ADVERTISEMENT

ജോർജ് അഞ്ചാമൻ ബ്രിട്ടിഷ് രാജാവായിരുന്ന കാലം. രാജ്ഞി മേരിയുടെ വാതിൽക്കൽ ഒരുനാൾ ആരോ മുട്ടി. ആരാണെന്നു രാജ്ഞി വിളിച്ചു ചോദിച്ചു. ഒരു കുഞ്ഞുശബ്ദം മറുപടി പറഞ്ഞു: ലിലിബെറ്റ്, ദ് പിൻസസ്! ലോകപ്രശസ്തമായ ടൈം മാഗസിന്റെ 1929 ഏപ്രിൽ 29ലെ ലക്കത്തിലൂടെയാണ് കൊട്ടാരത്തിനുള്ളിലെ ഈ കഥ പുറത്തറിയുന്നത്. ആ ലക്കം ടൈമിന്റെ കവർപേജിലും മഞ്ഞഫ്രോക്കിട്ട കുഞ്ഞു ‘ലിലിബെറ്റി’ന്റെ ചിത്രമായിരുന്നു. പിന്നീട് രണ്ടാം എലിസബത്ത് രാജ്ഞിയായിത്തീർന്ന എലിസബത്ത് അലക്സാൻഡ്ര മേരി വിൻസറിനെ പുറംലോകം ആദ്യം കാണുകയായിരുന്നു ആ കവർ പേജിൽ!

ടൈം മാഗസിനിൽ പടവും പേരും അച്ചടിച്ചുവരുമ്പോൾ എലിസബത്ത് എന്ന ആ പെൺകുഞ്ഞ് ബ്രിട്ടിഷ് സിംഹാസനത്തിൽ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ, 7 വർഷത്തിനപ്പുറം കഥ മാറി. ജോർജ് അഞ്ചാമൻ അന്തരിച്ചപ്പോൾ രാജാവായ മൂത്തമകൻ എഡ്വേഡ് എട്ടാമൻ ഏതാനും മാസം കഴിഞ്ഞപ്പോൾ പ്രണയിനിയെ സ്വന്തമാക്കാൻ പദവിയുപേക്ഷിച്ചു. എഡ്വേഡിന്റെ സഹോദരൻ, എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ എന്ന പേരിൽ രാജാവായി; ആൺമക്കളില്ലാതിരുന്ന ജോർജിന്റെ മൂത്തമകൾ പഴയ കുഞ്ഞു ‘ലിലിബെറ്റ്’ പിന്തുടർച്ചാവകാശമുള്ള യഥാർഥ ‘പിൻസസും!’

സേനാനി, നമ്പർ 230873

കൊട്ടാരത്തിൽ തന്നെയായിരുന്നു എലിസബത്തിന്റെയും അനുജത്തി മാർഗരറ്റിന്റെയും വിദ്യാഭ്യാസം. രാജകുടുംബത്തിലെ കുട്ടികൾ സ്കൂളിൽ പോവുകയോ മറ്റു കുട്ടികളുമായി ഇടപഴകുകയോ ചെയ്യുന്ന പതിവ് അക്കാലത്തുണ്ടായിരുന്നില്ല. മറ്റു വിഷയങ്ങൾക്കൊപ്പം നൃത്തവും സംഗീതവും നീന്തലുമെല്ലാം ഇരുവരും ‘വീട്ടിനുള്ളിൽ’തന്നെ പഠിച്ചു.

രണ്ടാം ലോക യുദ്ധമായിരുന്നു എലിസബത്തിന്റെ കൗമാരകാലത്തു ലോകത്തെ പിടിച്ചുലച്ച മഹാസംഭവം. പതിനൊന്നാം വയസ്സിൽ കുട്ടി എലിസബത്ത് ആദ്യത്തെ ടെലിവിഷൻ പ്രഭാഷണം നടത്തി. യുദ്ധത്തിന്റെ ഭീകരതകൾ അനുഭവിക്കുന്ന കുട്ടികൾക്കു വേണ്ടിയായിരുന്നു ആ പ്രക്ഷേപണം.

