ADVERTISEMENT

അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി ഇന്ത്യയോട് 100 കോടി ഡോളർ കൂടി കടം ചോദിച്ച് ശ്രീലങ്ക. കഴിഞ്ഞയാഴ്ച നൽകിയ 100 കോടി ഡോളർ വായ്പ ഉപയോഗിച്ചു ഭക്ഷണവും ഇന്ധനവും രാജ്യത്തു ലഭ്യമാക്കിത്തുടങ്ങിയതിനു പിന്നാലെയാണ് അരി, ഗോതമ്പുപൊടി, പയർവർഗങ്ങൾ, പഞ്ചസാര, മരുന്നുകൾ എന്നിവയുടെ ഇറക്കുമതിക്കായി കൂടുതൽ സഹായം തേടിയത്.

ബംഗാൾ ഉൾക്കടൽ മേഖലയിലെ രാജ്യങ്ങളുടെ സാമ്പത്തിക, സാങ്കേതിക മേഖലകളിലെ സഹകരണത്തിനുള്ള കൂട്ടായ്മയായ ബിംസ്ടെക് സമ്മേളനത്തിനായി ഞായറാഴ്ച രാത്രി ലങ്കയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഇന്നലെ ശ്രീലങ്കൻ ധനകാര്യ മന്ത്രി ബാസിൽ രാജപക്സെയുമായി കൂടിക്കാഴ്ച നടത്തി. ‘അയൽക്കാർക്ക് ആദ്യം’ എന്ന തുറന്ന സമീപനം ശ്രീലങ്കയോട് എന്നുമുണ്ടാകുമെന്നു വ്യക്തമാക്കിയ മന്ത്രി കൂടുതൽ സഹായങ്ങൾ നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും അറിയിച്ചു.

ലങ്ക ഇന്ത്യൻ ഓയിൽ കമ്പനി മാനേജിങ് ഡയറക്ടർ മനോജ് ഗുപ്തയ്ക്കൊപ്പം നഗരത്തിലെ പെട്രോൾ പമ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ജയ്ശങ്കർ സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ത്യ ശ്രീലങ്കയ്ക്കു നൽകിയ 100 കോടി ഡോളർ സഹായത്തിൽ പകുതിയും ഇന്ധന ഇറക്കുമതിക്കായി ഉള്ളതായിരുന്നെന്നു മന്ത്രി വ്യക്തമാക്കി.

പെട്രോളിനും ഡീസലിനും വേണ്ടി പമ്പുകളിലെ ക്യൂവിന്റെ നീളം കുറഞ്ഞെങ്കിലും പൂർണമായും ഇല്ലാതായിട്ടില്ല.

ഏപ്രിൽ 14നാണ് ശ്രീലങ്കയുടെ പുതുവർഷം. അപ്പോഴേക്കും ഇന്ധന പ്രതിസന്ധി പൂർണമായി മാറുമെന്നാണു സർക്കാരിന്റെ ഉറപ്പ്. ഡോളറുമായി ശ്രീലങ്കൻ രൂപയ്ക്ക് തിങ്കളാഴ്ചയും തകർച്ചയായിരുന്നു. വെള്ളിയാഴ്ച ഒരു ഡോളറിന് 294 രൂപയായിരുന്നുവെങ്കിൽ ഇന്നലെ പലയിടത്തും 299 രൂപ വരെയെത്തി. കരിഞ്ചന്തയിൽ 300 നു മുകളിലാണു നിരക്ക്. റമസാനോടനുബന്ധിച്ച് ഇൗന്തപ്പഴത്തിന്റെ ഇറക്കുമതി നികുതി പൂർണമായും നീക്കി. 200 രൂപയാണ് ഒരു കിലോ ഇൗന്തപ്പഴത്തിന്റെ നികുതി.

 

അടിച്ചിറക്കിയത് നോട്ടിന്റെ കൂമ്പാരം

പിടിച്ചു നിൽക്കാനുള്ള വഴികളെല്ലാമടഞ്ഞപ്പോൾ ശ്രീലങ്ക നോട്ട് അടിച്ചു കൂട്ടിയതും ഇപ്പോഴത്തെ സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടാൻ കാരണമായി. കഴിഞ്ഞവർഷം ശ്രീലങ്കൻ‍ കേന്ദ്രബാങ്ക് (സിബിഎസ്എൽ) 1.20 ലക്ഷം കോടി രൂപ മൂല്യമുള്ള പുതിയ നോട്ടുകളാണ് അടിച്ചിറക്കിയത്. ഇന്ത്യൻ രൂപയുടെ നിരക്കിൽ 26,000 കോടി രൂപ വരുമിത്.

ഇത്തരത്തിൽ പുത്തൻ നോട്ടുകൾ അച്ചടിച്ചിറക്കാൻ രണ്ടു രീതികൾ അവലംബിക്കാനാകുമെന്നാണു കേന്ദ്ര ബാങ്ക് ഗവർണർ അജിത് നിവാർഡ് കബ്രാൾ വിശദീകരിക്കുന്നത്. ഒന്നുകിൽ അംഗീകൃത വാണിജ്യ ബാങ്കുകൾക്കോ സർക്കാരിനു തന്നെയോ സിബിഎസ്എൽ അനുവദിക്കുന്ന വായ്പയായി പുതിയ നോട്ടുകൾ പുറത്തിറക്കാം. സാങ്കേതികമായി ആഭ്യന്തര ആസ്തി സ്വരൂപിക്കൽ എന്നാണ് ഈ രീതി അറിയപ്പെടുന്നത്.

ഇതിനു പുറമേ ആഭ്യന്തര വിദേശനാണയ വിപണിയിൽനിന്നോ സർക്കാർ ശേഖരത്തിൽനിന്നോ വിദേശനാണയം സമാഹരിച്ചും സിബിഎസ്എല്ലിനു പുതിയ നോട്ടുകൾ അടിച്ചിറക്കാം. ഇപ്രകാരം ആഭ്യന്തരമായി സ്വരൂപിച്ചതും വിദേശത്തു നിന്നു സ്വരൂപിച്ചതുമായ ആസ്തികൾ ചേർന്നുള്ള ആകെ മൂല്യമാണു കരുതൽധനം.

ശ്രീലങ്കയുടെ കരുതൽ ധനത്തിൽ 2021ൽ 34,140 കോടി ലങ്കൻ രൂപ (ഏകദേശം 8,937 കോടി ഇന്ത്യൻ രൂപ) യുടെ മാത്രം വർധനയാണു രേഖപ്പെടുത്തിയതെന്നും കബ്രാൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പണമിടപാടുകൾ ഉയരുകയും കോവിഡ് 19 മഹാമാരി പടരുകയുമൊക്കെ ചെയ്ത സാഹചര്യത്തിൽ കൂടുതൽ നോട്ടുകൾ ലഭ്യമാക്കേണ്ടത് അനിവാര്യമായിരുന്നെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

 

English Summary: Sri Lanka seeks 100 crore dollar from India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com