ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ദിനേശ് ഗുണവർധനെ (73) ചുമതലയേറ്റു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പുറത്തായ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വിശ്വസ്തനും രാജപക്സെ കുടുംബവുമായി അടുപ്പമുള്ള വ്യക്തിയുമാണ് ഗുണവർധനെ. 17 അംഗ മന്ത്രിസഭയും ചുമതലയേറ്റു. കഴിഞ്ഞ മന്ത്രിസഭയിൽ ധനകാര്യമന്ത്രി ആയിരുന്ന അലി സാബ്രി ആണ് പുതിയ വിദേശകാര്യമന്ത്രി. പ്രസിഡന്റ് റനിൽ വിക്രമസിംഗെ ധനവകുപ്പ് കൈകാര്യം ചെയ്യും. 

വിക്രമസിംഗെയുടെ സഹപാഠി കൂടിയായ ദിനേശ് ഗുണവർധനെ ഗോട്ടബയ സർക്കാരിൽ ആഭ്യന്തരമന്ത്രി ആയിരുന്നു. ഗുണവർധനെയുടെ മഹാജന ഏക്സത് പെരുമുന (എംഇപി) പാർട്ടി ഗോട്ടബയയുടെ ശ്രീലങ്ക പൊതുജന പെരുമനയുടെ (എസ്എൽപിപി) സഖ്യകക്ഷി ആണ്. 

ബ്രിട്ടിഷുകാർക്കെതിരെ സമരം നയിച്ച ശ്രീലങ്കയിലെ ‘സോഷ്യലിസത്തിന്റെ പിതാവ്’ ഫിലിപ് ഗുണവർധനെയുടെ മകനാണ് ദിനേശ്. രണ്ടാം ലോകയുദ്ധകാലത്ത് ഫിലിപും കുടുംബവും മുംബൈയിലാണ് ഒളിവിൽ കഴിഞ്ഞത്. അറസ്റ്റു ചെയ്ത് ഒരുവർഷത്തോളം മുംബൈയിലെ ജയിലിലും കഴിഞ്ഞു. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് ദിനേശ് ഗുണവർധനെ. 

ഇതിനിടെ, അടിയന്തരാവസ്ഥയുടെ മറപിടിച്ച് കൊളംബോയിൽ പ്രക്ഷോഭകരെ ഒഴിപ്പിക്കാൻ പുതിയ സർക്കാർ സൈനിക നടപടി തുടങ്ങി. കഴിഞ്ഞദിവസം പുലർച്ചെ എത്തിയ സൈനികർ ക്യാംപുകൾ പൊളിച്ചുമാറ്റി. സംഘർഷത്തിൽ 50 പ്രക്ഷോഭകർക്കെങ്കിലും പരുക്കേറ്റു. 9 പേരെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകർക്കും പൊലീസിന്റെ മർദനമേറ്റു. 2 പേർ ആശുപത്രിയിലായി. പ്രസിഡന്റിന്റെ ഓഫിസ് പ്രക്ഷോഭകരിൽ നിന്ന് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. റനിൽ വിക്രമസിംഗെയ്ക്ക് ജനാധിപത്യമര്യാദ എന്തെന്നറിയില്ലെന്ന് പ്രക്ഷോഭകർ ആരോപിച്ചു. കടക്കെണിയിലായ രാജ്യത്തെ രക്ഷിക്കാൻ സർക്കാർ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ മുതൽ രാജ്യത്ത് ജനകീയപ്രക്ഷോഭം നടക്കുകയാണ്. 

English Summary: Dinesh Gunawardena named Sri Lankan Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com