ലൈമൻ നഗരം തിരിച്ചുപിടിച്ച് യുക്രെയ്ൻ; റഷ്യയോടു കൂട്ടിച്ചേർത്ത ഡോണെറ്റ്സ്കിലെ സുപ്രധാന നഗരം
Mail This Article
കീവ് ∙ കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യയിലെ സുപ്രധാന നഗരമായ ലൈമൻ യുക്രെയ്ൻ സേന തിരിച്ചുപിടിച്ചു. നഗരകവാടത്തിൽ യുക്രെയ്ൻ പതാക ഉയർത്തി. അയ്യായിരത്തോളം റഷ്യൻ സൈനികരെ വളഞ്ഞതായി യുക്രെയ്ൻ സേനാ വക്താവ് അറിയിച്ചു. ഇതേസമയം, ലൈമനിൽ നിന്ന് സേനയെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഹേഴ്സൻ സാപൊറീഷ്യ എന്നീ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർത്തതായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് യുക്രെയ്ൻ നിർണായക നേട്ടമുണ്ടാക്കിയത്.
ഇതേസമയം, സാപൊറീഷ്യ ആണവോർജ കേന്ദ്രത്തിന്റെ ഡയറക്ടർ ജനറൽ ഇഹോർ മുറഷോവിനെ യുക്രെയ്ൻ തട്ടിക്കൊണ്ടു പോയതായി റഷ്യ ആരോപിച്ചു. എന്നാൽ, മുറഷോവിനെ റഷ്യ തടവിലാക്കിയിരിക്കയാണെന്ന് യുക്രെയ്ൻ പറയുന്നു. മുറഷോവിന്റെ കാർ തടഞ്ഞ റഷ്യൻ സൈനികർ അദ്ദേഹത്തിന്റെ കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയിരിക്കയാണെന്നും ആണവകേന്ദ്രത്തിന്റെ സുരക്ഷ അപകടത്തിലാണെന്നും യുക്രെയ്ൻ ആരോപിച്ചു.
സാപൊറീഷ്യയിൽ വെള്ളിയാഴ്ച റഷ്യൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായും 88 പേർക്കു പരുക്കേറ്റതായും ബ്രിട്ടിഷ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ലുഹാൻസ്കിലെ സവ്‍തോവ് പട്ടണത്തിൽ നിന്ന് പലായനം ചെയ്ത യുക്രെയ്ൻ വാഹനവ്യൂഹത്തിനു നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ എസ്ബിയു സുരക്ഷാ ഏജൻസി അറിയിച്ചു.
റഷ്യയ്ക്കെതിരെ പ്രമേയം; ഇന്ത്യ വിട്ടുനിന്നു
ന്യൂഡൽഹി ∙ യുക്രെയ്നിൽ റഷ്യ നടത്തിയ ഹിതപരിശോധനയെ അപലപിക്കുന്ന യുഎൻ രക്ഷാസമിതി പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു. യുക്രെയ്നിലെ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന പ്രഖ്യാപിത നയം ആവർത്തിച്ച ശേഷമാണ് വോട്ടിങ്ങിൽ നിന്നു വിട്ടുനിൽക്കുന്നതായി ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് അറിയിച്ചത്.
യുഎസും അൽബേനിയയുമാണ് റഷ്യൻ നടപടിയെ അപലപിക്കുന്ന പ്രമേയം കൊണ്ടുവന്നത്. സമർഖണ്ഡിൽ ഷാങ്ഹായ് വ്യാപാര സമ്മേളനത്തിൽ നിലവിലെ സാഹചര്യം യുദ്ധത്തിന്റേതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ പുട്ടിൻ യുക്രെയ്നിലെ സൈനിക സാന്നിധ്യം വിപുലപ്പെടുത്താനും ഹിതപരിശോധനയുമായി മുന്നോട്ടുപോകാനും തീരുമാനിക്കുകയായിരുന്നു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War