ADVERTISEMENT

ഔദ്യോഗിക സന്ദർശനത്തിനു റോമിൽ എത്തിയ ഒരു വിദേശ രാജകുമാരി കൊട്ടാരത്തിലെ മാമൂലുകളുടെയും ഔപചാരികതകളുടെയും വിരസതയ്ക്കു വിരമമിടാൻ ഒരു രാത്രി ആരുമറിയാതെ പുറത്തുകടന്ന് തിമർത്തു നടക്കുമ്പോൾ നേരിടുന്ന രസകരമായ സംഭവങ്ങളാണ് 1953 ൽ പുറത്തിറങ്ങിയ ‘റോമൻ ഹോളിഡേ’ എന്ന വിഖ്യാതമായ ഹോളിവുഡ് ചിത്രം.

സിനിമ പുറത്തിറങ്ങുന്നതിന് 8 കൊല്ലം മുൻപു യഥാർഥത്തിൽ ഒരു രാജകുമാരി ഇങ്ങനെ ചെയ്തിട്ടുണ്ടെന്നാണു പറയപ്പെടുന്നത്. റോമിലല്ല, ലണ്ടനിലാണെന്നു മാത്രം. രണ്ടാം ലോകയുദ്ധത്തിൽ ജർമനി കീഴടങ്ങിയ 1945 മേയ് 7നു ലണ്ടൻ നഗരത്തിലെ ആഘോഷത്തമിർപ്പിൽ ഒരു ഓക്സിലറി കോറിന്റെ സൈനിക യൂണിഫോം അണിഞ്ഞ് എലിസബത്ത് രാജകുമാരിയും സഹോദരി മാർഗരറ്റും ആരുമറിയാതെ രാത്രി മുഴുവൻ ഉല്ലസിച്ചു നടന്നതായി പറയപ്പെടുന്നു.

അതിനും 2 കൊല്ലം കഴിഞ്ഞാണ് ബ്രിട്ടന്റെ സാമ്രാജ്യത്തിനു മേൽ സൂര്യൻ അസ്തമിച്ചു തുടങ്ങിയത് – ഇന്ത്യ സ്വതന്ത്രയായതോടെ. എങ്കിലും ഇന്ത്യയുമായുള്ള സൗഹൃദം ആദ്യം ഡൊമിനിയൻ ബന്ധങ്ങളിലൂടെയും 1950നു ശേഷം കോമൺവെൽത്ത് ബന്ധങ്ങളിലൂടെയും തുടർന്നുപോന്നു.

ഗാന്ധിജിയുടെ സമ്മാനം ഖദർ സ്കാർഫ്

ഇന്ത്യ സ്വതന്ത്രയായി 3 മാസം കഴിഞ്ഞായിരുന്നു കിരീടാവകാശിയായ രാജകുമാരിയുടെ വിവാഹം. അന്ന് ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവിയാണ്. വിവാഹത്തിൽ സംബന്ധിക്കാൻ ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ അവധിയെടുത്തപ്പോൾ ആക്ടിങ് ഗവർണർ ജനറലായി സി.രാജഗോപാലാചാരിയെ ഭരണമേൽപ്പിച്ചു. (പിന്നീട് മൗണ്ട്ബാറ്റൺ സ്ഥാനമൊഴിഞ്ഞപ്പോഴും ഇദ്ദേഹമാണു പിൻഗാമിയായി എത്തിയത്. അങ്ങനെ രാജാജി 2 തവണ ഇന്ത്യയുടെ ഗവർണർ ജനറലായി സത്യപ്രതി‍ജ്ഞ ചെയ്തിട്ടുണ്ട്). ‌‌അന്നു മഹാത്മാഗാന്ധി മൗണ്ട്ബാറ്റന്റെ കൈവശം ഒരു വിവാഹസമ്മാനം കൊടുത്തയച്ചു– ചിത്രത്തുന്നലുള്ള ഒരു ഖദർ സ്കാർഫ്. ആ സമ്മാനം എലിസബത്ത് സൂക്ഷിച്ചുവച്ചിരുന്നു. അടുത്ത കാലത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ അവർ അതു കാണിക്കുകയും ചെയ്തു.

ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ബന്ധത്തിൽ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ഉയർച്ചയും താഴ്ചയുമുണ്ടായിട്ടുണ്ട്. എന്നാൽ താഴ്ചക്കിടയിലും ഭരണത്തലവന്മാർ തമ്മിൽ ഊഷ്മളമായ വ്യക്തബന്ധങ്ങളാണു നിലനിർത്തിപ്പോന്നത്. ഇതിൽ രാജ്ഞിക്കുമുണ്ടായിരുന്നു വലിയൊരു പ‌ങ്ക്.

പ്രോട്ടോക്കോളിൽ ബലംപിടിച്ച് ഇന്ദിര

എലിസബത്തിന്റെ രണ്ടാം ഇന്ത്യാ സന്ദർശനക്കാലത്ത് (1983) ചെറിയൊരു പ്രോട്ടോക്കോൾ പ്രശ്നം ഉയർന്നത് 3 വനിതകളുടെ ബുദ്ധിപൂർവമായ നീക്കത്തിലൂടെയാണു പരിഹരിച്ചത്. രാഷ്ട്രപതി ഭവനിലെ രാജ്ഞിയുടെ താമസത്തിനിടയിൽ, മദർ തെരേസയ്ക്ക് നേരത്തേ പ്രഖ്യാപിച്ചിരുന്ന ബ്രിട്ടിഷ് ബഹുമതി നൽകുന്നത് ഔപചാരിക ചടങ്ങാക്കാൻ അവരെ ആരോ ഉപദേശിച്ചു. ഇതേക്കുറിച്ചറിഞ്ഞ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അതിൽനിന്നു പിൻവാങ്ങാൻ രാജ്ഞിയെ ഉപദേശിക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറോട് അഭ്യർഥിച്ചു. അതു ബുദ്ധിമുട്ടാവുമെന്നു താച്ചർ അറിയിച്ചു. എങ്കിൽ ഇന്ത്യൻ പാർലമെന്റ് ആ നടപടിയെ അപലപിച്ചു പ്രമേയം പാസാക്കിയാൽ തനിക്കും ഒന്നും ചെയ്യാനാവില്ലെന്ന് ഇന്ദിരയും മറുപടി നൽകി. അതോടെ ചടങ്ങിൽനിന്നു പിന്മാറാൻ താച്ചർ രാജ്ഞിയെ ഉപദേശിച്ചുവെന്നും മദർ തെരേസയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി ബഹുമതി നൽകുകയായിരുന്നുവെന്നും പറയപ്പെടുന്നു.

വിവേകപൂർവം ഇടപെടൽ

സാമ്രാജ്യം അസ്തമിച്ചിട്ടും പഴയ കോളനികളുമായി സൗഹൃദം നിലനിർത്താൻ ബ്രിട്ടനു സാധിച്ചതിനു പിന്നിൽ എലിസബത്ത് രാജ്‌‌‌‍‌‌ഞിയുടെ വ്യക്തിപരമായ ഇടപെടലിനു വലിയ പങ്കുണ്ടെന്നാണു പറയപ്പെടുന്നത്. പഴയ കോളനികളെ മാത്രമല്ല, രാജാവിനെ വരെ വിരട്ടുന്ന സ്വഭാവക്കാരനായ വിൻസ്റ്റൺ ചർച്ചിൽ മുതൽ രാജവാഴ്ചയെ പലപ്പോഴും എതിർത്തിട്ടുള്ള ലേബർ പ്രധാനമന്ത്രിമാരെ വരെ അവർ വിവേകപൂർവം കൈകാര്യം ചെയ്തു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ, പൈതൃകമായി കൈമാറുന്ന പ്രഭുസ്ഥാനങ്ങൾ പരിമിതിപ്പെടുത്തിയെങ്കിലും പൈതൃകമായി കൈമാറുന്ന രാജവാഴ്ചയിൽ കൂടുതൽ പരിമിതികൾക്കു ബ്രിട്ടൻ തയാറായില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയമൂല്യങ്ങൾക്കു യോജിച്ചതല്ലെങ്കിലും ബ്രിട്ടന്റെ രാഷ്ട്രീയാത്മാവിൽ രാജപൈതൃകത്തിന് ഇന്നും സ്ഥാനമുണ്ട്. ഷെയ്ക്സ്പിയറും ഇംഗ്ലിഷ് ഭാഷയും രാജകുടുംബവും നഷ്ടമായാൽ ബ്രിട്ടന് അസ്തിത്വമില്ലെന്നാണു കരുതപ്പെടുന്നത്.

Content Highlight: Queen Elizabeth II

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com