ADVERTISEMENT

ബഗ്ദാദ് ∙ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി (54) ‍‍ഡ്രോൺ ആക്രമണത്തിൽനിന്നു പരുക്കില്ലാതെ രക്ഷപ്പെട്ടു. ബഗ്ദാദിൽ അതീവസുരക്ഷാവലയത്തിലുള്ള പ്രധാനമന്ത്രിയുടെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ നിറച്ച 3 ഡ്രോണുകൾ ഉപയോഗിച്ചാണു ഞായറാഴ്ച പുലർച്ചെ ആക്രമണം നടന്നത്. ഇതിൽ രണ്ടെണ്ണം സുരക്ഷാ സേന നിർവീര്യമാക്കി. ഒരെണ്ണം പ്രധാനമന്ത്രിയുടെ വസതിയിൽ സ്ഫോടനമുണ്ടാക്കി. 7 സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിട്ടില്ല. 

കഴിഞ്ഞ മാസം 10 നു നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇറാൻ അനുകൂല ഷിയ വിഭാഗങ്ങളും സുരക്ഷാ സേനയും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണിത്. നേരത്തേ സർക്കാർ വിരുദ്ധ പ്രതിഷേധക്കാരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇറാഖ് രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവിയായ അൽ കാദിമി കഴിഞ്ഞ മേയിലാണു പ്രധാനമന്ത്രിയായത്. ആക്രമണത്തെ യുഎസ് ശക്തമായി അപലപിച്ചു. അതേസമയം യുഎസാണ് ആക്രമണത്തിനു പിന്നിലെന്ന് ഇറാൻ പ്രതികരിച്ചു. 

തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഷിയ വിഭാഗമായ സദറിസ്റ്റ് മൂവ്മെന്റിന്റെ നേതാവ് മുഖ്താദ അൽ സദർ സംഭവത്തെ ഭീകരാക്രമണം എന്നാണു വിശേഷിപ്പിച്ചത്. ഇറാന്റെ പിന്തുണയുണ്ടെങ്കിലും രാജ്യത്തു വിദേശ ഇടപെടൽ വേണ്ടെന്ന നിലപാടാണു സദറിന്റേത്. യുഎസ്–ഇറാൻ ചർച്ചയ്ക്കുവേണ്ടി ശ്രമം നടത്തുന്ന നേതാവാണു കാദിമി.

English Summary: Iraq Prime Minister Unhurt After Drone Attack At His Residence: Military

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com