രാജ്യം യുദ്ധത്തിലേർപ്പെടുമ്പോൾ തനിക്കും എന്തെങ്കിലും ചെയ്യണമെന്ന എലിസബത്തിന്റെ നിർബന്ധത്തിന് ഒടുവിൽ മാതാപിതാക്കൾ വഴങ്ങി. സൈന്യത്തിന്റെ ഭാഗമായ ഗതാഗത സർവീസിൽ രണ്ടാം ഉപസേനാനിയായി എലിസബത്ത് ചേർന്നു. 230873 ആയിരുന്നു സൈന്യത്തിലെ നമ്പർ. ആംബുലൻസുകളും ട്രക്കുകളും ഓടിക്കാനും സർവീസ് ചെയ്യാനും എലിസബത്ത് പരിശീലനം നേടി. മാസങ്ങൾക്കുള്ളിൽ ഓണററി ജൂനിയർ കമാൻഡർ സ്ഥാനത്തേക്ക് ഉയർന്നു.

ടിവി മുതൽ യുട്യൂബ് വരെ!

1952 ഫെബ്രുവരി ആറിന് ജോർജ് ആറാമൻ മരിക്കുമ്പോൾ എലിസബത്തും ഭർത്താവ് ഫിലിപ് മൗണ്ട്ബാറ്റനും കെനിയയിലായിരുന്നു. ലണ്ടനിൽ തിരികെയെത്തിയ എലിസബത്ത് 25– ാം വയസ്സിൽ രാജ്‍ഞിയായി. ബ്രിട്ടിഷ് രാജാധികാരത്തിന്റെ ആധുനികതയിലേക്കുള്ള ചുവടുവയ്പു കൂടിയായിരുന്നു എലിസബത്തിന്റെ സ്ഥാനാരോഹണം. ആദ്യമായി ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ട പരിപാടിയിരുന്നു അത്. ബ്രിട്ടിഷ് രാജകുടുംബത്തിന് ഇപ്പോൾ വെബ്സൈറ്റും യുട്യൂബ് ചാനലും സമൂഹമാധ്യമ അക്കൗണ്ടുകളുമെല്ലാമുണ്ട്.

എല്ലാ മാധ്യമങ്ങളെയും സമർഥമായി ഉപയോഗിക്കുന്നതിൽ മിടുക്കു കാണിച്ച എലിസബത്ത് രാജ്ഞിയെ നിരീക്ഷകർ ‘മീഡിയ ക്വീൻ’ എന്നു വിശേഷിപ്പിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ജൂണിൽ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ, കൗതുകകരമായ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടു. കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ പാഡിങ്ടൺ എന്ന കരടിയും രാജ്ഞിയും ചേർന്ന് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി പാർട്ടി ആഘോഷിക്കുന്നതാണു തമാശ വിഡിയോ. കരടി അനിമേറ്റഡ് ആണ്, രാജ്‍ഞി യഥാർഥ എലിസബത്ത് രാജ്ഞിയും!

2012 ലെ ലണ്ടൻ ഒളിംപിക്സിന്റെ ഉദ്ഘാടനത്തിനു തയാറാക്കിയ വിഡിയോയിൽ ജയിംസ് ബോണ്ടിനൊപ്പം പ്രത്യക്ഷപ്പെട്ടു ‍ഞെട്ടിച്ചിട്ടുണ്ട് മുൻപ് എലിസബത്ത് രാജ്ഞി. ബോണ്ട് ആയി അഭിനയിക്കുന്ന ഡാനിയേൽ ക്രെയ്ഗിനൊപ്പമായിരുന്നു അത്. ബക്കിങ്ഹാം കൊട്ടാരത്തി‍ൽനിന്ന് ഹെലികോപ്റ്ററിൽ ഉദ്ഘാടന വേദിയിലേക്കു പുറപ്പെടുന്ന രാജ്‍ഞിയെ ജയിംസ് ബോണ്ട് അനുഗമിക്കുന്നു. കോപ്റ്ററിൽനിന്നു രാജ്ഞി ബ്രിട്ടിഷ് പതാകയുടെ ഡിസൈനുള്ള പാരഷൂട്ടിൽ സ്റ്റേഡിയത്തിലേക്കു ചാടുന്നു. ഈ ചിത്രത്തിന്റെ ആദ്യഭാഗത്ത് ബോണ്ടിനൊപ്പം സാക്ഷാൽ രാജ്ഞി തന്നെയായിരുന്നു അഭിനയിച്ചത്!

