ADVERTISEMENT

കൊളംബോ ∙ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ടോടിയ ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ മടങ്ങിയെത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ഗോട്ടബയ ഒളിവിൽ കഴിയുകയല്ലെന്നും എങ്ങും അഭയം തേടിയിട്ടില്ലെന്നും നാട്ടിലേക്കു തന്നെ മടങ്ങിയെത്തുമെന്നും മന്ത്രിസഭ വക്താവ് ബന്ദുല ഗുണവർധനെ അറിയിച്ചു. എന്നാൽ, കൃത്യമായ തീയതി അദ്ദേഹം വ്യക്തമാക്കിയില്ല. 

ജനങ്ങൾ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയതിനെത്തുടർന്ന് ജൂലൈ 13 ന് ആദ്യം മാലദ്വീപിലേക്കും തുടർന്ന് സിംഗപ്പൂരിലേക്കും പറന്ന ഗോട്ടബയയും ഭാര്യയും ഇപ്പോൾ സിംഗപ്പൂരിലാണ്. ഗോട്ടബയ അഭയം തേടിയിട്ടില്ലെന്ന് സിംഗപ്പൂർ വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 

വംശഹത്യയ്ക്ക് നേതൃത്വം നൽകിയ ഗോട്ടബയയെ യുദ്ധക്കുറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന് ദക്ഷിണാഫ്രിക്കൻ ആസ്ഥാനമായ ഇന്റർനാഷനൽ ട്രൂത്ത് ആൻഡ് ജസ്റ്റിസ് പ്രോജക്ട് സിംഗപ്പൂർ അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, മുൻ പ്രസിഡന്റിന് ദോഷം വരുന്ന നടപടികൾ ഉണ്ടാകില്ലെന്ന നിലപാടിലാണ് ശ്രീലങ്കൻ സർക്കാർ. 

റനിൽ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനം ഇന്നു തുടങ്ങും. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പാർലമെന്റിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. 18 അംഗ മന്ത്രിസഭ കൂടുതൽ പ്രതിപക്ഷ പാർട്ടി അംഗങ്ങളെ ഉൾപ്പെടുത്തി വികസിപ്പിച്ചേക്കും. 

അടുത്ത ഒരു വർഷം കൂടി ഇന്ധനവിതരണത്തിന് നിയന്ത്രണമുണ്ടാകുമെന്നാണ് ഊർജമന്ത്രി നൽകുന്ന സൂചന. പെട്രോളും ഡീസലും ഇനി നിശ്ചിത അളവിൽ മാത്രമേ ലഭിക്കൂ. വാഹന ഉടമകൾക്കുള്ള ക്യൂ ആർ കോഡ് പതിച്ച ഫ്യൂവൽ കാർഡ് ഓഗസ്റ്റ് 1 മുതൽ നടപ്പാക്കും. 

മരുന്നുക്ഷാമം രൂക്ഷമായതോടെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സർക്കാർ ആശുപത്രികളിൽ വേദനസംഹാരി ഗുളികകൾ പോലുമില്ല. വാഹനങ്ങൾ ഓടാത്തതുകൊണ്ട് ഡോക്ടർമാരും മറ്റും കൃത്യമായി ഡ്യൂട്ടിക്ക് എത്തുന്നുമില്ല. കാൻസർ രോഗികളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ പോലും നടത്താനാകാത്ത സ്ഥിതിയാണ്. 

English Summary: Former president Gotabaya Rajapaksa to be back in srilanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com