുത്തി.

macmillan

ഓർഗനോ കറ്റാലിസിസ്

ഒരു രാസപ്രക്രിയയുടെ വേഗം കൂട്ടാൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളാണ് ഉത്പ്രേരകങ്ങൾ. ഇത്തരം വസ്തുക്കളുടെ ഉപയോഗം (കറ്റാലിസിസ്) രസതന്ത്രത്തിൽ സാധാരണമാണ്. ലോഹങ്ങളും എൻസൈമുകളുമാണ് ഉത്പ്രേരകങ്ങളായി ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ, ഓർഗാനോ കാറ്റലിസ്റ്റുകൾ എന്ന സവിശേഷ ഉത്പ്രേരകങ്ങൾ ലിസ്റ്റും മക്മില്ലനും വികസിപ്പിച്ചെടുത്തു. ജൈവ തന്മാത്രകളാണ് അവ.

ഒരു തന്മാത്രയുടെ പ്രതിബിംബമായ തന്മാത്രകൾ സൃഷ്ടിക്കുന്നതു പോലെയുള്ള ദുഷ്കര പ്രക്രിയകൾ ഓർഗനോ കറ്റാലിസിസ് ലഘൂകരിച്ചു. ഔഷധമേഖലയിലും മറ്റും വളരെയേറെ ഗുണങ്ങൾ ഇതുമൂലമുണ്ടായി. പാരോക്സെറ്റിൻ, ഒസെൽറ്റാമിവിർ തുടങ്ങിയ മരുന്നുകളുടെ നിർമാണം വേഗത്തിലാക്കാൻ ഈ രീതി സഹായിച്ചു.

സ്കോട്‌ലൻഡിലെ നോർത്ത് ലാനാർക്‌ഷറിൽ ജനിച്ച ഡേവിഡ് മക്മില്ലൻ, യുഎസിലെ ന്യൂജഴ്സിയിൽ പ്രിൻസ്റ്റൻ സർവകലാശാലയിലെ ഡിസ്റ്റിങ്ഗ്യൂഷ്ഡ് പ്രഫസറാണ്. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച ബെഞ്ചമിൻ ലിസ്റ്റ് മാക്സ് പ്ലാങ്ക് കോൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനും. 1901 മുതൽ നൽകിത്തുടങ്ങിയ രസതന്ത്ര നൊബേൽ ഇതുവരെ നേടിയവരുടെ എണ്ണം 187 ആയി. ഇവയിൽ ഏറ്റവും കൂടുതൽ നേടിയ രാജ്യം യുഎസാണ്.

nobel

ഇത്തവണ വനിതകളില്ല

വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ 3 വിഭാഗങ്ങളിലായുള്ള നൊബേൽ ജേതാക്കളിൽ  ഇത്തവണ വനിതാ ശാസ്ത്രജ്ഞരില്ല. കഴിഞ്ഞ വർഷം 3 വനിതകൾ ശാസ്ത്ര നൊബേൽ നേടിയിരുന്നു.

സാഹിത്യ നൊബേൽ ഇന്ന്

സാഹിത്യ നൊബേൽ സ്റ്റോക്കോമിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും (ഇന്ത്യൻ സമയം വൈകിട്ട് 4.30) സമാധാന നൊബേൽ ഓസ്‌ലോയിൽ നാളെ രാവിലെ 11നും (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30) പ്രഖ്യാപിക്കും.

English summary: Chemistry Nobel Prize winners 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA