ADVERTISEMENT

നോം പെൻ ∙ കംബോഡിയയിൽ 1970 കളിൽ ഖമർ റൂഷ് ഭരണകൂടം നടത്തിയ മനുഷ്യക്കുരുതിയുമായി ബന്ധപ്പെട്ട് രാജ്യാന്തര കോടതിയുടെ 16 വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ ശിക്ഷിക്കപ്പെട്ടതു 3 പേർ മാത്രം. 17 ലക്ഷം പേർ കൊല്ലപ്പെട്ട അതിക്രമങ്ങൾ വിചാരണ ചെയ്യാൻ ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച കോടതി നടപടികൾക്കു ചെലവായതു 33.7 കോടി ഡോളറാണ്.

1975–79 ൽ കംബോഡിയ (അന്ന് കംപൂച്ചിയ) ഭരിച്ച ഖമർ റൂഷ് നേതാക്കളായിരുന്ന ക്യൂ സംഫാൻ, നുവോൻ ചീയ, ഡക് എന്ന കയാങ് ഗൂക് എന്നിവരാണ് 2018 ൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്. ഇതിൽ സംഫാൻ (91) മാത്രമേ ജീവിച്ചിരിപ്പുള്ളു. വിധിക്കെതിരെ സാംഫൻ നൽകിയ അപ്പീൽ കഴിഞ്ഞ ദിവസം തള്ളിയതോടെ ട്രൈബ്യൂണൽ പ്രവർത്തനം അവസാനിപ്പിച്ചു. പോൾ പോട്ട് നേതൃത്വം നൽകിയ ഖമർ റൂഷ് സർക്കാരിനെ 1979 ൽ വിയറ്റ്നാമിന്റെ പിന്തുണയോടെ പുറത്താക്കി. വനത്തിൽ ഒളിവിൽ കഴിയവേ 1998 ൽ 72–ാം വയസ്സിൽ പോൾ പോട്ട് മരിച്ചു.

കംബോഡിയയിലെയും വിദേശ രാജ്യങ്ങളിലെയും ജഡ്ജിമാരടങ്ങിയ ട്രൈബ്യൂണലാണു വിചാരണ നടത്തിയത്. കുറ്റാരോപിതരിൽ ഏറെപ്പേർക്കും ജഡ്ജിമാർക്കിടയിലെ ഭിന്നത മൂലം വിചാരണ നേരിടേണ്ടിവന്നില്ല.

 

ഖമർ റൂഷ്

കംപൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടി മുന്നേറ്റമായ ‘ഖമർ റൂഷ്’ 1975 മുതൽ 1979 വരെ രാജ്യം ഭരിച്ചു. സമ്പൂർണ കാർഷിക സാമ്പത്തിക വ്യവസ്ഥ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി നിർബന്ധിത കാർഷികവൃത്തി നടപ്പിലാക്കി. വിപ്ലവവിരുദ്ധരെന്ന് ആരോപിച്ച് ആയിരക്കണക്കിന് യുവാക്കളെയും ബുദ്ധിജീവികളെയും സൈന്യം കൊലപ്പെടുത്തി. ഗ്രാമങ്ങളിൽ പട്ടിണി മൂലം ലക്ഷങ്ങളാണു മരിച്ചത്.

 

English Summary: Khmer Rouge tribunal ending work after 16 years 3 judgments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com