ADVERTISEMENT

ബർലിൻ ∙ ലോകത്തെ ഏറ്റവും കരുത്തുറ്റ വനിതയെന്ന ഫോബ്സ് മാഗസിൻ അംഗീകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലം കൈവിടാത്ത അംഗല മെർക്കൽ ജർമൻ രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു. സെപ്റ്റംബറിൽ തിരഞ്ഞെടുപ്പുകഴിഞ്ഞു ചാൻസലർ പദവിയൊഴിഞ്ഞ്, കാവൽ മന്ത്രിസഭയെ നയിക്കുകയായിരുന്ന അവരുടെ പിൻഗാമിയായി ഒലാഫ് ഷോൾസ് ഇന്ന് അധികാരമേൽക്കും. അംഗലയോടൊപ്പം വൈസ് ചാൻസലറും ധനമന്ത്രിയുമായിരുന്നു ഷോൾസ്. 

ഷോൾസിന്റെ സോഷ്യൽ ഡമോക്രാറ്റ് പാർട്ടിയും ഗ്രീൻ പാർട്ടിയും ഫ്രീ ഡമോക്രാറ്റ് പാർട്ടിയും ചേർന്ന അസാധാരണ ത്രികക്ഷിസഖ്യമാണ് ഇനി ജർമനിയെ നയിക്കുക. മധ്യ–ഇടതു നിലപാടുള്ള സോഷ്യൽ ഡമോക്രാറ്റുകാരും പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിക്കാരും ബിസിനസ് സൗഹൃദ അജണ്ടയുള്ള ഫ്രീ ഡമോക്രാറ്റുകാരും ചേരുന്ന പുതിയ സഖ്യത്തിന് പാർലമെന്റിൽ മികച്ച ഭൂരിപക്ഷമുണ്ട്. മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡമോക്രാറ്റ് യൂണിയൻ പ്രതിപക്ഷത്തിരിക്കും. 

ശാസ്ത്രജ്ഞയായ അംഗല (67) 2005 നവംബർ 22നാണ് ജർമനിയുടെ ചാൻസലറായത്. തുടർച്ചയായ 4 തവണ ചാൻസലർ പദവിയിലിരുന്നപ്പോൾ 4 യുഎസ് പ്രസിഡന്റുമാർ, 4 ഫ്രഞ്ച് പ്രസിഡന്റുമാർ, 5 ബ്രിട്ടിഷ് പ്രധാമന്ത്രിമാർ, 8 ഇറ്റലി പ്രധാനമന്ത്രിമാർ എന്നിങ്ങനെ ലോകനേതൃനിരയിലെ മുഖങ്ങൾ മാറിമറിഞ്ഞു. ജർമനിയിൽ പക്ഷേ, കഴിഞ്ഞ 16 കൊല്ലവും മെർക്കൽ തന്നെ. 

കോവിഡ് ഉൾപ്പെടെ പ്രതിസന്ധികളുടെ ഈ കാലത്ത് പലതും പൂർത്തിയാക്കാൻ കഴിയാത്തതിന്റെ അസംതൃപ്തി ബാക്കിവച്ചാണു അവർ പടിയിറങ്ങുന്നത്. 

English Summary: End of an era, Germany's Angela Merkel bows out after 16 years; Olaf Scholz to take office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com