ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിലെ പട്ടാള ഭരണകൂടം ഓങ് സാൻ സൂ ചിക്ക് എതിരെ 11 കേസുകളാണ് എടുത്തിട്ടുള്ളത്. കോവിഡ് ചട്ടം ലംഘിച്ചു, തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി, ലൈസൻസില്ലാത്ത വോക്കി ടോക്കി ഉപയോഗിച്ചു, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു തുടങ്ങിയ ഈ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നു വ്യാപക വിമർശനം ഉയ‍ർന്നിട്ടുണ്ട്. 

എന്നാൽ, രാജ്യത്തിനകത്തും പുറത്തുമുള്ള സമ്മർദങ്ങളെ അവഗണിച്ച് പട്ടാളം വിചാരണയുമായി മുന്നോട്ടു പോകുകയാണ്. അടുത്ത തിരഞ്ഞെടുപ്പിൽനിന്നു സൂ ചിയെ മാറ്റിനിർത്തുകയാണു ഉദ്ദേശ്യം. കേസിൽ ജയിൽശിക്ഷ അനുഭവിച്ചാൽ സർക്കാരിലെ ഉന്നതപദവികൾ വഹിക്കാനോ പാർലമെന്റ് അംഗമാകാനോ ഭരണഘടനാ ചട്ടം അനുവദിക്കുന്നില്ല.

കഴിഞ്ഞ നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സൂ ചി നയിക്കുന്ന പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയും പട്ടാള അനുകൂല കക്ഷികൾ പരാജയപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ വൻ കൃത്രിമം നടന്നുവെന്നാരോപിച്ചു പട്ടാളം രംഗത്തുവന്നെങ്കിലും തിര‍ഞ്ഞെടുപ്പു കമ്മിഷൻ അതു തള്ളി. പിന്നാലെ സൂ ചി അടക്കം നേതാക്കളെ പട്ടാളം തടവിലാക്കി. പട്ടാള നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഫെയ്സ്ബുക് പേജിലൂടെ സൂ ചി നടത്തിയ ആഹ്വാനമാണ് അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന കേസിന് കാരണമായത്. ഒക്ടോബറിൽ തിരഞ്ഞെടുപ്പു കാലത്തു നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ടാണു കോവിഡ് ചട്ടം ലംഘിച്ചെന്ന കേസുകൾ. 14നാണ് അടുത്ത കേസിലെ വിധി.

ഫെബ്രുവരി ഒന്നിനു പട്ടാളം അധികാരം പിടിച്ചശേഷം സൂ ചിയെ പുറത്തു കണ്ടിട്ടില്ല. അജ്ഞാത കേന്ദ്രത്തിലാണു തടവിലുള്ളത്. നയ്‌പിഡോയിലെ കോടതിയിലെ വിചാരണ നടപടികളും പരമ രഹസ്യമായാണു നടത്തിയത്. മാധ്യമങ്ങളെയോ കാഴ്ചക്കാരെയോ അനുവദിച്ചിരുന്നില്ല. കോടതിവിധി നിയമവകുപ്പ് ഉദ്യോഗസ്ഥനാണു പുറത്തുവിട്ടത്. സൂ ചിയുടെ അഭിഭാഷകർക്കു കോടതി നടപടി വിവരങ്ങൾ പുറത്തുവിടുന്നതിനു വിലക്കുണ്ടായിരുന്നു. സൂ ചിയുടെ കേസുകൾ കൈകാര്യം ചെയ്യുന്നതു പ്രത്യേക കോടതിയാണ്. രാഷ്ട്രീയ കേസുകൾക്കായി ഭരണകൂടം നിയോഗിക്കുന്നതാണ് ഈ കോടതി.

പട്ടാള ഭരണം 10 മാസം പിന്നിടുമ്പോഴും ജനകീയപ്രക്ഷോഭം ശമിച്ചിട്ടില്ല. സൂ ചിയെയും മറ്റു നേതാക്കളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ഞായറാഴ്ച മ്യാൻമറിലെ പ്രധാന നഗരങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു.

Content Highlight: Aung San Suu Kyi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com