ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. ലോകം നേരിടുന്ന വൻ വെല്ലുവിളിയിൽ എല്ലാവരും സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം ഇരുവരും ചർച്ച ചെയ്തതായി അറിയുന്നു. പ്രസിഡന്റായ ശേഷം ആദ്യമായി മാർപാപ്പയെ സന്ദർശിക്കാനെത്തിയ ബൈഡനും ഭാര്യ ജില്ലിനും ഊഷ്മള സ്വീകരണം ലഭിച്ചു. 

ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് പാപ്പയും യുഎസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച 75 മിനിറ്റ് നീണ്ടു. അതിനുശേഷം ബൈഡന്റെ ഭാര്യ ജില്ലും മറ്റും ചേർന്ന ഫോട്ടോ സെഷനിൽ 15 മിനിറ്റ് കൂടി മാർപാപ്പ ചെലവഴിച്ചു. ഇതാദ്യമാണ് ഒരു രാഷ്ട്രത്തലവനുമായി മാർപാപ്പ ഇത്രയേറെ സമയം കൂടിക്കാഴ്ച നടത്തുന്നത്.  

ഗർഭഛിദ്രത്തിനും സ്വവർഗവിവാഹത്തിനും അനുകൂലമായ നിലപാടിന്റെ പേരിൽ യുഎസിലെ ചില മെത്രാന്മാർ ബൈഡനെതിരാണ്. കുർബാന സ്വീകരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്ന് വാദിക്കുന്നവരുണ്ട്. 

ഗർഭഛിദ്ര വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് ബൈഡൻ പറഞ്ഞു. കുർബാന സ്വീകരിക്കുന്നത് തുടരണമെന്ന് മാർപാപ്പ പറഞ്ഞതായും അറിയിച്ചു. 

മാർപാപ്പ– ബൈഡൻ കൂടിക്കാഴ്ചയ്ക്കു മുൻപ് മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിക്കുന്നതായി അറിയിച്ചത് വിവാദമായി. നേരിട്ടുള്ള സംപ്രേഷണവും ഉണ്ടായില്ല. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വാർത്തയും ലഭ്യമാക്കുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് അറിയിച്ചു.

English Summary: Joe Biden meets Pope Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com