രാജാധികാരത്തിന്റെ ഭാഗമായി വന്നുചേരുന്ന ഗൗരവപ്രകൃതിയ്ക്കു വെളിയിൽ ഫലിതപ്രിയയായ രാജ്ഞിയെ കാട്ടിത്തരുന്നതാണ് ആ വിഡിയോ. സ്വകാര്യ സദസ്സുകളിൽ തമാശകൾ പൊട്ടിക്കുകയും മിമിക്രി അവതരിപ്പിക്കുകയും ചെയ്യുന്ന എലിസബത്ത് രാജ്ഞിയെ വളരെ അടുത്ത ആളുകൾക്ക് അറിയാം. വിമാനം ലാൻഡ് ചെയ്യുന്നത് രാജ്ഞി മിമിക്രിയായി അവതരിപ്പിക്കുന്നതിനെക്കുറിച്ച്, കൊട്ടാരത്തിലെ വൈദികനായ ബിഷപ് മൈക്കൽ മൻ പറഞ്ഞിട്ടുണ്ട്.

നിഴലും കരുത്തും

70 വർഷത്തിലേറെ നീണ്ട മാതൃകാദാമ്പത്യമായിരുന്നു എലിസബത്തിന്റെയും ഫിലിപ് രാജകുമാരന്റെയും. പ്രോട്ടോക്കോൾ പ്രകാരം രാജ്ഞിയുടെ ഒരു ചുവടു പിന്നിലെ രാജകുമാരനു നടക്കാനാകൂ. ചെറുപ്രായത്തിൽ രാജ്ഞിയായ എലിസബത്തിന്റെ ഒരു ചുവടു പിന്നിൽ ആത്മവിശ്വാസവും പിന്തുണയുമായി നിഴൽപോലെ ഫിലിപ് എക്കാലവുമുണ്ടായിരുന്നു; കഴിഞ്ഞ വർഷം 99–ാം വയസ്സിൽ മരണമടയുന്നതു വരെ.

ഇരുവരും കണ്ടുമുട്ടുമ്പോൾ ഫിലിപ്പിന് പ്രായം 18. നാവികസേനയിൽ കേഡറ്റ്. പതിമൂന്നുകാരിയായ എലിസബത്തിനെ ഒരു ദിവസം നോക്കാനുള്ള ചുമതല ഫിലിപ്പിനു കൈവന്നു. പ്രണയം അവിടെ മൊട്ടിട്ടിരിക്കണം. 1947 ൽ അതു വിവാഹത്തിലെത്തി. ഇന്ത്യ സ്വതന്ത്രമായതിനു പിന്നാലെ നവംബറിലായിരുന്നു വിവാഹം. 

നൃത്തവും കോർഗിയും

ബ്രിട്ടിഷ് ഭരണത്തിൽനിന്നു മോചനം നേടിയ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ 1961 ൽ എലിസബത്ത് രാജ്ഞി സന്ദർശനം നടത്തി. ഘാന പ്രസിഡന്റ് ക്വാമി എൻക്രുമയോടൊപ്പം അന്ന് എലിസബത്ത് നൃത്തം ചെയ്തതു വലിയ വാർത്തയായി. ബ്രിട്ടനിൽ വംശീയത മായാതെ നിന്ന കാലമായിരുന്നു അത്. കൊട്ടാരത്തിൽ അതിഥികളായെത്തിയ അമേരിക്കൻ പ്രസിഡന്റുമാരോടൊത്ത് അത്താഴവിരുന്നിന്റെ ഭാഗമായി രാ‍ജ്ഞി ചുവടുകൾ വയ്ക്കുന്നതും പതിവായിരുന്നു; ചെറുപ്പകാലത്ത് കുതിരസവാരി നടത്തുന്നതും.

ബ്രിട്ടനിലെ എല്ലാ അരയന്നങ്ങളുടെയും തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ഉടമയാണ് ബ്രിട്ടിഷ് രാജ്ഞി. എന്നാൽ, എലിസബത്ത് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട അരുമ കോർഗി ഇനത്തിൽ പെട്ട നായകളായിരുന്നു. മുപ്പതോളം കോർഗികൾ പല കാലത്തായി അവർക്കുണ്ടായിരുന്നു. എവിടെ പോയാലും ഈ നായ്ക്കളിൽ ചിലത് അനുഗമിക്കും. മകൻ ചാൾസിന്റെ ഭാര്യ ഡയാന, ‘രാജ്ഞിയുടെ സഞ്ചരിക്കുന്ന കാർപെറ്റ്’ എന്നാണ് ഈ കോ‍ർഗികളെ ഒരിക്കൽ വിശേഷിപ്പിച്ചതത്രേ.

