ADVERTISEMENT

ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ദീപാവലി ആഘോഷിക്കുമ്പോഴാണ് ഇന്ത്യൻ വംശജനായ ഋഷി സുനകിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. 42– ാം വയസ്സിൽ യുകെയുടെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായ സുനക്, കഴിഞ്ഞ 200 വർഷത്തിനിടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ബഹുമതിയും തന്റെ യൗവനത്തോട് ചേർത്തു നിർത്തുന്നു. മുൻഗാമിയായിരുന്ന ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായപ്പോൾ 43 ആയിരുന്നു പ്രായം. 

സുനകിന്റെ രാഷ്ട്രീയവളർച്ചയും അമ്പരപ്പിക്കുന്നതാണ്. കേവലം 7 വർഷത്തെ സജീവ രാഷ്ട്രീയ പാരമ്പര്യമേ അദ്ദേഹത്തിനുള്ളു. 2015 ൽ എംപിയായി. പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള നയപരമായ ഭിന്നതകളെ തുടർന്നായിരുന്നു സുനക് മന്ത്രിസ്ഥാനമൊഴിഞ്ഞത്. താമസിയാതെ ബോറിസ് ജോൺസണും പുറത്തായി. 16 ആഴ്ചകൾക്കു ശേഷം സുനക് തിരിച്ചെത്തിയത് പ്രധാനമന്ത്രിയായി. ധനകാര്യരംഗത്തു സുനകിനുള്ള പരിചയസമ്പത്തും കണിശതയും പ്രതിസന്ധിയിൽ ഉള്ളുലഞ്ഞു നിൽക്കുന്ന ബ്രിട്ടന് പ്രതീക്ഷയേകുന്നു.

ഇന്ത്യൻ വേരുകൾ 

ഇന്ത്യൻ വേരുകളിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി - ഞാൻ ഒരു ഹിന്ദുവാണ്, എല്ലാ വാരാന്ത്യവും ഞാൻ അമ്പലത്തിൽ പോകും. പക്ഷേ, വാരാന്ത്യങ്ങളിൽ ഞാൻ സതാംപ്ടൻ ഫുട്‌ബോൾ ക്ലബിലും പോകാറുണ്ട്. 

രാജ്യത്തെ വംശീയവിവേചനം യാഥാർഥ്യമാണെങ്കിലും ഇക്കാലത്ത് പൊതുജീവിതത്തിൽ അങ്ങനെയൊന്നില്ലെന്നാണു ഋഷി സുനക് ഈയിടെ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്

അവിഭക്ത ഇന്ത്യയിലെ ഗുജ്‌റൻവാലയിൽ നിന്നാണു (ഇപ്പോൾ പാക്കിസ്ഥാനിൽ) സുനകിന്റെ മുത്തച്ഛൻ 1930 കളിൽ കെനിയയിലേക്കു കുടിയേറിയത്. അച്ഛൻ കെനിയയിൽ ജനിച്ചു. അമ്മ ടാൻസനിയയിലും. അവർ പിന്നീടു ബ്രിട്ടനിലേക്കു കുടിയേറി. 1980 ൽ ബ്രിട്ടനിലെ സതാംപ്ടനിലാണു സുനക് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അവിടെ ഡോക്ടറായിരുന്നു. അമ്മ ഒരു ഫാർമസി നടത്തിയിരുന്നു. 

ഇൻവെസ്റ്റ് ബാങ്കിങ് രംഗത്തുനിന്നാണു സുനക് രാഷ്ട്രീയത്തിലേക്കു വന്നത്. 2015 ൽ നോർത്ത് യോർക്‌ഷെറിലെ റിച്ച്മണ്ടിൽ നിന്ന് ആദ്യം എംപിയായി. വെള്ളക്കാർക്കു ഭൂരിപക്ഷമുള്ള മണ്ഡലം. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ 2019 ൽ ധനകാര്യ സഹമന്ത്രിയായി. മാസങ്ങൾക്കകം 2020 ഫെബ്രുവരിയിൽ 39-ാം വയസ്സിൽ ധനമന്ത്രിയും. ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ ധനമന്ത്രിയാണ്. 

rishi-family
ഭാര്യ അക്ഷത മൂർത്തി, മക്കൾ കൃഷ്ണ, അനുഷ്ക എന്നിവർക്കൊപ്പം ഋഷി സുനക്

മുന്നിൽ ദുർഘടപാത

രണ്ടു മാസത്തിനിടെ ബ്രിട്ടന്റെ  മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്. സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പലക കണ്ടുനിൽക്കുന്ന രാജ്യത്തെയാണ് അദ്ദേഹത്തിനു നയിക്കേണ്ടത്. താറുമാറായ സമ്പദ്‍വ്യവസ്ഥയ്‌ക്കൊപ്പം ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ അന്തഃഛിദ്രങ്ങൾ കൂടി നേരിടണം. നേതാവു മാറിയാൽ പോരാ, ഇടക്കാല തിരഞ്ഞെടുപ്പാണു വേണ്ടതെന്ന മുറവിളിയുമായി ലേബർ പാർട്ടിയും രംഗത്തുണ്ട്. 

2019 ൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയപ്പോൾ വാഗ്ദാനം ചെയ്ത നയങ്ങളിൽനിന്നു വഴിമാറി നടന്നാൽ സുനകിനു പിടിച്ചുനിൽക്കാനാവില്ല. സുനക് സ്ഥാനമേറ്റതോടെ ബ്രിട്ടിഷ് വിപണിയും സാമ്പത്തിക രംഗവും ഉഷാറായിട്ടുണ്ടെന്നാണു സൂചന. എന്നാൽ, സാധാരണക്കാരുടെ ജീവിതം വലിയ കഷ്ടപ്പാടിലായ സാഹചര്യത്തിൽ പൊടിക്കൈകൾ കൊണ്ടു പിടിച്ചുനിൽക്കാനുമാവില്ല. 2 വർഷം കഴിഞ്ഞാണു പൊതുതിരഞ്ഞെടുപ്പ്. അടുത്ത വർഷത്തോടെ നാണ്യപ്പെരുപ്പം പാരമ്യത്തിലെത്തുമെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞാണ്, നമുക്ക് ഇപ്പോൾ വേണ്ടത് സ്ഥിരതയും ഐക്യവുമാണ് എന്ന് ഋഷി അധികാരമേറ്റ വേളയിൽ വ്യക്തമാക്കിയത്. 

ലിസ് ട്രസ് 45 ദിവസം മാത്രമേ അധികാരത്തിലിരുന്നുള്ളുവെങ്കിലും ആ കാലയളവിലാണ് ബ്രിട്ടിഷ് കറൻസിയായ പൗണ്ടിന്റെ മൂല്യം ഏറ്റവും ഇടിഞ്ഞത്. കഴിഞ്ഞ മാസാവസാനം അവതരിപ്പിച്ച മിനി ബജറ്റിനു പിന്നാലെ വായ്പാ പലിശനിരക്ക് കുത്തനെ ഉയരുകയും റിയൽ എസ്റ്റേറ്റ് ബിസിനസ് തകിടം മറിയുകയും ചെയ്തു. വിപണി തിരിച്ചുപിടിക്കാൻ സുനക് സ്വീകരിക്കുന്ന നടപടികളിൽ ക്ഷേമ പെൻഷൻ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ ചെലവുകളും ഉൾപ്പെടും. ധനമന്ത്രി ജെറമി ഹണ്ട് ഈ മാസാവസാനത്തോടെ പുതിയ ബജറ്റ് അവതരിപ്പിച്ചേക്കും. 

കോവിഡിൽ കയ്യടി 

കോവിഡ് ലോക്ഡൗൺ കാലത്തു നടപ്പാക്കിയ സാമ്പത്തിക ഉത്തേജക നടപടികൾ അദ്ദേഹത്തിനു പ്രശംസ നേടിക്കൊടുത്തു. ലോക്ഡൗണിൽ ജോലി നഷ്ടമായവർക്കുള്ള പ്രത്യേക ധനസഹായപദ്ധതി വിജയകരമായി നടപ്പാക്കി. 2020 ഓഗസ്റ്റിൽ റസ്റ്ററന്റുകൾക്ക് ഊർജം നൽകാൻ നടപ്പാക്കിയ ‘ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട്’ പദ്ധതിയും ശ്രദ്ധേയമായി. 

ഇൻഫോസിസ് സ്ഥാപകനും ശതകോടീശ്വരനുമായ നാരായണമൂർത്തിയുടെ മകൾ അക്ഷതമൂർത്തിയാണു ഭാര്യ. എംബിഎക്കു സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോളാണ് അക്ഷതയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഭാര്യയ്ക്കും ഭർത്താവിനുമായി ആകെ സമ്പാദ്യം 6911 കോടി രൂപ. ബ്രിട്ടന്റെ പ്രധാനമന്ത്രിമാരിൽ ഏറ്റവും ധനികനും സുനകാണ്. 

ഇന്ധനവിലക്കയറ്റം മൂലം ദുരിതത്തിലായ സാധാരണക്കാർക്ക് ആശ്വാസമേകുന്ന നടപടി ഉടൻ ഉണ്ടാകുന്നില്ലെങ്കിൽ, അതിസമ്പന്നനായ പ്രധാനമന്ത്രിക്കു സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാവില്ലെന്ന വിമർശനമാവും ആദ്യം ഉയരുന്നത്. പ്രധാനമന്ത്രി സമ്പന്നനാണെന്ന വസ്തുത സാമ്പത്തികത്തകർച്ചയുടെ കാലത്തു തിരിച്ചടിയാകുമെന്നും സുനകിന് അറിയാം.വിദേശത്തുള്ള നിക്ഷേപങ്ങൾക്ക് അക്ഷത ബ്രിട്ടനിൽ നികുതി കൊടുക്കാറില്ലായിരുന്നുവെന്ന വെളിപ്പെടുത്തൽ സുനകിനെ വിവാദത്തിലാക്കിയിരുന്നു. തന്നെ പ്രശ്‌നത്തിലാക്കാൻ ഭാര്യയെ ചെളിവാരിയെറിയുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചതെങ്കിലും ബ്രിട്ടനിൽ അധിക നികുതി നൽകാമെന്നു പിന്നീട് അക്ഷത സമ്മതിച്ചു. 

അതുപോലെ സുനക് യുഎസ് ഗ്രീൻകാർഡ് കൈവശംവച്ചതു കണ്ടെത്തിയതും വിവാദമായി. യുകെയിൽ ധനമന്ത്രിയായിരിക്കുമ്പോഴും വേണമെങ്കിൽ യുഎസിൽ സ്ഥിര താമസാനുമതി നൽകുന്നതായിരുന്നു ഗ്രീൻകാർഡ്. വിവാദമായതോടെ അദ്ദേഹം ഗ്രീൻകാർഡ് ഉപേക്ഷിച്ചു.

 

English Summary: Rishi Sunak and India Britain relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com