ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയുടെ അടുത്ത പ്രസിഡന്റ് റനിൽ വിക്രമസിംഗെയോ ഡള്ളസ് അലഹപ്പെരുമയോ എന്ന് ഇന്നറിയാം. 225 പാർലമെന്റംഗങ്ങൾ ചേർന്ന് ഇന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഏറ്റവും സാധ്യത കൽപിക്കുന്ന ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെയും (73, യുഎൻപി) ഡള്ളസ് അലഹപ്പെരുമയും (63, ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ്) തമ്മിലാണ് പ്രധാന മത്സരം. അനുര കുമാര ദിസനായകെയാണ് (53, ജനത വിമുക്തി പെരുമന) മത്സരരംഗത്തുള്ള മൂന്നാമത്തെ നേതാവ്.

പ്രതിപക്ഷ നേതാവും സമാഗു ജനബലവേഗയ (എസ്ജെബി) നേതാവുമായ സജിത് പ്രേമദാസ അലഹപ്പെരുമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മത്സരരംഗത്തുനിന്ന് മാറിയതോടെയാണ് മത്സരം കടുത്തത്. പാർലമെന്റിൽ 100 അംഗങ്ങളുള്ള ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന (എസ്എൽപിപി)യാണ് ഏറ്റവും വലിയ കക്ഷി. ഇതിൽ ഒരു വിഭാഗം റനി‍ൽ വിക്രമസിംഗെയെ പിന്തുണയ്ക്കുമ്പോൾ മറ്റൊരു വിഭാഗം അലഹപ്പെരുമയോടൊപ്പമാണ്. ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഗോട്ടബയ രാജപക്സെ അധികാരം വിട്ടൊഴിഞ്ഞതിനെ തുടർന്നാണ് പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 

അഴിമതി രഹിത പ്രതിഛായയുള്ള ഡള്ളസ് അലഹപ്പെരുമ മുൻ മന്ത്രിയും പത്രപ്രവർത്തകനും ഇടതുബുദ്ധിജീവിയുമാണ്. സിംഹള ദേശീയവാദത്തിന്റെ ഉറച്ച വക്താവാണ്. അതേസമയം, ഒന്നാംനിരയിൽ ഇതേവരെ വന്നിട്ടില്ലാത്ത ഇദ്ദേഹത്തെ സജിത് പ്രേമദാസ പിന്തുണയ്ക്കാൻ തീരുമാനിച്ചത് സമർഥമായ രാഷ്ട്രീയനീക്കമായി മാറി. അലഹപ്പെരുമ ജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സജിത് പ്രേമദാസ വരുമെന്നാണ് സൂചന. ഭരണകക്ഷിയായ എസ്എൽപിപിയുടെ ഭൂരിപക്ഷം അംഗങ്ങളും ഇതിന് തയാറാണെന്നാണ് പാർട്ടി ചെയർമാൻ ജി.എൽ.പെയിറിസ് പറഞ്ഞത്. ഇടതുപക്ഷ പാർട്ടിയായ ജെവിപിയുടെ നേതാവാണ് അനുര കുമാര ദിസനായകെ. 3 പാർലമെന്റംഗങ്ങൾ മാത്രമുള്ള ഇദ്ദേഹത്തിന് സാധ്യത കൽപിക്കുന്നില്ല. 

അതേസമയം, റനിൽ വിക്രമസിംഗെയോടുള്ള നാട്ടുകാരുടെ എതിർപ്പ് ശക്തമാകുകയാണ്. കഴിഞ്ഞദിവസം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രോഷം അണപൊട്ടി. അതിനിടെ, ഇന്ത്യൻ വീസ സെന്റർ ഡയറക്ടറായ വിവേക് വർമ കൊളംബോയിൽ വച്ച് രാത്രി ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റതായും ഇന്ത്യക്കാർ മുൻകരുതലെടുക്കണമെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പ് നൽകി.

English Summary: Sajith Premadasa withdraws candidacy; SJB to support Dullas for Presidency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com