ADVERTISEMENT

കീവ് ∙ യുക്രെയ്നിലെ കിഴക്കൻ, തെക്കൻ മേഖലയിലെ 4 പ്രവിശ്യകൾ കൂട്ടിച്ചേർക്കുമെന്നു റഷ്യ സ്ഥിരീകരിച്ചു. നിലവിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ആരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ചയാണു പൂർത്തിയായത്. ലുഹാൻസ്ക് (98%), ഡോണെറ്റ്സ്ക് (99%), ഹേഴ്സൻ (87%), സാപൊറീഷ്യ (93%) എന്നീ പ്രവിശ്യകളിലെ ജനങ്ങൾ തങ്ങളുടെ ഭാഗമാകാൻ ഹിതപരിശോധനയിൽ സമ്മതമറിയിച്ചെന്നാണു റഷ്യയുടെ അവകാശവാദം. ഈ മേഖല യുക്രെയ്നിന്റെ 15 ശതമാനത്തോളം വരും. 

മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ ഇന്നു നടക്കുന്ന ചടങ്ങിൽ 4 പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ ഉടമ്പടി ഇന്ന് ഒപ്പുവയ്ക്കും. ഇതുമായി ബന്ധപ്പെട്ട കരടുനിയമം വരുന്ന തിങ്കളാഴ്ച റഷ്യൻ പാർലമെന്റ് പാസാക്കും. 

ഇതേസമയം ഹിതപരിശോധന തട്ടിപ്പാണെന്നു യുക്രെയ്നിനു പുറമേ യുഎസും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളും ആരോപിച്ചു. കൂട്ടിച്ചേർക്കുന്ന പ്രദേശങ്ങളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നു ജി7 രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ കയ്യടക്കിയ വടക്കുകിഴക്കൻ പ്രദേശങ്ങൾ ഓരോന്നായി യുക്രെയ്ൻ സേന തിരിച്ചുപിടിക്കുന്ന സാഹചര്യത്തിലാണു റഷ്യയുടെ കൂട്ടിച്ചേർക്കൽ നടപടി. 2014 ൽ ക്രൈമിയ കൂട്ടിച്ചേർക്കാനും റഷ്യ ഇതേ രീതിയാണു പിന്തുടർന്നത്. 

ഇതേസമയം, യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ നിന്ന് 160 കിലോമീറ്റർ ദൂരെയുള്ള ലിമാനിനു ചുറ്റുമുള്ള കൂടുതൽ ഗ്രാമങ്ങൾ യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യൻ ഷെല്ലാക്രമണത്തിൽ 12 വയസ്സുള്ള ബാലിക ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടെന്നും യുക്രെയ്ൻ വക്താവു പറഞ്ഞു. 

ഇതിനിടെ, റഷ്യയിൽനിന്നു ജർമനിയിലേക്കു ഇന്ധനം കൊണ്ടുപോകുന്ന ബാൾട്ടിക് കടലിലൂടെ‌യുള്ള നോഡ് സ്ട്രീം പൈപ്പ് ലൈനിൽ നാലാം തവണയും ചോർച്ച കണ്ടെത്തി. സംഭവത്തിനു പിന്നിൽ റഷ്യ തന്നെയാണെന്നാണു യുക്രെയ്നിന്റെ നിലപാട്.

russia-ukraine-JPG

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com