റെക്കോർഡുകളുടെ രാജ്ഞി

സ്വാസിലാൻഡിലെ സൊഹൂസ രാജാവും ഫ്രാൻസിലെ ലൂയി പതിനാലാമനും കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികം കാലമിരുന്ന രാജഭരണാധികാരി എലിസബത്ത് രാജ്ഞിയാണ് – 70 വർഷവും 214 ദിവസവും. തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിനെ ഈ വർഷം മറികടന്നാണ് എലിസബത്ത് മൂന്നാം സ്ഥാനത്തെത്തിയത്. 1927 – 2016 കാലത്ത് 70 വർഷവും 126 ദിവസവുമാണു തായ് രാജാവ് സിംഹാസനത്തിലിരുന്നത്. 1899 മുതൽ 1982 വരെയുള്ള കാലത്ത് സൊഹൂസ രാജാവ് 82 വർഷവും 254 ദിവസവും സ്വാസിലാൻഡ് ഭരിച്ചു. 1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമൻ സിംഹാസനത്തിൽ വാണത് 72 വർഷവും 110 ദിവസവും.

തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്ന് ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം 2015 സെപ്റ്റംബറിൽ എലിസബത്ത് സ്വന്തമാക്കിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലം റെക്കോർഡുകൾ തകർത്തു മുന്നേറിയപ്പോൾ മകൻ ചാൾസ് രാജകുമാരനും പുതിയ ചരിത്രമെഴുതുകയായിരുന്നു! രാജാവാകാൻ ഏറ്റവും കൂടുതൽ കാലം കാത്തിരുന്ന പിന്തുടർച്ചാവകാശി എന്ന റെക്കോർഡ് 2011 ലാണ് ചാൾസിനു ലഭിച്ചത് – 59 വർഷവും 2 മാസവും 13 ദിവസവും എന്ന എഡ്വേഡ് ഏഴാമന്റെ റെക്കോ‍ഡാണ് അന്നു വഴിമാറിയത്. ഇപ്പോൾ രാജപദവിയിലെത്തുമ്പോൾ മറ്റൊരു റെക്കോർഡും ചാൾസ് സ്വന്തമാക്കുന്നു – ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി.

ജനങ്ങളുടെ രാജ്ഞി

രാജാധികാരത്തിന്റെ പ്രതാപവും സാമ്രാജ്യത്തിന്റെ കരുത്തും ചോർന്നുപോയ കാലത്തിലൂടെയാണ് കടന്നുപോയതെങ്കിലും എലിസബത്ത് രാജ്ഞി എന്നും ജനകീയയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തയായ വനിത എന്ന് അവർ വിശേഷിപ്പിക്കപ്പെട്ടു. സന്ദർശിക്കുന്ന ഇടങ്ങളിൽ പ്രോട്ടോക്കോളുകൾ മാറ്റിവച്ച് ജനങ്ങളുമായി ഇടപഴകാൻ അവർ ശ്രമിച്ചു.

1990കളിൽ ഡയാന രാജകുമാരിയുടെ മരണവും തുടർന്നുണ്ടായ ആരോപണങ്ങളുമെല്ലാം രാജ്ഞിയുടെ ജനപ്രീതി വൻതോതിൽ ഇടിച്ചിരുന്നു. എന്നാൽ, ഒട്ടും വൈകാതെ തന്നെ അതു തിരികെപ്പിടിക്കാൻ എലിസബത്തിനു കഴിഞ്ഞു. ബക്കിങ്ഹാം കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തും കൊട്ടാരത്തിനുള്ളിലെ ജീവിതം ചിത്രീകരിക്കാൻ ബിബിസിക്ക് അനുമതി നൽകിയുമൊക്കെ അവർ ജനഹൃദയത്തിൽ ചേക്കേറി. ബ്രിട്ടനിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും മറ്റൊരു രാജ്ഞിയെയോ രാജാവിനെയോ കണ്ടിട്ടില്ല. പല തലമുറകളുടെ മഹാരാജ്ഞിയാണു വിടവാങ്ങിയത്.

1957 ൽ ഒരു ടെലിവിഷൻ പ്രക്ഷേപണത്തിൽ അവർ പറഞ്ഞു: ‘നിങ്ങളെ യുദ്ധത്തിൽ നയിക്കാൻ എനിക്കു കഴിയില്ല, നിങ്ങൾക്കായി ഞാൻ നിയമങ്ങളുണ്ടാക്കുന്നില്ല, നീതിയെത്തിക്കുന്നില്ല. എന്നാൽ എനിക്ക്, ഒരു കാര്യം ചെയ്യാൻ കഴിയും, നിങ്ങൾക്ക് എന്റെ ഹൃദയം സമർപ്പിക്കാനാകും.’

Content Highlight: Queen Elizabeth II Special Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com