ADVERTISEMENT

ടെഹ്റാൻ ∙ ഇറാനിൽ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട സഹോദരന് സംസ്കാര ചടങ്ങുകൾക്കിടയിൽ മുടി മുറിച്ച് വിടപറയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ വൈറലായി. പൊലീസ് നടപടിയിൽ കൊല്ലപ്പെട്ട ജാവേദ് ഹേദരിയുടെ മൃതശരീരത്തിലാണ് സഹോദരി കരഞ്ഞുകൊണ്ട് പൂക്കൾക്ക് മുകളിലായി മുടിമുറിച്ചിട്ടത്. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനിയുടെ (22) മരണത്തെ തുടർന്ന് മുടിമുറിച്ചും ശിരോവസ്ത്രം കത്തിച്ചുമാണ് വനിതകൾ പ്രതിഷേധിക്കുന്നത്.

പ്രക്ഷോഭം രാജ്യത്തെ 46 നഗരങ്ങൾക്കു പുറമേ ഗ്രാമപ്രദേശങ്ങളിലും വ്യാപിച്ചു. കഴിഞ്ഞ 17ന് തുടങ്ങിയ പ്രക്ഷോഭത്തിൽ ഇതുവരെ 41 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ടിവി വ്യക്തമാക്കിയത്. എഴുന്നൂറിലേറെപ്പേർ അറസ്റ്റിലായി. പ്രക്ഷോഭം മറ്റ് രാജ്യങ്ങളിലേക്കും പടർന്നു. ഇറാഖ് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ വനിതകൾ വസ്ത്രധാരണം അടിച്ചേൽപ്പിക്കുന്നതിനെതിരെ നടക്കുന്ന സമരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിറിയയിലെ കുർദ് ഭൂരിപക്ഷമുള്ള വടക്കൻ മേഖലയിലെ ഖമിഷ്​ലി നഗരത്തിലും മുടിമുറിച്ചും ശിരോവസ്ത്രം കത്തിച്ചും വനിതകൾ രംഗത്തിറങ്ങി. 

അതേസമയം, കുർദ് വിഘടനവാദികൾ പ്രക്ഷോഭകർക്ക് സഹായം നൽകുന്നതായി ആരോപിച്ച് വടക്കൻ ഇറാഖിലെ ചില പ്രദേശങ്ങളിൽ ഇറാൻ റവല്യൂഷനറി ഗാർഡ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തി.

English Summary: Woman cuts hair to protest death of her brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com