ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ പാക്ക് അതിർത്തിയോടു ചേർന്ന പഖ്തിക, ഖോസ്ത് പ്രവിശ്യകളിലുണ്ടായ ഭൂചലനത്തിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. 1500 പേർക്കു പരുക്കേറ്റു. ദുഷ്കരമായ ഹിന്ദുക്കുഷ് മലനിരകളിലായതുകൊണ്ടും അവശ്യസാമഗ്രികളുടെ അഭാവംകൊണ്ടും രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. 

ഇന്നലെ പുലർച്ചെ 2.24 ന് (ഇന്ത്യൻ സമയം 2.54) ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഖോസ്ത് നഗരത്തിന് 50 കിലോമീറ്റർ തെക്കു പടിഞ്ഞാറ് പഖ്തിക പ്രവിശ്യയിലാണെന്ന് പാക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 6.1 തീവ്രതയുണ്ടായിരുന്നു. പ്രഭവകേന്ദ്രം 10 കിലോമീറ്റർ മാത്രം ആഴത്തിലായതും ആഘാതം വർധിപ്പിച്ചു. 

ദരിദ്ര കർഷകരും ആട്ടിടയരും ഏറെയുള്ള ഈ മേഖലയിലെ വീടുകളും കെട്ടിടങ്ങളും ഗുണനിലവാരമില്ലാതെ നിർമിച്ചവയായത് നാശനഷ്ടങ്ങൾ കൂടാൻ ഇടയാക്കി. 500 കിലോമീറ്റർ ചുറ്റളവിൽ ആഘാതം അനുഭവപ്പെട്ടതായി യൂറോപ്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

2 പതിറ്റാണ്ട് നീണ്ട യുദ്ധവും തീവ്രവാദപ്രവർത്തനങ്ങളും തകർത്ത അഫ്ഗാനിൽ കഴിഞ്ഞ വർഷം താലിബാൻ ഭരണമേറ്റതോടെ യുഎസ് സേനയും പ്രധാന രാജ്യാന്തര സന്നദ്ധസംഘടനകളും സ്ഥലം വിട്ടിരുന്നു. അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനം താലിബാൻ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയാണ്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും ഇനിയും പ്രവർത്തനക്ഷമമാക്കിയിട്ടില്ല. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ വിമാന സർവീസുകൾ നടത്തുന്നുള്ളൂ. അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ട്. 

താലിബാൻ നേതാവ് ഹിബത്തുല്ല അഖുൻസാദ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുണ്ഡ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് രക്ഷാപ്രവർത്തനം ചർച്ച ചെയ്തു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് അഹമ്മദ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അഫ്ഗാൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യ അറിയിച്ചു. സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ദുരന്തത്തിൽപെട്ടവർക്കായി പ്രത്യേകം പ്രാർഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. 

രണ്ടു പതിറ്റാണ്ടിനിടെ അഫ്ഗാൻ നേരിടുന്ന ഏറ്റവും വിനാശകരമായ ഭൂചലനമാണിത്. 1998 ൽ ഇതേ തീവ്രതയുള്ള ഭൂചലനം അഫ്ഗാന്റെ വടക്കുകിഴക്കൻ മേഖലയിൽ 4500 പേരുടെ മരണത്തിനിടയാക്കിയിരുന്നു. 1997 ൽ ഹിന്ദുക്കുഷ് മലനിരകളിലുണ്ടായ ഭൂചലനത്തിൽ 848 പേർ കൊല്ലപ്പെട്ടു. 2015 ൽ അഫ്ഗാനിലും പാക്കിസ്ഥാനിലുമായുണ്ടായ ഭൂചലനത്തിൽ ഇരുന്നൂറിലേറെ പേർ മരിച്ചു. 

English Summary: Afghanistan earthquake kills more than thousand people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com