ADVERTISEMENT

കാബൂൾ ∙ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തല മുതൽ പാദം വരെ മറയ്ക്കുന്ന ബുർഖ ധരിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. 1991 മുതൽ 2001 വരെയുള്ള മുൻ ഭരണകാലത്തും താലിബാൻ സമാന നിയമം നടപ്പാക്കിയിരുന്നു. 

സഹോദരിമാർ അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് താലിബാൻ സദാചാരവകുപ്പു മന്ത്രി ഖാലിദ് ഹനഫി പറഞ്ഞു. വീടിനു പുറത്ത് കാര്യമായ ജോലിയൊന്നുമില്ലെങ്കിൽ സ്ത്രീകൾ വീട്ടിലിരിക്കുന്നതാണു നല്ലതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇസ്‌ലാമിക തത്വങ്ങളും ഇസ്‌ലാമിക പ്രത്യയശാസ്ത്രവുമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും പറഞ്ഞു. ഏറെ പ്രായമായ വനിതകളും കൊച്ചുകുട്ടികളും ഒഴികെയുള്ളവർ കണ്ണുകളൊഴികെ മുഖം മൂടണമെന്നാണ് നിർദേശം. 

ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികൾക്ക് സ്കൂൾ പഠനം വിലക്കി നേരത്തേ താലിബാൻ ഉത്തരവിറക്കിയിരുന്നു. അധികാരമേറ്റപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ വെള്ളം ചേർത്ത് വീണ്ടും കർശന നിയമങ്ങൾ അടിച്ചേൽപ്പിക്കുകവഴി രാജ്യാന്തര സമൂഹത്തിൽനിന്ന് കൂടുതൽ അകലുകയാണ് താലിബാൻ ഭരണകൂടം എന്ന് ആക്ഷേപമുണ്ട്. 

കഴിഞ്ഞ ഓഗസ്റ്റിൽ അധികാരത്തിലെത്തിയതു മുതൽ താലിബാൻ നേതൃത്വം ആശയഭിന്നതയിലാണെന്നാണ് റിപ്പോർട്ട്. ആഭ്യന്തരമന്ത്രി സിറാജുദീൻ ഹഖാനിയെപ്പോലുള്ള യുവനേതാക്കൾ മക്കളെ പാക്കിസ്ഥാനിലയച്ച് പഠിപ്പിക്കുന്നതിലും സാധാരണക്കാർക്ക് അമർഷമുണ്ട്. 

ഈ വർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തെ മിക്ക സർവകലാശാലകളും തുറന്നു പ്രവർത്തനമാരംഭിച്ചെങ്കിലും പല പ്രവിശ്യകളിലും പെൺകുട്ടികൾക്കു പഠനം വിലക്കിയിരിക്കയാണ്. 

English Summary: Taliban announce women must cover faces in public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com