ADVERTISEMENT

വിൽനിയസ് (ലിത്വാനിയ) ∙ യുക്രെയ്നിലേക്ക് റഷ്യൻ ടാങ്കുകൾ കടന്നുകയറുമ്പോൾ ഉൾക്കിടിലത്തോടെ കഴിയുകയാണ് ബാൾട്ടിക് രാജ്യങ്ങളിലെ ജനങ്ങൾ. റഷ്യയുടെ ഏകാധിപത്യത്തിനു കീഴിൽ വീണ്ടും ഞെരിഞ്ഞമരേണ്ടി വരുമോ എന്ന ഭയത്തിലാണ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ ആയിരുന്ന എസ്റ്റോണിയ, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങൾ. 

സാംസ്കാരികമോ ഭാഷാപരമോ ആയി റഷ്യയുമായി ഒരു ബന്ധവുമില്ലാത്ത ഈ നാടുകളെ രണ്ടാം ലോക മഹായുദ്ധത്തിനു പിന്നാലെ ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയനോട് ബലമായി കൂട്ടിച്ചേർക്കുകയായിരുന്നു. അതിനു മുൻപും 200 വർഷത്തോളം റഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇവ. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു പിന്നാലെയാണ് ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിച്ചത്. 

സോവിയറ്റ് നുകത്തിൽ നിന്ന് മോചനം നേടിയതിനു പിന്നാലെ ഈ രാജ്യങ്ങൾ ‘നാറ്റോ’യിൽ അംഗങ്ങളായി. ‘നാറ്റോ’യിൽ അംഗത്വം എടുക്കാനുള്ള യുക്രെയ്ന്റെ തീരുമാനമാണ് പുടിനെ പ്രകോപിതനാക്കിയത്. പുടിന്റെ നീക്കം ഇപ്പോൾ തടഞ്ഞില്ലെങ്കിൽ യുക്രെയ്നു പിന്നാലെ ബാൾട്ടിക് രാജ്യങ്ങളിലേക്കും റഷ്യ കടന്നുകയറും എന്നാണ് ഈ രാജ്യങ്ങൾ കരുതുന്നത്. സ്വന്തം ചരിത്രമില്ലാത്ത, കൃത്രിമമായി സൃഷ്ടിച്ച രാജ്യമാണ് യുക്രെയ്ൻ എന്ന പുടിന്റെ പ്രസ്താവന തങ്ങൾക്കു കൂടിയുള്ള മുന്നറിയിപ്പായാണ് ഈ രാജ്യങ്ങൾ കാണുന്നത്. യുക്രെയ്ൻ പിടിക്കാനുള്ള യുദ്ധം യൂറോപ്പ് കീഴടക്കാനുള്ള യുദ്ധമായി മാറുമെന്നാണ് ആശങ്ക. 

യൂറോപ്പിൽ നിലവിലുള്ള അമേരിക്കൻ സൈന്യത്തിലെ ഒരു വിഭാഗം ബാൾട്ടിക് രാജ്യങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി എത്തുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം സന്തോഷത്തോടെയാണ് ഈ രാജ്യത്തെ ജനങ്ങൾ സ്വാഗതം ചെയ്തത്. 

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com