ADVERTISEMENT

കൊളംബോ ∙ രാജ്യത്തെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കുക എന്ന ഹിമാലയൻ ദൗത്യം ഏറ്റെടുത്ത് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെ (73) സ്ഥാനമേറ്റു. പ്രസിഡന്റായിരുന്ന ഗോട്ടബയ രാജപക്സെ ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് രാജിവച്ച് രാജ്യം വിട്ടതോടെയാണ് പാർലമെന്റംഗങ്ങൾക്കിടയിൽ വോട്ടെടുപ്പു നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തിയത്. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ മുന്നിലാണ് രാജ്യത്തെ എട്ടാമത്തെ പ്രസിഡന്റായി റനിൽ ചുമതലയേറ്റത്. ഗോട്ടബയ രാജപക്സെയുടെ ശേഷിക്കുന്ന കാലാവധിയായ 2024 നവംബർ വരെ റനിലിന് തുടരാം. മുതിർന്ന നേതാവായ ദിനേശ് ഗുണവർധനയെ അടുത്ത പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചേക്കും. 20–25 അംഗങ്ങളുള്ള മന്ത്രിസഭ ഇന്ന് രൂപീകരിക്കും. 

മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തുടങ്ങിയവരുടെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരുമനയുടെ (എസ്എൽപിപി) പിന്തുണയോടെയാണ് റനിൽ വിജയിച്ചത്. 225 അംഗങ്ങൾക്കിടയിൽ 134 വോട്ടാണ് അദ്ദേഹത്തിന് കിട്ടിയത്. രാജപക്സെ കുടുംബത്തിന്റെ പിടി അയഞ്ഞിട്ടില്ല എന്നാണ് ഈ വിജയം സൂചിപ്പിക്കുന്നത്. അതിനാൽ മാസങ്ങളായി രാജ്യത്ത് തുടരുന്ന പ്രക്ഷോഭം റനിലിനെതിരെ തിരിഞ്ഞിട്ടുണ്ട്. നൂറുകണക്കിനു പേർ ഇന്നലെ പ്രതിഷേധത്തിനെത്തി. 

അതേസമയം, രാജപക്സെ കുടുംബത്തിൽ നിന്ന് അകന്നുനിൽക്കാൻ റനിൽ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ‘രാജപക്സെ കുടുംബത്തിന്റെ സുഹൃത്തല്ല, ജനങ്ങളുടെ സുഹൃത്താണ് ഞാൻ’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് മുൻപ് 6 തവണ പ്രധാനമന്ത്രി ആയിട്ടുള്ള റനിൽ വിക്രമസിംഗെ. 1948 നു ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭക്ഷണത്തിനും ഇന്ധനത്തിനും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. 

കറന്റില്ല; ലൈവ് തടസ്സപ്പെട്ടു

കൊളംബോ ∙ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്കു മുൻപ് പാർലമെന്റ് സമുച്ചയത്തിൽ വൈദ്യുതി തടസ്സപ്പെട്ടതോടെ ചാനലുകളുടെ ലൈവ് സംപ്രേഷണം നടന്നില്ല. നിയുക്ത പ്രസിഡന്റ് ചുവപ്പു പരവതാനിയിലൂടെ പ്രവേശിക്കുന്ന സമയത്താണ് കറന്റ് പോയത്. സാധാരണഗതിയിൽ വൈദ്യുതി നിലച്ചാൽ 2 മിനിറ്റിനകം ജനറേറ്ററുകൾ പ്രവർത്തിക്കേണ്ടതാണ്. എന്നാൽ, 10 മിനിറ്റ് നേരം വൈദ്യുതി മുടങ്ങി. സംഭവത്തെപ്പറ്റി സിഐഡി വിഭാഗം അന്വേഷണം തുടങ്ങി. 

English Summary: Ranil Wickremesinghe: Sri Lanka sees new president sworn into office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com